SWISS-TOWER 24/07/2023

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 19.06.2020) അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തില്‍ സച്ചിയുടെ സഹോദരന്റെ മകന്‍ ചിതയ്ക്ക് തീകൊളുത്തി. സംസ്‌കാരച്ചടങ്ങില്‍ സച്ചിയുടെ അടുത്ത ബന്ധുക്കളും സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സുരേഷ് കൃഷ്ണ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു.

നേരത്തെ, കൊച്ചി ഹൈക്കോടതി ജംക്ഷനിലെ അഡ്വക്കേറ്റ് ചേംബറില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതിക ദേഹത്തില്‍ സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നടന്മാരായ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, ലാല്‍, ബിജു മേനോന്‍, നഞ്ചമ്മ തുടങ്ങി നിരവധി പേര്‍ സച്ചിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി.

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

സംവിധാനം ചെയ്ത രണ്ട് സിനിമകളിലും പൃഥ്വിരാജായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തന്റെ പ്രിയ സുഹൃത്തിന്റെ ജീവനറ്റ ശരീരത്തിന് മുന്നില്‍ വികാരഭരിതനായി പൃഥ്വി തെല്ലുനേരം നിന്നു. ഒപ്പം സുരാജ് വെഞ്ഞാറമൂടും സച്ചിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇതിനുശേഷം തമ്മനത്തെ വീട്ടിലും പൊതുദര്‍ശനം നടന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്കു തിങ്കളാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്നു ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്കു മാറ്റി. തലച്ചോറിലേക്കു രക്തമെത്തുന്നതു നിലച്ചതാണു സച്ചിയെ ഗുരുതരാവസ്ഥയിലാക്കിയത്. വ്യാഴാഴ്ച രാത്രി 10.30നു വീണ്ടും ഹൃദയാഘാതം സംഭവിച്ചാണ് മരണം.

സുഹൃത്തായ സേതുവുമായി ചേര്‍ന്ന് എഴുതിയ 'ചോക്ലേറ്റ്' ആയിരുന്നു ആദ്യ സിനിമ. കൊടുങ്ങല്ലൂര്‍ ഗൗരീശങ്കര്‍ ആശുപത്രിക്കു സമീപം കൂവക്കാട്ടില്‍ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനായ സച്ചി മാല്യങ്കര എസ്എന്‍എം കോളജിലും എറണാകുളം ലോ കോളജിലുമാണു പഠിച്ചത്. തമ്മനത്തായിരുന്നു സ്ഥിരതാമസം. 10 വര്‍ഷത്തോളം ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു.

ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്,ഡബിള്‍സ് എന്നീ സിനിമകളാണ് സച്ചിയും സേതുവും ചേര്‍ന്നെഴുതിയത്. ഡബിള്‍സ് ഒഴികെ എല്ലാം ഹിറ്റുകള്‍. ഡബിള്‍സിനു ശേഷം ഇരുവരും പിരിഞ്ഞു. ജോഷി സംവിധാനം ചെയ്ത 'റണ്‍ ബേബി റണ്‍' ആണ് സച്ചിയുടെ ഒറ്റയ്ക്കുള്ള ആദ്യത്തെ തിരക്കഥ. അതും സൂപ്പര്‍ ഹിറ്റായി. ആദ്യം സംവിധാനം ചെയ്ത ചിത്രം അനാര്‍ക്കലിയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, ഷെര്‍ലക് ടോംസ് എന്നിവയാണു മറ്റു തിരക്കഥകള്‍. നാടകപ്രേമവും കവിതയും സൗഹൃദവും സച്ചിയുടെ സര്‍ഗാത്മതകയെ സമ്പന്നമാക്കി. ഒടുവില്‍ ഹിറ്റുകളുടെ നടുവില്‍ നിന്ന് അപ്രതീക്ഷിത വിടവാങ്ങല്‍.

Keywords:  Kalakeralam to say goodbye to Sachi Buried with full official honors, Kochi, News, Dead Body, Director, Actor, Dead, Cinema, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia