SWISS-TOWER 24/07/2023

നടന്‍ രതീഷിന്റെ മകള്‍ വിവാഹിതയായി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 26.04.2016) അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പത്മ വിവാഹിതയായി. ഇടപ്പള്ളി കണ്ണംത്തോടത്ത് ലെയിന്‍ സാഗറില്‍ ശങ്കര്‍മേനോന്റെ മകനും അബുദാബിയില്‍ ഐടി കമ്പനി ഉദ്യോഗസ്ഥനുമായ സഞ്ജീവ് മേനോന്‍ ആണ് വരന്‍. മലയാള സിനിമയിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

രതീഷിന്റേയും ഭാര്യ ഡയാനയുടേയും അകാലമരണത്തിനു ശേഷം ഇവരുടെ നാലു മക്കളെയും രക്ഷിതാക്കളെപ്പോലെ പരിഗണിച്ച സഹപ്രവര്‍ത്തകര്‍ തന്നെയാണ് വിവാഹ നടത്തിപ്പിനും മുന്നില്‍ നിന്നത്.

എറണാകുളം കരയോഗം ഹാളില്‍ നടന്ന ചടങ്ങില്‍ നിര്‍മ്മാതാവ് ജി.സുരേഷ് കുമാറും ഭാര്യയും നടിയുമായ മേനകയുമാണ് മാതാപിതാക്കളുടെ സ്ഥാനത്തു നിന്നു വധുവിനെ മണ്ഡപത്തിലേക്ക് കൈപിടിച്ചു നടത്തിയത്. സംവിധായകന്‍ ജോഷി, നടന്‍മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരും കാരണവ സ്ഥാനത്ത് പന്തലില്‍ ഉണ്ടായിരുന്നു.

നടി പാര്‍വതി ജയറാം, രാധിക സുരേഷ് ഗോപി, നടി കീര്‍ത്തി സുരേഷ്, രതീഷിന്റെ മറ്റൊരു മകളായ നടി പാര്‍വതി തുടങ്ങിയവരായിരുന്നു താലമേന്തി വധുവിനെ വരവേറ്റത്. രതീഷിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ചടങ്ങില്‍ ജോഷി വധുവരന്‍മാര്‍ക്കായി പൂമാല കൈമാറിയപ്പോള്‍ മമ്മൂട്ടി മോതിരവും ജയറാം പൂച്ചെണ്ടും നല്‍കി അനുഗ്രഹിച്ചു.

വിവാഹ ശേഷം മേനകയും പാര്‍വതിയും ചേര്‍ന്ന് ഇരുവര്‍ക്കും മധുരം കൈമാറി. സിനിമാ രംഗത്തു നിന്ന് ദിലീപ്, മജ്ഞു വാര്യര്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി. ലളിത, ഷാജി കൈലാസ്, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, മനോജ് കെ. ജയന്‍, ചിപ്പി, ആനി, ക്രിക്കറ്റ് താരവും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ ശ്രീശാന്ത് തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.


Also Read:
മദ്യലഹരിയില്‍ പൊതുജനങ്ങളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍


നടന്‍ രതീഷിന്റെ മകള്‍ വിവാഹിതയായി


Keywords:  Malayalam actor Ratheesh's daughter Padma gets married to Sanjeev in star-studded function , Ernakulam, Kochi, Director, Cinema, Entertainment, Suresh Gopi, Jayaram, Mammootty,Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia