Kumaraswamy showers praise | ജയ് ഭീമിനേയും ജനഗണ മനയേയും അഭിനന്ദിച്ച് എച് ഡി കുമാരസ്വാമി; 2 ചിത്രങ്ങളും ഹൃദയത്തില്‍ തൊട്ടു എന്നും ട്വീറ്റ്
Jul 19, 2022, 13:13 IST
ബെംഗ്ലൂറു: (www.kvartha.com) ജയ് ഭീമിനേയും ജനഗണ മനയേയും അഭിനന്ദിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഈ രണ്ടു ചിത്രങ്ങളും ഹൃദയത്തില്‍ തൊട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമീപകാലത്ത് കോടതിമുറി പശ്ചാത്തലമായി വന്ന ചിത്രങ്ങളാണ് ഇവ.
കോവിഡ് ബാധിതനായി വീട്ടില്‍ കഴിയവേ കണ്ടതില്‍ ഏറ്റവും മികച്ച രണ്ട് ചിത്രങ്ങളെന്നാണ് ഇവയേക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. ട്വിറ്ററിലൂടെയാണ് കുമാരസ്വാമി ജയ് ഭീമിനേയും ജനഗണമനയേയും പുകഴ്ത്തിയത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ വായിച്ചും സിനിമ കണ്ടുമാണ് താന്‍ സമയം നീക്കിയത്. അങ്ങനെ കണ്ടതാണ് ജയ് ഭീമും ജനഗണ മനയും. രണ്ട് ചിത്രങ്ങളും ഹൃദയത്തില്‍ തൊട്ടു എന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.
വിചാരണത്തടവുകാരെ കുറിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രമണ പറഞ്ഞ കയ്‌പേറിയ സത്യത്തെക്കുറിച്ച് ഇന്‍ഡ്യ ചിന്തിക്കണം. ജയ് ഭീം എന്ന ചിത്രത്തില്‍ വിചാരണത്തടവുകാര്‍ നേരിടുന്ന പരുഷമായ യാഥാര്‍ഥ്യങ്ങള്‍ കാണിക്കുന്നു. ഏറ്റവും മികച്ച നീതിന്യായവ്യവസ്ഥയാണ് ഭരണഘടന നമുക്ക് നല്‍കിയിരിക്കുന്നത്.
ശതകോടീശ്വരന്‍ മുതല്‍ പണമില്ലാത്തവന്‍ വരെ കഷ്ടപ്പെടുമ്പോള്‍ കോടതിയെയാണ് നോക്കുന്നത്. അതെ, അത് നമ്മുടെ അവകാശമാണ്. തമിഴ്‌നാട്ടിലെ കടലൂരില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ജയ് ഭീം മനുഷ്യരാശിയോട് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
ജനഗണമന ഇന്നത്തെ രാഷ്ട്രീയ കാപട്യവും ധൂര്‍ത്തും മനോഹരമായി പകര്‍ത്തുന്നു. രാഷ്ട്രീയ ചുഴലിക്കാറ്റിന്റെ കൈകളില്‍ അകപ്പെട്ട വ്യവസ്ഥിതി എങ്ങനെ നിസ്സഹായമാകുന്നു എന്ന് കാണിക്കുന്നു. നമ്മുടെ സാമൂഹ്യവ്യവസ്ഥിതിക്ക് നേരെ കണ്ണാടി പിടിക്കുന്ന സിനിമകള്‍ ഒരാളെ ദേഷ്യം പിടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. രണ്ട് സിനിമകളുടെയും സംവിധായകര്‍ പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീമില്‍ സൂര്യ, ലിജോ മോള്‍, മണികണ്ഠന്‍, രജിഷ വിജയന്‍, തമിഴ്, പ്രകാശ് രാജ് എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്. ഒ ടി ടി റിലീസായെത്തിയ ചിത്രത്തിന് വന്‍വരവേല്പാണ് ലഭിച്ചത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ നായകന്മാരാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. മികച്ച വിജയം നേടിയ ചിത്രം 2022-ലെ വലിയ വിജയങ്ങളിലൊന്നുകൂടിയായിരുന്നു.
Keywords: Kumaraswamy showers praise on 'Jai Bhim', 'Jana Gana Mana', Bangalore, News, Cinema, Twitter, COVID-19, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.