കെ പ്രദീപ്
(www.kvartha.com 12.12.2020) സിനിമകൊണ്ടും ജീവിതം കൊണ്ടും വിസ്മയിപ്പിച്ചിട്ടുള്ള കൊറിയൻ സംവിധായകനാണ് കിം കി ഡുക്ക്. മനുഷ്യൻ്റെ ഹിംസാത്മകതയിലേക്ക് ക്യാമറ തിരിച്ച് വച്ച ചിത്രങ്ങളാണ് ഇദ്ദേഹത്തിൻ്റേത്. വർഷങ്ങളോളം കാത്തിരുന്ന് കാലചക്രത്തെയും ഋതുക്കളെയും രേഖപ്പെടുത്തിയ അയാൾ, സൃഷ്ടിക്കുന്ന വിസ്മയ പ്രപഞ്ചങ്ങളിൽ പലപ്പോഴും മഞ്ഞ് പ്രതിമകളെപ്പോലെ ഉറഞ്ഞ് പോയിട്ടുള്ള മലയാളി സിനിമാ പ്രേക്ഷകർക്ക് കിം കിമ്മേട്ടനായി മാറി!!
ബുദ്ധ ദർശനങ്ങൾക്ക് മേലുള്ള കലാപരമായ ഒരു ധ്യാനമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് Spring Summer fall, winter... and Spring, ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൺ സമരിറ്റൻ ഗേൾ എന്നിവയൊക്കെ മികച്ചവ തന്നെ. ത്രീ അയൺ, ദ ബോ, ടൈം, ബ്രെത്ത്, ഡ്രീം, പിയാത്ത, മോബിയസ്, ആമേൻ, ദ നെറ്റ്, വൺ ഓൺ വൺ സ്റ്റോപ്പ് എന്നിവയൊക്കെ സമ്മാനിച്ച് നമ്മെ ഞെട്ടിച്ച പ്രിയ കിം, അദ്ദേഹത്തിൻ്റെ സിനിമകളിലെ അപ്രതീക്ഷിത ഞെട്ടിക്കൽ പോലെ നമ്മെ ഞെട്ടിച്ച് കടന്നു കളഞ്ഞിരിക്കുന്നു ഇന്നലെ.
'പിയത്ത' അത് മുതലാളിത്തത്തിന്‍റെ ധനാര്‍ത്തിക്കെതിരെയുള്ള സിനിമയാണെന്ന് അദ്ദേഹം കണിശമായി തന്നെ പറഞ്ഞുവെച്ചു. ഇനി സൗന്ദര്യത്തിനല്ല സത്യത്തിനാണ് തന്‍റെ സിനിമയില്‍ പ്രധാന്യമെന്നും നേര്‍ക്കു നേരെയുള്ള ഏറ്റുമുട്ടലിന്‍റെ ഭാഷയാണ് പ്രിയമെന്നും ആവർത്തിച്ചു. 2013 ല്‍ ഐ എഫ് എഫ് കെ (IFFK) യും വന്നപ്പോള്‍ ആ വര്‍ഷത്തെ അദ്ദേഹത്തിന്‍റെ 'മൊബിയസ്' എന്ന ചിത്രം ഒരു സ്ത്രീദുരന്തം ആവിഷ്ക്കരിക്കാന്‍ ഹിംസാത്മക രതിയുടെ ഹിമാലയത്തിലേക്ക് കാണികളെ കാടു കയറ്റിയത് പലരെയും മടുപ്പിച്ചു. 'ദി നെറ്റും' 'ഹ്യൂമന്‍ സ്പേസ് ആന്‍റ് ടൈമു' മെല്ലാം അദ്ദേഹം തന്നെ ഭാവുകത്തടവിലാക്കിയ കാണികള്‍ തള്ളിപ്പറഞ്ഞു.
സ്വന്തം ചലച്ചിത്രശൈലിയെ തന്നെ തിരുത്തിയും പുതുക്കിയും വഴിമാറി നടന്നു തുടങ്ങിയപ്പോള്‍ കിമ്മിന്‍റെ ആസ്വാദകരും വേറെ വഴി കണ്ടെത്തി തുടങ്ങിയിരുന്നു. കിം സ്വന്തം ചരമഗീതമെഴുതുകയാണെന്ന് പോലും വിമര്‍ശനമുണ്ടായി. ഏഷ്യന്‍-ലാറ്റിനമേരിക്കന്‍-അറബ് സിനിമകളുടെ വേറൊരു ജീവിത ലോകം അപ്പോഴേക്കും കിമിനെ മറികടന്ന് അദ്ദേഹത്തെ മറക്കാന്‍ ശക്തി തരുന്ന സിനിമകൾ കീഴടക്കിയിരുന്നുവെങ്കിലും മലയാള സിനിമാസ്വാദകർ ഇത്രയും ആരാധിച്ച് സ്നേഹിച്ച ഒരു ചലച്ചിത്രകാരൻ സമീപകാലത്തില്ല. ലോകത്തിൻ്റെ ക്രൂരത, വന്യമായ രതിവാസന പരപീഡനങ്ങൾ അന്തര്‍വൽക്കരിച്ച സിനിമകളാണവയെല്ലാം.
മനുഷ്യബന്ധങ്ങളിലെ ദുരൂഹതകളും ഉന്മാദങ്ങളും അദ്ദേഹത്തിൻ്റെ അസാധാരണമായ പ്രമേയങ്ങളായിരുന്നു. അതീത യാഥാർത്ഥ്യങ്ങളുടെ പ്രകോപനപരമായ ധീര ഭാവനകൾ 'സ്പ്രിങ്ങ് സമ്മർ ഫോൾവിൻറർ ... കൗമാരത്തിൽ നിന്നു തുടങ്ങി മനുഷ്യൻ്റെ ജീവിത കാലാവസ്ഥകൾ ഭ്രമാത്മക ഭംഗികളോടെ പകർത്തി. സമരിറ്റൻ ഗേൾ, ത്രി അയേൺ, പി യെറ്റ ഡ്രീം ബ്രത്ത്, മോബിയസ് തുടങ്ങിയ സിനിമകൾ തീവ്രമായി അന്വേഷിച്ചത് മനുഷ്യസത്ത എന്താണ് എന്നാണ്. ഒരു കുഞ്ഞിൻ്റെ നിഷ്ക്കളങ്കമായ കണ്ണുകളിലൂടെ ലോകത്തിൻ്റെ ക്രൂരതകൾ നോക്കിക്കാണുകയാണ് അദ്ദേഹം. സിനിമയിലൂടെയുള്ള ആത്മീയ പരിശീലനമായിരുന്നു പ്രേക്ഷകർക്ക് കിം സിനിമകഥ. ശരീരത്തിൻ്റെ തെറ്റുകളെയും പ്രായശ്ചിത്തങ്ങളെയും നൈർമ്മല്യങ്ങളെയും ബുദ്ധ പ്രശാന്തതയോടെ ആഴമേറിയ അനുഭവമാക്കിയ ചിത്രമാണത്. കോവിഡ് നിർദ്ദയം എടുത്തു കൊണ്ടുപോയ ആ മഹാപ്രതിഭയ്ക്ക് മരണമില്ല. പൂർണ്ണതയ്ക്കുമപ്പുറമുള്ള അപൂർണ്ണതയാണ് കിം കാണിച്ചു തന്നത്. അന്നേരം തിരശീലയിൽ സെൻ ബുദ്ധൻ പ്രകാശം പരത്തി.
അദ്ദേഹത്തിന്റെ ഒരേയൊരു ഡോക്യുമെൻ്ററി അറിറാങ്. ഇതൊരു കൊറിയൻ നാടോടി ഗാനത്തിൻ്റെ പേരു കൂടിയാണ്. അതിലുപരി അദ്ദേഹത്തിൻ്റെ ജീവിതം കൂടിയായിരുന്നു ഇത്. ഡിസോൾവാണ് അവസാന ചിത്രം ഡിസംബറിൽ തണുപ്പു പെയ്യുന്ന തിരുവനന്തപുരം ദിനങ്ങളിൽ കിമ്മിൻ്റെ സിനിമകൾക്കു വേണ്ടി കാത്തിരുന്നിട്ടുണ്ട്. ഇനി ഈ സിനിമാ മജീഷ്യൻ്റെ സിനിമകൾക്കു വേണ്ടി നാം കാത്തിരിക്കുന്നതെങ്ങനെ?.
അദ്ദേഹം തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിൽ വന്നപ്പോൾ പറഞ്ഞത് ഓർക്കുകയാണ്... ക്രിയേറ്റീവ് ബ്ലോക്ക് വന്ന് ഒരു മലമുകളിൽ ഒറ്റയ്ക്ക് ഒരു വർഷത്തോളം താമസിച്ചതിനെക്കുറിച്ചാണത്... ഒരു തരം ഏകാന്തധ്യാനം... ഒരു വർഷം പൂർത്തിയാകുന്നതിനും ഒരു ദിവസം മുമ്പ് ഇലകൾ പൂക്കളായി മാറുന്ന ഒരു വൃക്ഷച്ചുവട്ടിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോൾ, മടിയിലേക്ക് കൊഴിഞ്ഞു വീണ ഇലയിൽ നിന്ന് നിറയെ ഊർജവുമായി ബുദ്ധൻ ചിരിച്ചുകൊണ്ട് ഡുക്കിലേക്ക് വന്നു നിറയുന്നു... അപ്പോൾ ശിശിരം ഹേമന്തമായി മാറി എന്നും പലവിധ ഋതുക്കളുടെ ഉൽസവത്തിരകൾ ഹൃദയത്തെ കടൽ പോലെ പ്രക്ഷുബ്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.. Spring summer fall winter and spiring അവിടെ ജനിച്ചു... ബുദ്ധ പ്രകാശത്തിൽ...
60ാ० പിറന്നാളിനു ദിവസങ്ങൾ ബാക്കി നിൽക്കേയാണ് കോവിഡ് പ്രിയ കലാകാരനെ തട്ടിയെടുത്തത്. ഏപ്രിൽ ക്രൂരമാസമാണ് എന്ന് ആംഗലേയ കവി ടി എസ് എലിയറ്റ് പാടിയത് സിനിമ പ്രേമികൾ തിരുത്തുകയാണ്. ഡിസംബർ നീ എത്ര ക്രൂര. 1960 ഡിസംബർ 20 നു ദക്ഷിണ കൊറിയയിലെ ക്വോങ് സങ്ങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് ജനനം. 1995 ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ മത്സരത്തിൽ കിം കി ഡുക്കിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് ജീവിത വഴിത്തിരിവായി. അതേ വർഷം ആദ്യ സിനിമ ക്രോക്കഡയിൽ പുറത്തിറങ്ങി. ഡുക്ക് തന്നെ രചനയും സംവിധാനവും നിർവ്വഹിച്ച ലോ ബഡ്ജറ്റ് ചിത്രം കൊറിയക്കു പുറത്തും ശ്രദ്ധിക്കപ്പെട്ടതോടെ കിം എന്ന താരം ഉദയമായി.
ചിത്രകലയും എഡിറ്റിംഗും എഴുത്തും സംവിധാനവും അനായാസം വഴങ്ങുന്ന പ്രതിഭയുടെ ആഖ്യാന രീതി കൊറിയയിലെ ഉരുക്കു ഫാക്ടറികളിൽ ഉരുകിയൊലിച്ച തന്റെ ബാല്യം പോലെ തീക്ഷ്ണമായിരുന്നു. അത് പലപ്പോഴും വിമർശിക്കപ്പെട്ടു. ചില്ലുമേടയിലിരിക്കുന്ന സുഖലോലുപർ തന്റെ സിനിമ കാണേണ്ട എന്നു കിം തിരിച്ചടിച്ചു. ഭയാനകവും ബീഭത്സവും ലവിസ് ബുന്വേല്‍ മുതല്‍ ഹിച്ചകോക്ക് വരെയുള്ള സംവിധായകര്‍ പരീക്ഷിച്ച ഇടമാണ്. എക്‌സട്രീം ഓഫ് ദ എക്‌സട്രീസ് ആയിരുന്നു കിം കി ഡുക്കിന്റെ പര്യവേഷണവും. ചിത്തരോഗത്തിന്റെ പാര്‍ശ്വങ്ങളിലൂടെയുള്ള ആ സഞ്ചാരത്തെ ദുര്‍ബലചിത്തർ കണ്ടു പൂര്‍ത്തിയാക്കാന്‍ പലപ്പോഴും ബുദ്ധി മുട്ടി. പക്ഷെ, ഭാവുകത്വത്തില്‍ ധ്രുവമകലെയുള്ള സ്പ്രിങ്ങ് ഒരു ഡോക്യുമെന്ററി പോലെ മനോഹരമായി ആസ്വദിച്ചു. ദക്ഷിണ കൊറിയയിലെ ഇപ്പോഴത്തെ മികച്ച അഞ്ചു സംവിധായകരെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ കിം അതിലുണ്ടാവണമെന്നില്ല. എങ്കിലും സാമ്പ്രദായികമായ ഒന്നും ഇല്ലാത്തതിനാല്‍ ഡുക്കിന്റെ മേക്കിങ്ങ് ധീരമായിരുന്നു. മടുപ്പിക്കും വിധം നല്ലതും.
മൗനത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. തന്റെ കഥാപാത്രങ്ങളുടെ മൗനം കാഴ്ചക്കാർ വായിച്ചെടുക്കും എന്ന് അദ്ദേഹം വിശ്വസിച്ചു. അത് തെറ്റിയില്ല ചലച്ചിത്ര മേളകളിൽ ആരേയും അസൂയപ്പെടുത്തുന്ന സ്നേഹവായ്പ്പോടെ കാണികൾ ഡുക്കിനെ ചേർത്തണച്ചു. ഏതു വസന്തത്തിലും ശിശിരത്തിലും ഹേമന്തത്തിലും പിന്നെയും വസന്തത്തിലും...ഏതു വ്യസനത്തിലും ഏകാന്തതയിലും ശൂന്യതയിലും പിന്നെയും വ്യസനത്തിലും...
Keywords: Article, Film, Director, South Korea, Kim Ki Duk, Cinema, Kim Ki Duk 'You are beyond perfection'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.