KB Ganeshkumar | കെ എസ് ആര്‍ ടി സിയെ രക്ഷിക്കേണ്ടത് സര്‍കാര്‍: താന്‍ ഗതാഗതവകുപ്പ് മന്ത്രിയാകാനില്ല; നയം വ്യക്തമാക്കി കെ ബി ഗണേഷ്‌കുമാര്‍
May 19, 2022, 19:56 IST
കണ്ണൂര്‍: (www.kvartha.com) താന്‍ ഗതാഗതവകുപ്പ് മന്ത്രിയാകാനില്ലെന്ന് കേരളകോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എസ് ആര്‍ ടി സി ഇന്ന് നേരിടുന്ന പ്രതിസന്ധിയെ കുറിച്ചും മുന്‍ഗതാഗതവകുപ്പ് മന്ത്രി കൂടിയായ ഗണേഷ് കുമാര്‍ തുറന്നടിച്ചു. കെ എസ് ആര്‍ ടി സി അടച്ചു പൂട്ടിയാല്‍ അതിന്റെ ദോഷം തൊഴിലാളികള്‍ക്കു മാത്രമായിരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കെ എസ് ആര്‍ ടി സിയില്ലെങ്കില്‍ പൊതുജനങ്ങള്‍ അതിനു പകരം സംവിധാനത്തിലൂടെ യാത്ര ചെയ്യും. സ്വകാര്യബസുകള്‍ അതിന്റെ സ്ഥാനത്ത് വരും. എന്നാല്‍ തൊഴിലാളികള്‍ നേരിടാന്‍ പോകുന്നത് വന്‍ദുരന്തമായിരിക്കുമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ ഒരു ദിവസം പോലും സമരം ചെയ്യാതെ ജോലി ചെയ്യുകയാണ് ഇപ്പോള്‍ തൊഴിലാളികള്‍ വേണ്ടത്.
ഒരു ദിവസം സമരം ചെയ്താല്‍പോലും കെ എസ് ആര്‍ ടി സിക്ക് കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടാക്കുക അതു തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കും. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ മുഖ്യമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോര്‍പറേഷന് ഒറ്റയ്ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കെ എസ് ആര്‍ ടി സിയെ സര്‍കാര്‍ സഹായിച്ചേ പറ്റൂ . കെ എസ് ആര്‍ ടി സിയില്‍ ഷെഡ്യൂളിങ് പുനര്‍ ക്രമീകരണം ലാഭത്തിലുള്ള റൂടുകളില്‍ വാഹനം ഓടിക്കണം. തനിക്ക് വകുപ്പ് മന്ത്രിയാകാന്‍ താല്‍പര്യമില്ല.
എന്നാല്‍ ഗതാഗത വകുപ്പ് സി പി എം ഏറ്റെടുത്താല്‍ നന്നായിരിക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന് ഭൂഷണമല്ല. മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനം സുധാകരന്‍ തന്നെ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഗണേഷ് കുമാര്‍ പറഞ്ഞു.
സിനിമാരംഗത്തെ സ്ത്രികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി സര്‍കാര്‍ ഏര്‍പെടുത്തിയ ഹേമാ കമറ്റി റിപോര്‍ട് പുറത്തുവിടേണ്ട കാര്യമില്ലെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഹേമാ കമറ്റി റിപോര്‍ട് പുറത്തുവിടുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞ കാര്യം അറിയില്ല. അദ്ദേഹം അങ്ങനെ പറയുമെന്ന് തോന്നുന്നില്ല.
കമറ്റി റിപോര്‍ട് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കൊന്നും വിളിച്ചിട്ടുമില്ല പങ്കെടുത്തിട്ടുമില്ല. നിയമസഭയില്‍ ഹേമാകമറ്റി റിപോര്‍ട് വയ്ക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. അതൊരു കമ്മിഷനല്ല. സിനിമാ മേഖലയില്‍ സ്ത്രികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍കാര്‍ ചുമതലപ്പെടുത്തിയ പഠനകമറ്റി മാത്രമാണ്. റിപോര്‍ട് ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല.
സാംസ്‌കാരിക വകുപ്പ് സെക്രടറി വായിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഹേമാ കമറ്റി റിപോര്‍ടിലെ ഭാഗങ്ങള്‍ പുറത്തുവിടുമെന്ന് ചില കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രചാരണം സിനിമാ മേഖലയിലെ ചിലരെ കരിവാരിതേയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ഇത്തരം മുതലെടുപ്പുകള്‍ നടത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.
കണ്ണൂര്‍ ശിക്ഷക് സദനില്‍ കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം.
Keywords: KB Ganeshkumar Says Government should save KSRTC, Kannur, News, Politics, Salary, KSRTC, Ganesh Kumar, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.