ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ആമിര്‍ ഖാന്‍ ചിത്രം 'ദംഗലി'നെ മറികടന്ന് 'കശ്മീര്‍ ഫയല്‍സ്'; ബോക്‌സ് ഓഫീസില്‍ റെകോര്‍ഡ് കുതിപ്പ്, എട്ടാംദിന കളക്ഷന്‍ 19.15 കോടി

 




മുംബൈ: (www.kvartha.com 19.03.2022) ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ആമിര്‍ ഖാന്‍ ചിത്രം 'ദംഗലി'നെ മറികടന്ന് 'കശ്മീര്‍ ഫയല്‍സ്'. കശ്മീരി പണ്ഡിറ്റുകളുടെ താഴ്വരയില്‍ നിന്നുള്ള പലായനത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് അഗ്‌നിഹോത്രിയാണ്. ദി കാശ്മീര്‍ ഫയല്‍ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നിരവധി വിവാദങ്ങളില്‍പ്പെട്ടിരുന്നു. 

ഇപ്പോഴിതാ, ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചര്‍ചകള്‍ മുറുകുമ്പോഴും ബോക്‌സ് ഓഫീസില്‍ റെകോര്‍ഡ് കളക്ഷനുമായി കുതിക്കുകയാണ് ദ് കശ്മീര്‍ ഫയല്‍സ്. ഈ മാസം 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ നേടിയ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്‌ക്രീന്‍ കൗന്‍ഡ് വലിയ രീതിയില്‍ വര്‍ധിച്ചു.   

2000 സ്‌ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗന്‍ഡ് 4000 ആയി വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രം മറ്റൊരു റെകോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. എട്ടാം ദിന കളക്ഷന്റെ കാര്യത്തിലാണ് അത്.

എട്ടാം ദിന കളക്ഷനില്‍ ദംഗലിനെ മറികടന്നിരിക്കുകയാണ് ചിത്രം. ദംഗലിന്റെ എട്ടാംദിന കളക്ഷന്‍ 18.59 കോടി ആയിരുന്നെങ്കില്‍ കശ്മീര്‍ ഫയല്‍സ് ഇതേ ദിനത്തില്‍ നേടിയിരിക്കുന്നത് 19.15 കോടിയാണ്. ഇത് ബാഹുബലി 2ന്റെ എട്ടാം ദിന കളക്ഷന്റെ അടുത്ത് നില്‍ക്കുന്ന സംഖ്യയുമാണ്. 19.75 കോടി ആയിരുന്നു ബാഹുബലി 2ന്റെ എട്ടാം ദിന കളക്ഷന്‍.

സമീപദിനങ്ങളിലും ചിത്രം മികച്ച പ്രകടനം നടത്തുമെന്നാണ് ബോക്‌സ് ഓഫീസ് നിരീക്ഷകരുടെ വിലയിരുത്തല്‍. ചിത്രം 100 കോടി, 200 കോടി ക്ലബുകളിലേക്ക് പ്രവേശിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 

1990കളില്‍ താഴ്വരയില്‍ കാശ്മീരി ഹിന്ദുക്കള്‍ അനുഭവിച്ച ദുരിതങ്ങളാണ് സിനിമയിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇത് എല്ലാവരുടെയും ശ്രദ്ധയിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ദി കശ്മീര്‍ ഫയല്‍സിന്റെ നിര്‍മാതാവും ചിത്രത്തിലെ അഭിനേതാവുമായ പല്ലവി ജോഷി പറഞ്ഞു. സിനിമയില്‍ സ്വതന്ത്ര കാശ്മീരിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും തുടരാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന കഥാപാത്രമായാണ് പല്ലവി എത്തുന്നത്. ഈ വിഷയത്തില്‍ ഒരു സിനിമ നിര്‍മിക്കാന്‍ കശ്മീരി പണ്ഡിറ്റുകള്‍ തന്നെ സമീപിച്ചിരുന്നതായും പല്ലവി വ്യക്തമാക്കി. 

ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ആമിര്‍ ഖാന്‍ ചിത്രം 'ദംഗലി'നെ മറികടന്ന് 'കശ്മീര്‍ ഫയല്‍സ്'; ബോക്‌സ് ഓഫീസില്‍ റെകോര്‍ഡ് കുതിപ്പ്, എട്ടാംദിന കളക്ഷന്‍ 19.15 കോടി


മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. 

ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. 'ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിയ മുഴുവന്‍ ആളുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തില്‍ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്. സത്യം ശരിയായ രീതിയില്‍ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലര്‍ ഒരു കാര്യം കാണുന്നു, മറ്റുള്ളവര്‍ മറ്റെന്തെങ്കിലും കാണുന്നു. വര്‍ഷങ്ങളായി സത്യം ബോധപൂര്‍വം മറയ്ക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങള്‍ വരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

അതേസമയം ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്ന ഒന്നാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ടി രംഗത്തെത്തിയിരുന്നു. എഴുത്തുകാരന്‍ അശോക് സ്വെയ്ന്‍, നടി സ്വര ഭാസ്‌കര്‍ തുടങ്ങി ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവരും നിരവധിയാണ്.  

Keywords:  News, National, India, Mumbai, Entertainment, Cinema, Business, Finance,  Kashmir Files Box Office Collection: Anupam Kher’s film surpasses Aamir Khan’s Dangal, raises Rs 19.15 crore on day 8
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia