ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നത് ആധുനിക കേരള സമൂഹത്തോടുള്ള വെല്ലുവിളി; താരസംഘടനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം എ ബേബി

 


തിരുവന്തപുരം: (www.kvartha.com 27.06.2018) നടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഫേസ്ബൂക്കിലൂടെയാണ് എം എ ബേബി അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

ദിലീപിനെ തിരിച്ചെടുക്കുക വഴി അമ്മ ആധുനിക കേരള സമൂഹത്തോട് വെല്ലുവിളി നടത്തുകയാണ് ബേബി പറഞ്ഞു. താരസംഘടന അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് കേരള സമൂഹമാകെ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാജിവെച്ച നടിമാരുടെ അഭിപ്രായം കൂടെ പരിഗണിച്ച് സംഘടന തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നത് ആധുനിക കേരള സമൂഹത്തോടുള്ള വെല്ലുവിളി; താരസംഘടനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം എ ബേബി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കേരളത്തിലെ പുരുഷാധിപത്യബോധം ചിലരുടെ വ്യക്തിപരമായ ഒരു പ്രശ്നമല്ല. നമ്മുടെ സമൂഹത്തെ ആകെ ബാധിക്കുന്ന ഒന്നാണത്. അതിനെ ഉടച്ചു കളഞ്ഞല്ലാതെ നമ്മള്‍ ഒരു ആധുനിക സമൂഹമാവില്ല.

മലയാളിയുടെ പുരുഷാധിപത്യ ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതില്‍ സിനിമ വഹിച്ച പങ്ക് വളരെ കൂടുതലാണ്. പക്ഷേ, ഇന്നത് വെല്ലുവിളിക്കപ്പെടുന്നു. കാഴ്ചക്കാരിലെയും സിനിമയുണ്ടാക്കുന്നവരിലെയും പുതുതലമുറ ഈ പുരുഷാധിപത്യത്തെ സഹിക്കാന്‍ തയ്യാറല്ല. നിര്‍ഭാഗ്യവശാല്‍, നമ്മുടെ സിനിമാ ലോകത്തെ മുതിര്‍ന്ന പൌരര്‍ മാറിയ കാലത്തിന്റെ ഈ ചുവരെഴുത്ത് കാണുന്നില്ല.

ഒരു സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരില്‍ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നില്‍ നില്ക്കുന്ന ഒരു നടനെ അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുതിയ ലോകവീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്ന തലമുറയുടെ നിര്‍ബന്ധത്തെ കൂടെ തുടര്‍ന്നാണിത് സംഭവിച്ചത്. പക്ഷേ, ഇപ്പോള്‍ ഈ നടനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിലൂടെ ആധുനിക കേരള സമൂഹത്തോട് ഒരു വെല്ലുവിളി നടത്തുകയാണ് അഭിനേതാക്കളുടെ ഈ സംഘടന ചെയ്തിരിക്കുന്നത്.

ഇതൊക്കെ ഈ സംഘടനയുടെ ആഭ്യന്തര കാര്യമല്ലേ എന്ന് കരുതുന്നവരുണ്ടാകും. പക്ഷേ, കേരളസമൂഹത്തിന്റെ വലിയ ആദരവ് നേടുന്നവരാണ് ഇതിലെ അംഗങ്ങള്‍. അവരുടെ ഓരോ പ്രവൃത്തിയും സമൂഹത്തെ ആകെ സ്വാധീനിക്കുന്നു. അതിനാല്‍ പൊതുസമൂഹം ഇക്കാര്യത്തില്‍ അഭിപ്രായം പറയുക സ്വാഭാവികമാണ്

അഭിനേതാക്കളുടെ സംഘടനയുടെ ഒരു പരിപാടിയില്‍ സ്ത്രീകളെ ആക്ഷേപിച്ച് നടത്തിയ നാടകം ജീര്‍ണ മാനസികാവസ്ഥയോടെയാണ് എന്നതും പറയാതിരിക്കാനാവില്ല.. മലയാളിയുടെ പൊതുബോധം കഴിഞ്ഞ നൂറ്റാണ്ടിലേതാണെന്ന് ലോകത്തോട് പറയുന്നതായിപ്പോയി ഇത്. വെള്ളിത്തിരയിലെ ആരാധ്യരുടെ ലോകവീക്ഷണം ഇത്തരത്തില്‍ ജീര്‍ണമാണ് എങ്കില്‍ അത് സ്വാധീനിക്കുന്ന മനുഷ്യരുടെ ലോകവീക്ഷണം എന്താകും? സ്ത്രീ വീട്ടുപകരണവും ലൈംഗികവസ്തുവും മാത്രം എന്ന ബോധം സമൂഹത്തില്‍ നിലനില്ക്കാന്‍ ഇതു കാരണമാകും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഈ പൊതുബോധമാണ്.

ഇവയില്‍ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച ഭാവന, രമ്യാ നമ്ബീശന്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ നടപടിക്ക് ജനാധിപത്യ കേരളമാകെ പിന്തുണ നല്കും.. അഭിനേതാക്കളുടെ സംഘടനയും ഇവരുടെ കൂടെ അഭിപ്രായം പരിഗണിച്ച് തങ്ങളുടെ തെറ്റ് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thiruvananthapuram, M.A Baby, Facebook, post, Criticism, Cinema, Dileep, Amma, M ABaby Criticizes AMMA on Dileep issue

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia