അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറാത്തതില്‍ ദിലീപിന് ഹൈകോടതിയുടെ വിമര്‍ശനം; ശരിയായ നടപടിയല്ലെന്ന് നിരീക്ഷിച്ച കോടതി ആവശ്യമെങ്കില്‍ ഫോണ്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു; താരത്തിന്റെ മറുപടി ഇങ്ങനെ!

 


കൊച്ചി: (www.kvartha.com 28.01.2022) അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറാത്തതില്‍ നടന്‍ ദിലീപിന് ഹൈകോടതിയുടെ വിമര്‍ശനം. താരത്തിന്റേത് ശരിയായ നടപടിയല്ലെന്ന് നിരീക്ഷിച്ച കോടതി ആവശ്യമെങ്കില്‍ ഫോണ്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറാത്തതില്‍ ദിലീപിന് ഹൈകോടതിയുടെ വിമര്‍ശനം; ശരിയായ നടപടിയല്ലെന്ന് നിരീക്ഷിച്ച കോടതി ആവശ്യമെങ്കില്‍ ഫോണ്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു; താരത്തിന്റെ മറുപടി ഇങ്ങനെ!

ദിലീപ് ഫോണ്‍ കൈമാറാത്തത് തെളിവ് നശിപ്പിക്കാനാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഫോണ്‍ താന്‍ നേരിട്ട് ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ച് പരിശോധിക്കുന്നത് ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ വീണ്ടെടുക്കാനാണെന്നു ദിലീപ് മറുപടി പറഞ്ഞു. ഇവര്‍ നല്‍കുന്ന വിവരം കോടതിക്ക് നല്‍കാമെന്നും ദിലീപ് അറിയിച്ചു. താന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്നും ദിലീപ് ആരോപിച്ചു.

ഫോണ്‍ ഹാജരാക്കാന്‍ നോടിസ് നല്‍കിയത് ചോദ്യം ചെയ്യലിന്റെ അവസാന ദിവസമാണെന്നും ദിലീപ് അറിയിച്ചു. ഫോണ്‍ കൈമാറണമെന്ന് ആവശ്യപ്പെടുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ദിലീപ് ആരോപിക്കുന്നു.

വെള്ളിയാഴ്ച തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച ക്രൈംബ്രാഞ്ച് ഇതിനായി പ്രത്യേക അപേക്ഷയും നല്‍കി. ഉച്ചയ്ക്ക് 1.45ന് പരിഗണിക്കണമെന്നായിരുന്നു ആവശ്യം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ഉപഹര്‍ജിയില്‍ ആരോപിച്ചു.

ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനും വിശകലനം ചെയ്യാനും കൂടുതല്‍ സമയം വേണമെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജി അറിയിച്ചതിനെ തുടര്‍ന്നാണു ജസ്റ്റിസ് പി ഗോപിനാഥ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്കു മാറ്റിയത്. അന്വേഷണ റിപോര്‍ടും ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷവും പ്രതികള്‍ പുറത്തു തുടരുന്ന സാഹചര്യവും പരിഗണിച്ചാണ് പ്രോസിക്യൂഷന്റെ അപ്രതീക്ഷിത നീക്കം.

കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ മുദ്രവച്ച കവറില്‍ അന്വേഷണ റിപോര്‍ട് സമര്‍പിച്ചിരുന്നു. മൂന്നു ദിവസം, 33 മണിക്കൂര്‍ പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും ഡിജിറ്റല്‍ തെളിവുകളുമാണ് റിപോര്‍ടിലുള്ളത്.

ദിലീപിന്റെ സഹോദരന്‍ പി അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരന്‍ അനൂപ്, സഹായി അപ്പു എന്നിവര്‍ തങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം.

എന്നാല്‍ നേരത്തേ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് വിദഗ്ധനു നല്‍കിയെന്നാണ് ദിലീപ് അറിയിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അയച്ച സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണു ഫോണ്‍ നല്‍കിയത്. ഒരാഴ്ചയ്ക്കകം റിപോര്‍ട് കിട്ടും. ഈ റിപോര്‍ട കോടതിയില്‍ സമര്‍പിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു.

ഫോണ്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നോടിസ് നല്‍കിയതു നിയമപരമല്ല. കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയതാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണം. ഇവര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോണ്‍ പരിശോധിച്ചാല്‍ തെളിയുമെന്നും ദിലീപ് അവകാശപ്പെട്ടു.

ചോദ്യം ചെയ്യലിനിടെ ദിലീപുമായി ബന്ധപ്പെട്ട സംവിധായകര്‍ ഉള്‍പെടെ പലരെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. പ്രതികള്‍ നല്‍കിയ മൊഴികളുടെ സത്യാവസ്ഥ പരിശോധിക്കാനായി സംവിധായകനും തിരക്കഥാകൃത്തുമായ റാഫി, ദിലീപ് അഭിനയിച്ച 'രാമലീല' സിനിമയുടെ സംവിധായകന്‍ അരുണ്‍ ഗോപി, ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാട്, ദിലീപിന്റെ വിശ്വസ്തനും തിരുവനന്തപുരം സ്വദേശിയുമായ അഡ്വ. സജിത്, ഒടുവില്‍ പുറത്തിറങ്ങിയ 'കേശു' സിനിമയുടെ അകൗണ്ടന്റായിരുന്ന സിജോ, കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്‍, ദിലീപിന്റെ നിര്‍മാണക്കമ്പനിയിലെ ജീവനക്കാര്‍ തുടങ്ങിയവരെയാണ് അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തത്.

കേസിലെ പ്രധാന തെളിവായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദം തിരിച്ചറിയാനാണു വ്യാസനെ വിളിച്ചുവരുത്തിയതെന്നാണു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ദിലീപിനു വേണ്ടി ബാലചന്ദ്രകുമാറുമായി തിരുവനന്തപുരത്തു നേരില്‍ക്കണ്ടു സംസാരിച്ചയാളാണ് അഭിഭാഷകന്‍.

ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി പണം ചോദിച്ചു, ജാമ്യം ലഭിക്കാന്‍ ഇടപെട്ടതായി വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ദിലീപിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന മൊഴികളാണ് തിരുവനന്തപുരത്തെ അഭിഭാഷകന്‍ നല്‍കിയത്.

കേസില്‍ ദിലീപിനെതിരായ വെളിപ്പെടുത്തലുകള്‍ നടത്തിയ ബാലചന്ദ്രകുമാറിനെ പ്രതികള്‍ക്കൊപ്പമിരുത്തി മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചിരുന്നു. ബാലചന്ദ്രകുമാറിനെതിരെ പ്രതികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിച്ച ശേഷം വിളിച്ചുവരുത്തിയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

Keywords: Kerala HC likely to consider anticipatory bail plea of Dileep today, Kochi, News, Cinema, Cine Actor, Dileep, High Court of Kerala, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia