Sangham | കുട്ടപ്പായിയെയും 'സംഘ'ത്തയും നിങ്ങൾ മറന്നോ? അവർ വന്നിട്ട് 36 വർഷം!

 
36 years of Sangham Movie


ജോഷി - ഡെന്നീസ് ജോസഫ് - മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 

കെ ആർ ജോസഫ് 

(KVARTHA) കെ രാജഗോപാലിന്റെ കെആർജി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച  മമ്മൂട്ടി നായകനായി എത്തിയ സംഘം എന്ന സിനിമ റിലീസ് ആയിട്ട് 36 വർഷങ്ങൾ പിന്നിടുകയാണ്. മമ്മൂട്ടി ഇതിൽ കുട്ടപ്പായി എന്ന കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വിവാഹിതനെങ്കിലും  യാതൊരു ഉത്തരവാദിത്തവുമില്ലാതെ കോളേജ് വിദ്യാർത്ഥികൾക്കൊപ്പം അടിച്ചു പൊളിച്ചു നടക്കുന്ന സമ്പന്നനും മധ്യവയസ്കനുമായ ഇല്ലിക്കൽ റപ്പായി മകൻ കുട്ടപ്പായി എന്ന ഫ്രാൻസിസിന്റെയും സംഘത്തിന്റെയും ജീവിതം അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളെത്തുടർന്ന് നേരിടുന്ന വഴിത്തിരിവുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

ഇല്ലിക്കൽ കുട്ടപ്പായിയായി മെഗാ സ്റ്റാർ മമ്മൂട്ടിയും, പുള്ളിയുടെ സംഘാംഗങ്ങളായ രാജു, പാലുണ്ണി, അനിൽ, അലക്സ് എന്നിവരായി യഥാക്രമം മുകേഷ്, ജഗദീഷ്, ഗണേശൻ, അപ്പാഹാജ എന്നിവരും വേഷമിടുന്നു. ഇല്ലിക്കൽ റപ്പായിയായി തിലകനും കുട്ടപ്പായിയുടെ ഭാര്യ മോളിക്കുട്ടിയായി സീമയും, കഥയുടെ വഴിത്തിരിവിലെ രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളായ അമ്മിണി, അശ്വതി എന്നിവരെ യഥാക്രമം സരിതയും പാർവതിയും അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ പ്രതാപ് ചന്ദ്രന്റെ പണിക്കർ, ബാലൻ കെ നായരുടെ മത്തായി, ശ്രീരാമന്റെ റോയ്, വിനു ചക്രവർത്തിയുടെ തേവർ, പി സി ജോർജിന്റെ പ്രായിക്കര അപ്പ എന്നീ കഥാപാത്രങ്ങളും സിനിമയിൽ നിർണായക വേഷങ്ങളാണ്. 

malayalam movie sangham

ജോഷി - ഡെന്നീസ് ജോസഫ് - മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു സംഘം. 36 വയസിൽ 45കാരനായി അഭിനയിക്കാൻ അന്ന് മമ്മൂട്ടി മടി കാണിച്ചില്ല. കൂടാതെ അന്നത്തെ തിരക്കേറിയ നായികയായി പാർവതിയുടെ അച്ഛൻ വേഷത്തിൽ അഭിനയിക്കാനും മമ്മൂട്ടി തയ്യാറായി. ഈ സിനിമയ്ക്ക് ഒരു മാസം മുമ്പ് റിലീസായ ഐ വി ശശി - ടി ദാമോദരൻ കൂട്ടുകെട്ടിന്റെ അബ്കാരിയിൽ പാർവതി, മമ്മൂട്ടിയുടെ നായികയായിരുന്നു എന്നത് രസകരമായ ഒരു വസ്തുതയാണ്. കോട്ടയം കുഞ്ഞച്ചനോളം അക്കാലത്ത് സംഘം ആഘോഷിക്കപ്പെട്ടില്ല എന്നതാണ് സത്യം. 

പുതിയ തലമുറ മെമെകളിലൂടെ സംഘത്തിലെ പണിക്കരുടെ റോൾ ചെയ്ത പ്രതാപചന്ദ്രൻ്റെ 'കേട്ടോടാ രാവുണ്ണി' എന്ന പ്രയോഗം ഏറ്റെടുക്കുകയും ചെയ്തു. ജോഷി - ഡെന്നീസ് ജോസഫ് - മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സിനിമയായിരുന്നു ന്യൂഡൽഹി. ഇതിന്റെ ചരിത്ര വിജയത്തിന് ശേഷം ഇതേ ടീമിന്റെ ദിനരാത്രങ്ങൾ അപ്രതീക്ഷിതമായി പരാജയപ്പെടുകയായിരുന്നു. തുടർന്ന് വന്ന സംഘത്തിന്റെ വിജയം ആ ടീമിന്റെ വ്യാപാര മൂല്യത്തെ തിരിച്ചു പിടിക്കുകയായിരുന്നുവെന്ന് വേണം പറയാൻ. ദിനരാത്രങ്ങളുടെ അപ്രതീക്ഷിത പരാജയം തിരക്കഥാകാരൻ ഡെന്നീസ് ജോസഫിനെ വല്ലാതെ ഉലച്ചിരുന്നു. അതിനാൽ അടുത്ത ചിത്രം ഒരു ഹിറ്റായിരിക്കണമെന്ന ദൃഢനിശ്ചയത്താലാണ് അദ്ദേഹം സംഘത്തിന്റെ രചനയിലേക്ക് കടക്കുന്നത്. 

ആദ്യ പകുതിയിലെ രസകരമായ സംഭവങ്ങൾ രണ്ടാം പകുതിയിലെ അപ്രതീക്ഷിത ട്വിസ്റ്റിലൂടെ കഥാന്തരീക്ഷം സംഭവ ബഹുലവും സംഘർഷഭരിതവും ആയിത്തീരുന്നു. സത്യത്തിൽ ആദ്യ പകുതിയിലെ രസച്ചരട് രണ്ടാം പകുതിയിൽ നഷ്ടപ്പെടാൻ കാരണം ജോഷിയുടെയും ഡെന്നീസ് ജോസഫിന്റെയും ആത്മവിശ്വാസക്കുറവായിരുന്നു. കാരണം ഇരുവരുമൊരുമിച്ച മുൻകാല ചിത്രങ്ങളിലൊന്നിലും നർമ പശ്ചാത്തലം തീർത്തും ഇല്ലായിരുന്നു. അത് കൊണ്ട് തങ്ങളിൽ നിന്നാരും ഒരു തമാശപ്പടം പ്രതീക്ഷിക്കില്ലെന്ന മുൻ വിധിയാൽ ചിത്രത്തിന്റെ രണ്ടാം പകുതി തികച്ചും ഗൗരവ സ്വഭാവത്തിലാക്കി. 

ഈ അപ്രതീക്ഷിത ട്വിസ്റ്റ് ചിത്രത്തിന്റെ വിജയത്തെ പ്രതികൂലമായി ബാധിച്ചതായും മെഗാ ഹിറ്റാകേണ്ട സംഘം സൂപ്പർ ഹിറ്റിലൊതുങ്ങി എന്നും ഡെന്നീസ് പിന്നിട് വെളിപ്പെടുത്തുകയുണ്ടായി. അതായിരിക്കാം കോട്ടയം കുഞ്ഞച്ചനോളം ഈ സിനിമ ആഘോഷിക്കപ്പെടാതിരുന്നതും. 80കളിൽ 'മ' പ്രസിദ്ധീകരണങ്ങൾ കൊട്ടിഘോഷിച്ച് ധാരാളം സമൂഹ വിവാഹങ്ങൾ നടത്തിയിട്ടുണ്ട്. അവയിലെ പൊള്ളത്തരങ്ങളെ തുറന്ന് കാട്ടുന്നു എന്നത് ചിത്രത്തിന്റെ അധികമാരും ചർച്ച ചെയ്യാത്ത ഒരു ഭാഗമായി തോന്നിയിട്ടുണ്ട്. 

ചിത്രത്തിന്റെ വിജയം ഇതര ഭാഷകളിൽ പലരെയും റീ മേക്ക് ചെയ്യാൻ പ്രേരിപ്പിച്ചു. ആദ്യ ഭാഗത്തെ രസച്ചരട് മുറിയാതെ രണ്ടാം പകുതിയും പുതുക്കിപ്പണിതാൽ തമിഴിൽ റീ മേക്ക് ചെയ്യാൻ സത്യരാജ് തയ്യാറായിരുന്നു. ഡെന്നീസ് ജോസഫിനെ എപ്പോൾ കണ്ടാലും സത്യരാജ് ഇക്കാര്യം ഉന്നയിക്കുമായിരുന്നു. എന്തായാലും സംഘം എന്ന സിനിമ അക്കാലത്തെ പ്രേക്ഷകർ ആസ്വദിച്ച മികച്ച സിനിമ തന്നെ ആയിരുന്നു. മമ്മൂട്ടിയെ എന്ന നടനെ കോട്ടയം കുഞ്ഞച്ചനെന്നപോലെ ശ്രദ്ധേയനാക്കിയ കഥാപാത്രമായിരുന്നു ഈ സിനിമയിലെ കുട്ടപ്പായിയും. മമ്മൂട്ടിക്ക് ഒരു പക്ഷേ മറക്കാൻ സാധിക്കാത്ത ഒരു സിനിമ കൂടിയാകും സംഘം.

sp ജോഷി - ഡെന്നീസ് ജോസഫ് - മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ്

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia