മലയാളിക്ക് ഇഷ്ടമായിരുന്നു കല്‍പ്പനയെ

 


തിരുവനന്തപുരം: (www.kvartha.com 25/01/2016) കല്‍പ്പനയെ മലയാളികള്‍ക്ക് ഇഷ്ടമായിരുന്നു. ഗൗരവമുള്ള വേഷങ്ങളേക്കാള്‍ ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ നടി, സഹോദരിമാരായ ഉര്‍വശിയെയും കലാരഞ്ജിനിയെയുംകാള്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ അഭിപ്രായം പറഞ്ഞ നടി തുടങ്ങിയ പ്രത്യേകതകളുമുണ്ട് അവര്‍ക്ക്. കല, കവിത (ഉര്‍വശി), കല്‍പ്പന എന്നീ സഹോദരിമാരില്‍ ഇനി കല്‍പ്പനയില്ല. മലയാളികള്‍ക്ക് അമ്പരപ്പുണ്ടാക്കുന്ന വാര്‍ത്തയായാണ് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ആ വിവരം പുറത്തുവന്നത്. ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ അവര്‍ ആശുപത്രിയിലാണു മരിച്ചത്. ഒരു അവാര്‍ഡ് നിശയുമായി ബന്ധപ്പെട്ടാണ് അവര്‍ ഹൈദരാബാദിലെത്തിയത്.

51 വയസിനിടയില്‍ 300 സിനിമകള്‍. ബാലതാരമായി സിനിമയിലെത്തി. ഭര്‍ത്താവ് അനില്‍ ബാബുവുമായി സമീപകാലത്താണ് അവര്‍ വേര്‍പിരിഞ്ഞത്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അവര്‍ക്കു ലഭിച്ചിട്ടുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി ആണ് അവസാന സിനിമ. ഏഷ്യാനെറ്റിലെ കോമഡി ഷോയില്‍ ദീര്‍ഘകാലം വിധികര്‍ത്താവായിരുന്നു.

റസിയ എന്ന കഥാപാത്രത്തിനാണ് കല്‍പ്പനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. അത് വളരെയധികം സാമൂഹിക പ്രാധാന്യമുള്ള കഥാപാത്രമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരുമില്ലാത്ത ഹിന്ദു വൃദ്ധയെ ഏറ്റെടുത്തു സംരക്ഷിക്കുന്ന മുസ് ലിം യുവതിയാണ് റസിയ.

ഉര്‍വശിയും മനോജ് കെ ജയനുമായുള്ള ദാമ്പത്യം പിരിയുന്നതിലെത്തിയ പ്രശ്‌നങ്ങളില്‍ മനോജ് കെ ജയനൊപ്പമാണ് കല്‍പ്പന ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ നിലകൊണ്ടത്. എന്നാല്‍ വൈകാതെ കല്‍പ്പനയും ഭര്‍ത്താവും പിരിയുന്നതും ലോകം കണ്ടു. ആദ്യം ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ കല്‍പ്പന നിഷേധിച്ചിരുന്നു. പക്ഷേ, വിവാഹമോചനം യാഥാര്‍ത്ഥ്യമാകുന്നതാണ് പിന്നീടു കണ്ടത്.

ബാഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ മാതാവായി അഭിനയിച്ച കല്‍പ്പനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷം സ്വന്തം ജീവിതം ആസ്വദിക്കാന്‍ തുടങ്ങുന്ന വേറിട്ട സ്വഭാവമുള്ള സ്ത്രീയായിരുന്നു അത്. അത്തരം വ്യത്യസ്ഥ കഥാപാത്രങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. അവസാന ചിത്രമായ ചാര്‍ലിയില്‍ അവരുടെ കഥാപാത്രം സ്വയം ജീവനൊടുക്കുകയായിരുന്നു.

മലയാളിക്ക് ഇഷ്ടമായിരുന്നു കല്‍പ്പനയെ


Keywords:  Kalpana was a good actress; Kerala loves her, Kalppana, Actress, Malayalam Cinema
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia