നടിയെ ആക്രമിച്ച കേസ്: നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി തള്ളി
Feb 25, 2021, 12:23 IST
കൊച്ചി: (www.kvartha.com 25.02.2021) നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി തള്ളി. ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാതെ പ്രധാന സാക്ഷികളായ വിപിന്‍ലാല്‍, ജിന്‍സണ്‍ എന്നിവരെ ഭീഷണിപ്പെടുത്തി അനുകൂല മൊഴിക്കു ശ്രമിച്ചു എന്നു ചൂണ്ടിക്കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
സിനിമാ മേഖലയില്‍ നിന്നടക്കമുള്ള സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 2020 ഒക്ടോബറില്‍ മൊഴിമാറ്റാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഇതു സംബന്ധിച്ച് പരാതി ഉയര്‍ത്തിയത്. മൊഴിമാറ്റാന്‍ ശ്രമമുണ്ടായെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവു ലഭിച്ചില്ലെന്നുമായിരുന്നു ദിലീപിന്റെ വാദം. ഇത് പരിഗണിച്ചാണ് ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന വിചാരണ കോടതി ഉത്തരവ്.
മാപ്പുസാക്ഷിയാക്കിയ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രടറി കോട്ടാത്തല പ്രദീപ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദിലീപിനു വേണ്ടി ഇയാള്‍ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കേസില്‍ നേരത്തെ വാദം കേള്‍ക്കലും വിചാരണയും പൂര്‍ത്തിയായെങ്കിലും കോടതി ഓഫിസ് സ്റ്റാഫില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിധി പ്രഖ്യാപിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ നേരത്തെ ഹൈകോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് അടക്കമുള്ള കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. ഈ വ്യവസ്ഥ ദിലീപ് ലംഘിച്ചെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി സമര്‍പിച്ചത്. എന്നാല്‍ വിചാരണ കോടതിയില്‍ പ്രോസിക്യൂഷന് തിരിച്ചടി നേരിടുകയായിരുന്നു. അതേസമയം, ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി തള്ളിയതോടെ പ്രോസിക്യൂഷന് ഇനി ഹൈകോടതിയെ സമീപിക്കാം.
Keywords: Malayalam Actress Attack Case - Trial court rejects prosecution plea to cancel actor Dileep's bail, Kochi, News, Attack, Cinema, Actress, Dileep, Bail, High Court of Kerala, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.