Arrested | സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ നിര്‍മാണം; ഇതുവരെ പകര്‍ത്തിയത് 300ല്‍ അധികം ദൃശ്യങ്ങള്‍; സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍
Sep 11, 2022, 12:05 IST
സേലം: (www.kvartha.com) സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ നിര്‍മിച്ചെന്ന പരാതിയില്‍ സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം.
300ല്‍ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിലാണ് സംവിധായകന്‍ അറസ്റ്റിലാകുന്നത്. ഇവരുടെ ചതിയില്‍പെട്ട യുവതിയുടെ പരാതിയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇരുവരും അറസ്റ്റിലാകുന്നത്.
സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു ക്യാമറകള്‍ക്കു മുന്നിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ സഹസംവിധായികയുടെ ജോലിയെന്നും പൊലീസ് കണ്ടെത്തി. ഇവരുടെ ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സഹനടിമാരെ ആവശ്യമുണ്ടെന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഇരുമ്പപാളയം സ്വദേശിയായ യുവതി സേലം ട്രാഫിക് സര്‍കിളിലെ സ്റ്റുഡിയോയിലെത്തുന്നത്. പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫിസ് ജോലി നല്‍കാമെന്നു സംവിധായകന്‍ വാഗ്ദാനം നല്‍കി. മൂന്നുമാസം ജോലി ചെയ്‌തെങ്കിലും കൂലി കിട്ടാത്തതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ് ളോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിര്‍മാണമാണു നടക്കുന്നതെന്നു യുവതിക്കു മനസിലായത്.
ഉടന്‍ തന്നെ ഇവര്‍ സൂറമംഗളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌കുകളും ലാപ്‌ടോപും സിനിമാ ചിത്രീകരണത്തിനുള്ള ക്യാമറയും പിടിച്ചെടുത്തു. ഈ ക്യാമറയിലും ഹാര്‍ഡ് ഡിസ്‌കുകളിലുമായാണു 300ല്‍ അധികം സ്ത്രീകളുടെ അശ്ലീല വീഡിയോകളും ഫോടോകളും കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു സിനിമാ സംവിധായകന്‍ സേലം എടപ്പാടി സ്വദേശി വേല്‍സത്തിരന്‍, സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്. ജയജ്യോതിയുടെ മൊഴിയിലാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി വ്യക്തമായത്.
അവസരം തേടിയെത്തുന്ന യുവതികളെ സംവിധായകന്‍ സംസാരത്തിലൂടെ വശത്താക്കും. വേഷങ്ങള്‍ വാഗ്ദാനം നല്‍കി സ്റ്റുഡിയോയിലെത്തിച്ച് കുട്ടിയുടുപ്പ് ഇടീച്ചും കുളിമുറി രംഗങ്ങളും മറ്റും ക്യാമറയില്‍ പകര്‍ത്തും. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കുന്നതു ജയജ്യോതിയായിരുന്നുവെന്നും കണ്ടെത്തി.
ചൂഷണത്തിന് ഇരയായവരെ കണ്ടെത്തി രഹസ്യമൊഴി കോടതി മുന്‍പാകെ രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി. സേലം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Keywords: Making obscene videos using young women; Director and co-director arrested, Chennai, News, Cinema, Women, Cheating, Arrested, National, Director.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.