മഞ്ജു വാര്യര്‍ വോട്ടുചെയ്യാന്‍ എത്തിയത് തിരിച്ചറിയല്‍ കാര്‍ഡില്ലാതെ; തിരികെ പോയ താരം കാര്‍ഡുമായെത്തി വോട്ടുചെയ്തു; ടൊവിനോ എത്തിയത് അച്ഛനൊപ്പം

 


തൃശൂര്‍/കൊച്ചി: (www.kvartha.com 10.12.2020) തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടി മഞ്ജു വാര്യര്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറന്നു. തൃശൂര്‍ പുള്ള് എ എല്‍ പി സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെ അമ്മയ്‌ക്കൊപ്പം എത്തി ബൂത്തിലേക്ക് കയറാന്‍ ഒരുങ്ങവെയാണ് കാര്‍ഡ് എടുത്തില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മഞ്ജു മടങ്ങിപ്പോയി കാര്‍ഡ് എടുത്ത ശേഷം വോട്ട് ചെയ്യുകയായിരുന്നു.

സിനിമാ താരവും മുന്‍ എം പിയുമായ ഇന്നസെന്റ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രീയം പറഞ്ഞും പറയാതെയും തെരഞ്ഞെടുപ്പ് ആഘോഷമാക്കിയാണ് താരങ്ങള്‍ എത്തിയത്. ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണെന്ന് നടന്‍ ഇന്നസെന്റ് അഭിപ്രായപ്പെട്ടു. നിലവിലെ വിവാദങ്ങളൊന്നും ഇടതുമുന്നണിയെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  മഞ്ജു വാര്യര്‍ വോട്ടുചെയ്യാന്‍ എത്തിയത് തിരിച്ചറിയല്‍ കാര്‍ഡില്ലാതെ; തിരികെ പോയ താരം കാര്‍ഡുമായെത്തി വോട്ടുചെയ്തു; ടൊവിനോ എത്തിയത് അച്ഛനൊപ്പം
അതേസമയം, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല. പനമ്പിള്ളി നഗര്‍ സ്‌കൂളിലാണ് മമ്മൂട്ടി സാധാരണ വോട്ട് ചെയ്യാറുള്ളത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതോടെ മമ്മൂട്ടിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പുതിയ വാര്‍ഡില്‍ പേര് ചേര്‍ത്തതുമില്ല. കഴിഞ്ഞദിവസം വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് പട്ടികയില്‍ പേരില്ല എന്ന വിവരം അറിഞ്ഞത്.

ഭാര്യ സുല്‍ഫത്തും ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും മകള്‍ മറിയവും ഇവിടെയാണ് ഇപ്പോള്‍ താമസം. ചെന്നൈയില്‍ ആയതിനാല്‍ മകനും നടനുമായ ദുല്‍ഖറും വോട്ട് ചെയ്തില്ല. എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസിനും പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാനായില്ല.

കൂത്താട്ടുകുളത്തെ 'കള' സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ടൊവീനോ തോമസ് വോട്ട് ചെയ്യാനെത്തിയത്. ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയാണ് ടൊവിനോ വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്യൂവില്‍ നിന്നാണ് അദ്ദേഹം വോട്ട് കുത്തിയത്. പിതാവ് തോമസും ടൊവിനോയ്ക്കൊപ്പം ഉണ്ടായിരുന്നു.

രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജനങ്ങള്‍ക്ക് ആകില്ലെന്നതിന്റെ തെളിവാണ് വോട്ടെടുപ്പിലെ ജനപങ്കാളിത്തമെന്ന് രണ്‍ജി പണിക്കര്‍ അഭിപ്രായപ്പെട്ടു. കാര്യംപറ വാര്‍ഡ് പത്തൊന്‍പതിലായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്റെ വോട്ട്.

ഹൈബി ഈഡന്‍ എം പി കുടുംബസമേതം എറണാകുളം മാമംഗലം എസ് എന്‍ ഡി പി ഹാളില്‍ രാവിലെ 7.30 ന് വോട്ട് ചെയ്തു. സി പി എം സെക്രട്ടറി എ വിജയരാഘവന്‍, മന്ത്രിമാരായ സി രവീന്ദ്രനാഥ്, വി എസ് സുനില്‍ കുമാര്‍ എന്നിവരും രാവിലെ വോട്ട് ചെയ്തു. എ വിജയരാഘവനും മന്ത്രി രവീന്ദ്രനാഥും തൃശൂര്‍ കേരളവര്‍മ കോളജില്‍ വോട്ട് രേഖപ്പെടുത്തി. മന്ത്രി വി എസ് സുനില്‍കുമാര്‍ അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലെ മുറ്റിച്ചൂര്‍ എല്‍ പി സ്‌കൂളില്‍ വോട്ട് ചെയ്തു. കോവിഡ് ബാധിതരായ മുന്‍കേന്ദ്രമന്ത്രി കെ വി തോമസും ബെന്നി ബഹനാന്‍ എംപിയും തപാല്‍ വോട്ട് കഴിഞ്ഞ ദിവസം ചെയ്തിരുന്നു.

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ എസ് രാധാകൃഷ്ണന്‍ ചിറ്റൂര്‍ അനന്തമാര്‍ഗ് ഹൈസ്‌കൂളിലും ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്‍ പറവൂര്‍ മന്നം പാറപ്പുറം മദ്രസയിലും വോട്ട് ചെയ്തു. സി പി എം സംസ്ഥാന നേതാവ് പി രാജീവ് കളമശേരി സെന്റ് പോള്‍സ് കോളജില്‍ വോട്ട് ചെയ്തു.

എറണാകുളം സെന്റ് മേരീസ് സ്‌കൂളിലാണ് ക്രൈസ്തസഭാ തലവന്മാര്‍ വോട്ട് ചെയ്തത്. സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍, വരാപ്പുഴ അതിരൂപതാ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവര്‍ സെന്റ് മേരീസില്‍ വോട്ട് ചെയ്തു. 

മഞ്ജു വാര്യര്‍ വോട്ടുചെയ്യാന്‍ എത്തിയത് തിരിച്ചറിയല്‍ കാര്‍ഡില്ലാതെ; തിരികെ പോയ താരം കാര്‍ഡുമായെത്തി വോട്ടുചെയ്തു; ടൊവിനോ എത്തിയത് അച്ഛനൊപ്പം

Keywords:  Manju Warrier goes to the polls without an identity card; Returning actress came with the card and voted, Thrissur, News, Election, Voters, Manju Warrier, Mammootty, Actress, Cinema, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia