Cinema | മലയാള സിനിമയിലെ സർവകലാവല്ലഭ വിട പറഞ്ഞിട്ട് 12 വർഷം; അതിരുകളില്ലാത്ത നടനവൈഭവ സൗകുമാര്യവുമായി സുകുമാരി


● 2500 ലധികം സിനിമകളിൽ അഭിനയിച്ചു.
● വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി
● 60 വർഷത്തിലേറെ സിനിമയിൽ സജീവമായിരുന്നു.
● നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചു.
(KVARTH) ഏതു വേഷങ്ങളും തന്‍മയത്വത്തോടെ കൈക്കാര്യം ചെയ്യാന്‍ കഴിയുന്ന അപൂര്‍വ പ്രതിഭകളിലൊരാളായിരുന്നു സുകുമാരി. ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് പ്രത്യേകിച്ച് മലയാള, തമിഴ് സിനിമ ലോകത്ത് അഭിനയത്തിന്റെ സൗകുമാര്യത കൊണ്ട് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ നടി സുകുമാരി വിട വാങ്ങിയിട്ട് മാർച്ച് 25ന് 12 വര്‍ഷം തികയുന്നു. 2500ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അവര്‍ പ്രധാനമായും മലയാളം, തമിഴ് ഭാഷകളില്‍ ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്. തമിഴ് സിനിമ താരമായിരുന്ന മനോരമ മാത്രമാണ് ഇക്കാര്യത്തില്‍ സുകുമാരിയോട് മത്സരിക്കാന്‍ പറ്റുന്ന ഏക താരം.
രണ്ടുപേരുടെയും വ്യക്തമായ കണക്കുകള്‍ അറിയാത്തതിനാല്‍ ആരാണ് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത് എന്ന് ഇപ്പോഴും അവ്യക്തമാണ്. സുകുമാരിയെന്ന അഭിനേതാവിനെ ഒറ്റവാക്കില്‍ വിലയിരുത്തുമ്പോള്‍ ആരുടെ മനസ്സിലും കടന്നു വരിക പ്രശസ്ത സംവിധായകന്‍ ജെസി വിശേഷിപ്പിച്ച വിശേഷണമാണ്. മലയാള സിനിമയിലെ പെരുന്തച്ചി. പെരുന്തച്ചന്‍ എന്നത് ധാരാളം കേട്ടിട്ടുണ്ടെങ്കിലും പെരുന്തച്ചി എന്ന വാക്ക് ആദ്യമായി അവതരിപ്പിച്ചതാണെങ്കിലും ആ വാക്കില്‍ തന്നെ സുകുമാരി എന്ന നടിയുടെ ഓള്‍ റൗണ്ട് കഴിവും അഭിനയ മികവും വളരെ സ്പഷ്ടമാണ്.
സ്‌നേഹം തുളുമ്പുന്ന അമ്മയായും, കുനിഷ്ടിന്റെ മൂര്‍ത്തി രൂപമായ അമ്മായിയമ്മയായും, പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ താരമായും ഏത് വേഷങ്ങളിലും അഭിനയ സിദ്ധിയുടെ മൂര്‍ത്തിമദ് രൂപമായിരുന്നു അവര്‍. പ്രിയദര്‍ശന്റെ ബോയിങ് ബോയിങ് എന്ന ചിത്രത്തില്‍ ഡിക്കമ്മായി എന്നൊരു കഥാപാത്രം, മദാമ്മമാരെ പോലെ വേഷം ധരിച്ച് വളരെ സ്‌റ്റൈലായി സംസാരിക്കുകയും നൃത്തം വയ്ക്കുകയും ചലനങ്ങളില്‍ പോലും പ്രത്യേക റിഥം സൂക്ഷിക്കുകയും ചെയ്യുന്ന കഥാപാത്രം മലയാള സിനിമയില്‍ വേറെ ഏതെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന കാര്യം സംശയമാണ്. കാര്യം നിസ്സാരം എന്ന സിനിമയില്‍ കെ പി ഉമ്മറിന്റെ ഭാര്യ വേഷം തികച്ചും വ്യത്യസ്തമായ മറ്റൊന്നായിരുന്നു. പതിവ് വേഷങ്ങളില്‍ നിന്നും വേറിട്ടഭിനയിച്ച് ആസ്വാദകരെ ഞെട്ടിച്ച കഥാപാത്രമായിരുന്നു അത്.
പൂച്ചക്ക് ഒരു മൂക്കുത്തിയിലെ പൊങ്ങച്ചക്കാരി, നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ സെക്രട്ടറി, തേന്മാവിന്‍ കൊമ്പത്തിലെ ഗിഞ്ചിമൂട് ഗാന്ധാരി എല്ലാം അഭിനയത്തിന്റെ വ്യത്യസ്ത അനുഭവ ചിത്രങ്ങള്‍ ആയിരുന്നു. പത്താമത്തെ വയസ് മുതല്‍ സുകുമാരി സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ അവര്‍ ചലച്ചിത്ര രംഗത്ത്, 60 വര്‍ഷത്തിലേറെ അഭിനയിച്ച അപൂര്‍വ്വം ചില അഭിനേത്രികളില്‍ ഒരാളായിരുന്നു. 1940 ഒക്ടോബര്‍ ആറിന് തമിഴ് നാട് സംസ്ഥാനത്തിലെ നാഗര്‍കോവിലിലാണ് സുകുമാരി ജനിച്ചത്. തിരുവിതാംകൂര്‍ സഹോദരിമാരെന്ന് ഖ്യാതി നേടിയ ലളിത, പദ്മിനി , രാഗിണിമാരുടെ അടുത്ത ബന്ധുവായിരുന്നു.
ഏഴാം വയസ് മുതല്‍ നൃത്ത രംഗത്ത് സജീവമായി. നൃത്തവേദികളിലെ പ്രകടനം കണ്ടാണ് സംവിധായകന്‍ പി നീലകണ്ഠന്‍ ഒരറിവ് എന്ന തന്റെ തമിഴ് ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ മുതിര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് സുകുമാരി ശ്രദ്ധ നേടിയത്. തമിഴിലും തെലുങ്കിലും അന്നത്തെ പ്രഗല്‍ഭരോടൊപ്പം അഭിനയിച്ചു. 1957 ല്‍ ആറു ഭാഷകളില്‍ പുറത്തിറങ്ങിയ തസ്‌കര വീരനിലാണ് സുകുമാരി ആദ്യമായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതേ വര്‍ഷം തന്നെ മലയാള സിനിമയായ കൂടപിറപ്പിലും അഭിനയിച്ചു.
ചലച്ചിത്രങ്ങള്‍ കൂടാതെ നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയില്‍ നിന്ന് പത്മശ്രീ പുരസ്‌കാരവും ഒട്ടേറെ സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2013 ഫെബ്രുവരി 27ന് ചെന്നൈയിലെ സ്വവസതിയില്‍ വച്ചു വിളക്ക് കൊളുത്താന്‍ ശ്രമിക്കുമ്പോള്‍ അബദ്ധത്തില്‍ വസ്ത്രത്തില്‍ തീ പടര്‍ന്ന് ഉണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളികളുടെ സുകുമാരിയമ്മ 2013 മാര്‍ച്ചില്‍ തന്റെ എഴുപത്തിരണ്ടാമത്തെ വയസില്‍ ഈലോകത്തോട് വിടപറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Malayalam cinema's all-rounder Sukumari remembered 12 years after her demise, made an indelible mark in over 2500 films.
#Sukumari #MalayalamCinema #Tribute #CinemaLegend #ActingLegend #SukumariLegacy