പത്മശ്രീ തിരിച്ചെടുത്ത് അറസ്റ്റു ചെയ്യണം; കങ്കണയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നടി കാമ്യ പഞ്ചാബി
Nov 15, 2021, 21:02 IST
മുംബൈ: (www.kvartha.com 15.11.2021) പത്മശ്രീ തിരിച്ചെടുത്ത് അറസ്റ്റു ചെയ്യണം, ബോളിവുഡ് താരം കങ്കണയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നടി കാമ്യ പഞ്ചാബി. 1947ല്‍ ഇന്‍ഡ്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, ഭിക്ഷയാണ് എന്ന പ്രസ്താവന നടത്തിയതാണ് കങ്കണയ്‌ക്കെതിരെയുള്ള കാമ്യയുടെ പരാമര്‍ശത്തിന് കാരണം. ദേശീയ വാര്‍ത്താ ചാനലായ ന്യൂസ് 24നോടായിരുന്നു അവരുടെ പ്രതികരണം.
സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കങ്കണയുടെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, നിങ്ങള്‍ എങ്ങനെ ഇതിനെ നോക്കിക്കാണുന്നു എന്ന് കാമ്യ തിരിച്ചു ചോദിക്കുകയായിരുന്നു. 'എന്റെ രക്തം തിളച്ചു, നിങ്ങളുടേതും. ഇത് ശുദ്ധ ഭോഷ്‌കാണ്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം ഭിക്ഷയാണ് എന്നാണ് അവര്‍ പറഞ്ഞത്.
അവര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. അവരുടെ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചെടുത്ത് അറസ്റ്റു ചെയ്യണം. മാപ്പു പറയുകയും വേണം. ദേശത്തിന്റെ വീരജവാന്മാരെ അപമാനിക്കുന്ന പ്രസ്താവനയാണ് അവര്‍ നടത്തിയത്. യഥാര്‍ഥ ഭാരതീയര്‍ അവര്‍ക്കെതിരെ സംസാരിക്കും. ഞങ്ങള്‍ പൊരുതും.' - കാമ്യ വ്യക്തമാക്കി.
കഴിഞ്ഞ മാസം 28നാണ് പ്രമുഖ സീരിയല്‍ ടിവി താരമായ കാമ്യ പഞ്ചാബി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദാദര്‍ വെസ്റ്റിലെ പാര്‍ടി ആസ്ഥാനത്തു വച്ച് സംസ്ഥാന അധ്യക്ഷന്‍ ഭായ് ജഗ്തപില്‍ നിന്നാണ് നടി പ്രാഥമികാംഗത്വം സ്വീകരിച്ചത്. കങ്കണ പറഞ്ഞത് നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014ലാണ് ഇന്‍ഡ്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കങ്കണയുടെ വാക്കുകള്‍;
'1947ല്‍ ഇന്‍ഡ്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്' - എന്നാണ് കങ്കണ പറഞ്ഞത്. ടൈംസ് നെറ്റ് വര്‍ക് ഗ്രൂപ് എഡിറ്റര്‍ നവിക കുമാറായിരുന്നു പരിപാടിയുടെ അവതാരക.
'കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ എനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ദേശീയതയെ കുറിച്ചും സൈന്യത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും പറയുമ്പോള്‍ ഞാന്‍ ബിജെപിയുടെ അജന്‍ഡയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് എന്നാണ് ആരോപണം. ഇതെങ്ങനെയാണ് ബിജെപിയുടെ അജന്‍ഡയാകുന്നത്. ഇത് രാജ്യത്തിന്റെ അജന്‍ഡയാണ്. എനിക്കു വേണ്ടി ആരും സംസാരിക്കുന്നില്ലെങ്കില്‍ ഞാന്‍ തന്നെ സംസാരിക്കും.'- കങ്കണ വ്യക്തമാക്കി.
പരാമര്‍ശം വിവാദമായതിന് പിന്നാലെ, പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി കങ്കണ വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലായിരുന്നു താരത്തിന്റെ പ്രതികരണം. 'ആ അഭിമുഖത്തില്‍ എല്ലാ കാര്യവും വ്യക്തമായി പറഞ്ഞിട്ടുണ്ട്. 1857ലേതായിരുന്നു (ബ്രിടീഷുകാര്‍ക്കെതിരെ) ആദ്യത്തെ സ്വാതന്ത്ര്യസമരം.
സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മി ഭായ്, വീര്‍ സവര്‍കര്‍ജി തുടങ്ങിയവരുടെ സമര്‍പണങ്ങളായിരുന്നു അത്. 1947ല്‍ ഏതു യുദ്ധം നടന്നു എന്നെനിക്കറിയില്ല. 1857ലേത് അറിയാം. ആരെങ്കിലും അതേക്കുറിച്ച് പറഞ്ഞുതരുമെങ്കില്‍ എന്റെ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാം. മാപ്പും പറയാം. ദയവായി എന്നെയിതില്‍ സഹായിക്കൂ' - കങ്കണ കുറിച്ചു.
Keywords: Kamya Punjabi lashesh out on Kangana Ranaut, Mumbai, News, Cinema, Actress, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.