124(A): പുതിയ സിനിമ പ്രഖ്യാപിച്ച് ആഇശ സുൽത്വാന; പോസ്റ്റെര്‍ പുറത്തുവിട്ട് ലാല്‍ ജോസ്
Dec 2, 2021, 16:14 IST
കൊച്ചി: (www.kvartha.com 02.12.2021) തന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കേസില്‍ ചോദ്യം ചെയ്യപ്പെട്ട ആഇശ സുൽത്വാന. 124(A) എന്നാണ് ചിത്രത്തിന്റെ പേര്. 'ആഇശ സുൽത്വാന ഫിലിംസ്' എന്ന ബാനറില്‍ ആഇശ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
ഒരു പത്രത്തിന്റെ മാതൃകയിലാണ് ടൈറ്റില്‍ പോസ്റ്റെര്‍ ചെയ്തിരിക്കുന്നത്. ലക്ഷദ്വീപ് സംവിധായികക്കെതിരെ രാജ്യദ്രോഹകുറ്റം, സേവ് ലക്ഷദ്വീപ് എന്നിങ്ങനെ രണ്ട് വാര്‍ത്തകളാണ് പോസ്റ്റെറില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം, സംഗീതം-വില്യം ഫ്രാന്‍സിസ്. ചിത്രത്തിന്റെ പോസ്റ്റെര്‍ ലാല്‍ ജോസ് പുറത്ത് വിട്ടു.
ആഇശ സുൽത്വാനയുടെ വാക്കുകള്‍:
ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാല്‍ എല്ലാ വര്‍ഷവും പോലെയല്ല എനിക്കീ വര്‍ഷം. ഞാനിന്ന് ഓര്‍ത്തെടുക്കുവാണ് എന്റെ ആ പഴയ കാലം, ഓര്‍മ്മവച്ച നാള്‍ മുതല്‍ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്‌കൂള്‍ യുനിഫോം ധരിച്ചു സ്‌കൂള്‍ മൈതാനത്തു ദേശിയ പതാക ഉയര്‍ത്തുമ്പോള്‍ അഭിമാനത്തോടെ സല്യൂട് അടിക്കുന്ന എന്നെ, 'ഇന്‍ഡ്യ എന്റെ രാജ്യമാണ്, ഓരോ ഇന്‍ഡ്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്ന് എല്ലാ ദിവസവും സ്‌കൂള്‍ അസംബ്ലിയില്‍ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകള്‍ വേണമെന്ന തീരുമാനത്തില്‍ +2 ഹ്യുമാനിറ്റിസ് ഗ്രൂപ് തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തേയ്ക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കില്‍പെട്ട് സിനിമ ഫീല്‍ഡില്‍ എത്തുകയും അവിടുന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോള്‍ ഞാന്‍ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളര്‍ത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപടയില്‍ എഴുതിയ സ്‌ക്രിപ്റ്റ് പോലും ഇന്‍ഡ്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു...
ആ ഞാനിന്നു ഈ വര്‍ഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ലാ ചിലര്‍ എന്നെ മാറ്റിയിരിക്കുന്നു... ഈ പിറന്നാള്‍ ദിവസം ഈ വര്‍ഷം ഞാനൊരു രാജ്യദ്രോഹി എന്റെ നേരാണ് എന്റെ തൊഴില്‍, വരും തലമുറയിലെ ഒരാള്‍ക്കും ഞാന്‍ അനുഭവിച്ചപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ നിങ്ങളാ സത്യം അറിയണം...
ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാള്‍ ദിവസം 124(A) എന്ന എന്റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റില്‍ പോസ്റ്റെര്‍ എന്റെ ഗുരുനാഥന്‍ ലാല്‍ജോസ് സാര്‍ റിലീസ് ചെയ്യുന്നു... ഇതെന്റെ കഥയാണോ? അല്ലാ... പിന്നെ... ഇന്‍ഡ്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേര്‍ക്കുന്ന നമ്മള്‍ ഓരോരുത്തരുടെയും കഥയാണ് We fall only to rise again...
Keywords: News, Kerala, State, Kochi, Cinema, Entertainment, Facebook Post, Facebook, Malayalam film director Aisha Sultana announce her new movie
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.