Review | ഈ 'ലിറ്റിൽ ഹാർട്ട്‌സ്' ഹൃദയം പിടിച്ചെടുക്കും


ഷെയിൻ നിഗത്തിന് കൊച്ചി റോളുകൾ മാത്രമല്ല ഒരു മലയോര ഗ്രാമത്തെ യുവാവായി മാറാൻ കഴുയുമെന്നും സിനിമ പറഞ്ഞു വെക്കുന്നുണ്ട്
ഏദൻ ജോൺ
(KVARTHA) സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന 'ലിറ്റിൽ ഹാർട്ട്സ്' റിലീസ് ആയിരിക്കുകയാണ്. ഏലം കൃഷിയുടെ മണ്ണിന്റെ മണമുള്ള സ്നേഹിക്കാൻ മാത്രം അറിയുന്ന ആളുകളുടെ കഥ പറയുന്ന ഒരു കൊച്ചു സിനിമയെന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം. സ്ക്രീനിൽ കാണുമ്പോൾ കഥാപാത്രങ്ങളെയൊക്കെ നമുക്ക് പരിചയമുണ്ടല്ലോ എന്ന് തോന്നുന്ന ഒരു നല്ല സിനിമ എന്ന് വേണമെങ്കിൽ പറയാം. അടിപൊളി ഒരു ഫീൽ ഗുഡ് പടമാണ് ലിറ്റിൽ ഹാർട്ട്‌സ്. ഒരു നാട്ടിൻ പുറത്തെ ചുറ്റിപറ്റി ഒരു ഇന്റർനാഷണൽ വിഷയം അവതരിപ്പിക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
മൂന്ന് പ്രണയങ്ങൾ, മൂന്ന് ജീവിതം, ഒറ്റവാക്കിൽ ലിറ്റിൽ ഹാർട്ട്‌സ് എന്ന ചിത്രത്തെ കുറിച്ച് ഇങ്ങനെ പറയാം. ഒരു ചെറിയ കഥ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. സമൂഹത്തിൽ അത്ര സ്വീകാര്യത ലഭിക്കാൻ ഇടയില്ലാത്ത മധ്യവയസ്കരുടെ പ്രണയം, സദാചാരം ഒക്കെ ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അച്ഛൻ്റെയും മകൻ്റെയും പ്രണയമെല്ലാം ഈ സിനിമയിൽ മനോഹരമായി വരച്ചു കാട്ടുന്നു. ഷെയിൻ നിഗം - മഹിമ നമ്പ്യാർ എന്നിവരാണ് ഈ സിനിമയിൽ നായികാ നായകന്മാർ ആയി എത്തുന്നത്. ഷെയിൻ നിഗത്തിന് കൊച്ചി റോളുകൾ മാത്രമല്ല ഒരു മലയോര ഗ്രാമത്തെ യുവാവായി മാറാൻ കഴുയുമെന്നും സിനിമ പറഞ്ഞു വെക്കുന്നുണ്ട്.
ഒരു പക്ഷെ ഷെയിൻ ഇതുവരെ അഭിനയച്ചതിൽ ഏറ്റവും നന്നായി കോമഡി വർക്ക് ഔട്ട് ആയ സിനിമയായിരിക്കും ഇത്. ഡാർക്ക് റോളുകളിൽ നിന്നുമുള്ള ഷെയിൻ നിഗത്തിന്റെ മോചനമാണ് ലിറ്റിൽ ഹാർട്ട്‌സ്. യുവ നടന്മാരിൽ മനോഹരമായി പ്രണയരംഗങ്ങൾ ചെയ്യുന്ന നടനാണ് താനെന്ന് ഷെയിൻ നിഗം ഒരിക്കൽ കൂടി ഈ സിനിമയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇതിൽ അയാൾ അനായാസേന ഹ്യൂമറും കൈകാര്യം ചെയ്യുന്നുണ്ട്. ഷെയിൻ നിഗത്തോടൊപ്പം ഞെട്ടിച്ച മറ്റൊരാൾ നടൻ ബാബു രാജ് ആണ്. അദ്ദേഹത്തിൻ്റെ പ്രകടനവും ഈ സിനിമയിൽ പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്.
ബാബുരാജും മികച്ചൊരു വേഷമാണ് സിനിമയിൽ ചെയ്തിരിക്കുന്നത്. ബാബുരാജിന്റെ റൊമാൻസ് ഒക്കെ നൈസ് ആയിരുന്നു. ഷെയിൻ നിഗവും ബാബു രാജും ചേർന്നുള്ള സിനിമയിലെ പ്രകടനങ്ങൾ തീർച്ചയായും എടുത്തു പറയേണ്ടത് തന്നെയാണ്. അപ്‌ഡേറ്റഡ് ആയ കോമഡി കൗണ്ടറുകൾ ഒക്കെ സിനിമയിൽ മികച്ചു നിൽക്കുന്നുണ്ട് എന്ന് തന്നെ പറയേണ്ടി വരും. ലിറ്റിൽ ഹാർട്സിൽ ആ അച്ഛൻ മകൻ കോമ്പോ വീണ്ടും ആവർത്തിച്ചിരിക്കുന്നു. മൊത്തത്തിൽ ഒരു എന്റർടൈനർ തന്നെയാണ് സിനിമ. പേര് പോലെ തന്നെ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ ഹൃദയം നിറയ്ക്കും ഈ ലിറ്റിൽ ഹാർട്ട്സ്.
മലയോര ഗ്രാമമായ പുഷ്പകണ്ടത്തെ സിബിച്ചനും, ശോശന്നയും, ബേബിയും, ജോൺസണും, പാപ്പനും, ഷാരോണും, അങ്ങനെ ഒരുപിടി കഥാപാത്രങ്ങളും അവരുടെ ജീവിതത്തിലെ വിവിധ സംഭവവികാസങ്ങളും ആദ്യാവസാനം ചിരിയോടു കൂടി പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട് ഈ ചിത്രം. തീർച്ചയായും കുടുംബവുമൊത്ത് ചിരിച്ച് ആസ്വദിച്ചു കാണാൻ കഴിയുന്ന ഒരു ഫൺ എന്റർടൈനർ. ചെറിയ നർമ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന സിനിമ രണ്ടാം പകുതിയിൽ നമ്മളെ നന്നായി ചിരിപ്പിക്കും. പലരും പറയാൻ മടിക്കുന്ന ഒരു വിഷയം കുടുംബ പ്രേക്ഷകരെ ഒട്ടും അലോസരപ്പെടുത്താതെ പറഞ്ഞിട്ടുമുണ്ട്.
രൺജി പണിക്കർ, മാല പാർവതി, ഷൈൻ ടോം തുടങ്ങിയവരും അവരവരുടെ റോളുകൾ മനോഹരമാക്കി. ഷൈൻ ടോം ചാക്കോ ഇതുവരെ ചെയ്യാത്ത ഒരു ടൈപ്പ് റോൾ നന്നായി ചെയ്തിട്ടുണ്ട്. മികച്ച ഒരു അനുഭവം തന്നെയാണ് ഇതിലെ പ്രണയ രംഗങ്ങൾ തരുന്നത്. നല്ല തമാശയും അടിയും ഇടിയും സസ്പെൻസ് ഒളിച്ചു വെച്ച ഒരു ഹൃദയഹാരിയായ പടം, ലിറ്റിൽ ഹാർട്ട്സ് - മധുരമുള്ള കുഞ്ഞു ഹൃദയങ്ങളുടെ കഥ. ഫാമിലി പ്രേക്ഷകർ കയറുകയാണെങ്കിൽ സിനിമക്ക് ലോങ് റൺ കിട്ടും എന്ന് ഉറപ്പാണ്. എല്ലാവർക്കും എന്തായാലും സിനിമ ഇഷ്ടപ്പെടും. ധൈര്യമായി എല്ലാവർക്കും തിയേറ്ററിൽ പോയി സിനിമ കാണാം. ടിക്കെറ്റെടുക്കാം.