Lata Award| പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി

 


മുംബൈ: (www.kvartha.com) പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. ഞായറാഴ്ച മുംബൈയില്‍ നടന്ന 80-ാമത് മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍, രാജ്യത്തിനും സമൂഹത്തിനും വേണ്ടിയുള്ള നിസ്വാര്‍ഥ സേവനത്തിനുള്ള പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡാണ് പ്രധാനമന്ത്രി ഏറ്റുവാങ്ങിയത്.

Lata Award| പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി

ജമ്മു കശ്മീരിലായിരുന്ന മോദി അവിടെ നിന്നുമാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 4.45 ഓടെ അദ്ദേഹം മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിയില്‍ എത്തി.

പുരസ്‌കാരം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സമര്‍പിക്കുന്നതായി അവാര്‍ഡ് ദാന ചടങ്ങിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

സംഗീതത്തിന് മാതൃത്വത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു വികാരം നല്‍കാന്‍ കഴിയും. സംഗീതത്തിന് നിങ്ങളെ ദേശസ്നേഹത്തിന്റെയും കടമയുടെയും കൊടുമുടിയിലെത്തിക്കാന്‍ കഴിയും. സംഗീതത്തിന്റെ ഈ ശക്തിയും ലതാ ദീദിയുടെ രൂപത്തിലുള്ള ഈ ശക്തിയും കാണാന്‍ കഴിഞ്ഞതില്‍ നാമെല്ലാവരും ഭാഗ്യവാന്മാരാണെന്നും മോദി പറഞ്ഞു.

ലതാ ദീദിയെപ്പോലൊരു മൂത്ത സഹോദരിയുടെ പേരിലുള്ള പുരസ്‌കാരം എന്നെ തേടിയെത്തുമ്പോള്‍ അത് അവരുടെ ഒരുമയുടെയും എന്നോടുള്ള സ്നേഹത്തിന്റെയും പ്രതീകമാണ്. അതുകൊണ്ടുതന്നെ എനിക്ക് അവാര്‍ഡ് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. ഈ അവാര്‍ഡ് ഞാന്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സമര്‍പിക്കുന്നുവെന്നും മോദി പറഞ്ഞു.

സംഗീതം പോലൊരു വിഷയത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് പറഞ്ഞ മോദി എന്നാല്‍ സാംസ്‌കാരിക ധാരണയില്‍ നിന്ന്, സംഗീതം ഒരു സാധനയും വികാരവുമാണെന്ന് മനസിലാക്കാം എന്നും അഭിപ്രായപ്പെട്ടു.

സംഗീതത്തിന്റെ ചക്രവര്‍ത്തി എന്നതിലുപരി ലതാ മങ്കേഷ്‌കര്‍ തന്റെ മൂത്ത സഹോദരി കൂടിയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

തലമുറകള്‍ക്ക് സ്നേഹവും വികാരവും സമ്മാനിച്ച ലതാ ദീദിയില്‍ നിന്ന് ഒരു സഹോദരിയുടെ സ്നേഹം ലഭിച്ചതിനേക്കാള്‍ മഹത്തായ ഒരു ഭാഗ്യം മറ്റെന്തുണ്ട് എന്നും അദ്ദേഹം ചോദിച്ചു.

ഫെബ്രുവരി ആറിന് 92 -ാം വയസില്‍ അന്തരിച്ച ലതാ മങ്കേഷ്‌കറിന്റെ സ്മരണയ്ക്കും ബഹുമാനത്തിനും വേണ്ടിയാണ് ലതാ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ഏര്‍പെടുത്തിയത്.

മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ സ്മൃതി പ്രതിഷ്ഠാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍, രാജ്യത്തിനും ജനങ്ങള്‍ക്കും സമൂഹത്തിനും വഴികാട്ടിയും മാതൃകാപരവുമായ സംഭാവനകള്‍ നല്‍കുന്ന ഒരാള്‍ക്ക് മാത്രമേ അവാര്‍ഡ് ഓരോ വര്‍ഷവും നല്‍കൂ എന്ന് അറിയിച്ചിട്ടുണ്ട്.

ആദ്യ അവാര്‍ഡ് നല്‍കുന്ന മോദിയെ പരാമര്‍ശിച്ചുകൊണ്ട് പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെ:

അദ്ദേഹം ഇന്‍ഡ്യയെ ആഗോള നേതൃത്വത്തിന്റെ പാതയില്‍ എത്തിച്ച ഒരു അന്താരാഷ്ട്ര രാഷ്ട്ര തന്ത്രജ്ഞനാണ്. നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രത്തിന്റെ എല്ലാ തലങ്ങളിലും മാനങ്ങളിലും ഉണ്ടായിട്ടുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ അതിശയകരമായ പുരോഗതി അദ്ദേഹത്തില്‍ നിന്ന് നയിക്കപ്പെടുകയും പ്രചോദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ആയിരക്കണക്കിന് വര്‍ഷത്തെ മഹത്തായ ചരിത്രത്തില്‍ നമ്മുടെ മഹത്തായ രാഷ്ട്രം കണ്ട ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.'

ഫെബ്രുവരി ആറിന് വൈകുന്നേരം, ലതാ മങ്കേഷ്‌കറിന്റെ ശവസംസ്‌കാര ചടങ്ങ് നടന്ന മുംബൈയിലെ ശിവാജി പാര്‍കിലെത്തി മോദി ലതാജിക്ക് അന്തിമോപചാരം അര്‍പിച്ചിരുന്നു. ലതാജിയുടെ പാട്ടുകള്‍ പലതരം വികാരങ്ങള്‍ ഉണര്‍ത്തുന്നുവെന്ന് പിന്നീട് മോദി ട്വിറ്ററില്‍ കുറിച്ചു.

ലതാ മങ്കേഷ്‌കര്‍ പതിറ്റാണ്ടുകളായി ഇന്‍ഡ്യന്‍ ചലച്ചിത്ര ലോകത്തെ പരിവര്‍ത്തനങ്ങള്‍ക്ക് വളരെ അടുത്ത് സാക്ഷ്യം വഹിച്ചു. സിനിമകള്‍ക്കപ്പുറം, ഇന്‍ഡ്യയുടെ വളര്‍ച്ചയില്‍ എപ്പോഴും അവര്‍ ആവേശഭരിതയായിരുന്നു. ശക്തവും വികസിതവുമായ ഇന്‍ഡ്യ കാണാന്‍ അവര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും മോദി കുറിച്ചു.

Keywords: PM Modi receives first Lata Deenanath Mangeshkar Award in Mumbai, Mumbai, News, Award, Prime Minister, Narendra Modi, National, Cinema, Singer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia