വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി; ആരോഗ്യ നിലയെ കുറിച്ച് മേജര്‍ രവി
Dec 23, 2021, 09:31 IST
കൊച്ചി: (www.kvartha.com 23.12.2021) സംവിധായകനും നടനുമായ മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. മേജര്‍ രവി തന്നെയാണ് ശസ്ത്രക്രിയ കഴിഞ്ഞ വിവരം സമൂഹമാധ്യമമായ ഫേസ്ബുകിലൂടെ അറിയിച്ചത്.
'എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു. എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി', മേജര്‍ രവി കുറിച്ചു. ഐസിയുവില്‍ നിന്ന് തന്നെ മാറ്റിയെന്നും, പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മേജര്‍ രവി അറിയിച്ചു.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് സുഖപ്രാപ്തി നേര്‍ന്നത്.
1975 ല്‍ തന്റെ 17-ാം വയസില്‍ സൈന്യത്തില്‍ ചേര്‍ന്ന മേജര്‍ രവി, 1996-ല്‍ വി ആര്‍ എസ് എടുത്ത് മേജറായി വിരമിച്ചു. 1990കളുടെ അവസാനത്തോടയാണ് സെനിക സേവനത്തിന് ശേഷം മേജര്‍ രവി സിനിമ മേഖലയിലേക്ക് എത്തുന്നത്.
സിനിമകള്‍ക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്ന പ്രവര്‍ത്തന മേഖലയിലേക്ക് പ്രവേശിച്ച മേജര്‍ രവി പിന്നീട് പ്രിയദര്‍ശന്‍, രാജ്കുമാര്‍ സന്തോഷി, കമലഹാസന്‍, മണിരത്‌നം തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവി ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസന്‍സ്, വരനെ ആവശ്യമുണ്ട് തുടങ്ങി 20ഓളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു.
പുനര്‍ജനനി എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ കീര്‍ത്തിചക്ര മികച്ച വിജയം കരസ്ഥമാക്കി. മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങിയ സിനിമകള്‍ ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.