സിനിമയിലെ രംഗങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തരമിതാണ്: സിനിമയില്‍ മോഹന്‍ലാല്‍ ഒക്കെ സ്പിരിറ്റ് കടത്തുന്നില്ലേ? ജീവിക്കാന്‍ വേണ്ടി ഞാനും സ്വര്‍ണം കടത്തി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുവന്ന കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ചുലക്ഷവും സ്വര്‍ണവും കവര്‍ന്ന കേസില്‍ പിടിയിലായ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

 


കോഴിക്കോട്: (www.kvartha.com 11.09.2017) സിനിമയിലെ രംഗങ്ങള്‍ ജനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന് ഒരു ഉദാഹരമാണ് സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ മുഖ്യപ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. സിനിമയില്‍ മോഹന്‍ലാല്‍ ഒക്കെ സ്പിരിറ്റ് കടത്തുന്നില്ലേ? ജീവിക്കാന്‍ വേണ്ടി ഞാനും സ്വര്‍ണം കടത്തി എന്നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുവന്ന കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ചുലക്ഷവും സ്വര്‍ണവും കവര്‍ന്ന കേസില്‍ പിടിയിലായ പ്രതി വെളിപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് പൊക്കുന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍ സ്വദേശി രജ്ഞിത്ത് എന്ന കാക്ക രഞ്ജിത്തിന്റേതാണ് വെളിപ്പെടുത്തല്‍. ജുലൈ 16 നാണ് ഡി.ആര്‍.ഐക്കാരുടെ കണ്ണുവെട്ടിച്ച് തലശ്ശേരിക്ക് കടത്തുകയായിരുന്ന മൂന്ന് കിലോഗ്രാം സ്വര്‍ണമടങ്ങിയ പെട്ടി കവര്‍ന്ന കേസില്‍ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

സിനിമയിലെ രംഗങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തരമിതാണ്: സിനിമയില്‍ മോഹന്‍ലാല്‍ ഒക്കെ സ്പിരിറ്റ് കടത്തുന്നില്ലേ? ജീവിക്കാന്‍ വേണ്ടി ഞാനും സ്വര്‍ണം കടത്തി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുവന്ന കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ചുലക്ഷവും സ്വര്‍ണവും കവര്‍ന്ന കേസില്‍ പിടിയിലായ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

മൊബൈല്‍ ഉപയോഗിക്കാതെ എറണാകുളം, തൃശൂര്‍, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുകയായിരുന്ന കാക്ക രഞ്ജിത്തിനെ തന്ത്രപൂര്‍വമാണ് പോലീസ് പിടികൂടിയത്. താന്‍ കുറ്റകൃത്യങ്ങളുടെ പാതയിലൂടെ സഞ്ചരിക്കാന്‍ ഇടയായ സാഹചര്യങ്ങളാണ് കാക്ക രഞ്ജിത്ത് പോലീസിനോട് തുറന്നുപറഞ്ഞത്. കുഴല്‍പ്പണക്കാരെയും സ്വര്‍ണക്കടത്തുകാരെയും വളരെ ആസൂത്രിതമായി കവര്‍ച്ച നടത്തുന്നതില്‍ വിരുതനായ രഞ്ജിത് സമാനരീതിയില്‍ മുന്‍പ് പല കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്.

'ദൃശ്യം' മോഡല്‍ ഓപ്പറേഷനാണ് ഇതില്‍ പ്രധാനം. 2010 ഏപ്രില്‍ 12 ന് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തിനടുത്തുള്ള ചേരിഞ്ചാല്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണനിര്‍മാണ യൂണിറ്റില്‍ നിന്ന് കൊണ്ടുപോകുകയായിരുന്ന ഒന്നര കിലോ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. സ്വര്‍ണവുമായി സ്‌കൂട്ടറില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ശ്രുതിന്‍ലാല്‍ എന്ന ചെറുപ്പക്കാരനെ തടഞ്ഞുനിര്‍ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞായിരുന്നു കവര്‍ച്ച. കാക്ക രഞ്ജിത്ത് തന്നെയായിരുന്നു ഈ കേസിലും പോലീസിന് തലവേദനയായത്.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഈ കേസില്‍ പേട്ടയിലുള്ള രഞ്ജിത്തിന്റെ വാടക വീട് കണ്ടെത്തി അന്വേഷണം ആരംഭിച്ച പോലീസിന് എന്നാല്‍ നിരാശയായിരുന്നു ഫലം. പിന്നീട് മൊബൈല്‍ ടവറുകളില്‍ നിന്ന് പോയ ഫോണ്‍കോളുകളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും രഞ്ജിത്തിന്റെ നമ്പര്‍ ഏതാണെന്ന് മാത്രം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.

ഇതിനിടെ സ്വിച്ച് ഓഫായ രഞ്ജിത്തിന്റെ ഫോണ്‍ ഓണായപ്പോള്‍ ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വഴിയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. എന്നാല്‍ ബംഗളൂരു അതിര്‍ത്തിയിലുള്ള ടോള്‍ഗേറ്റ് കടന്നയുടന്‍ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. ഇത് പോലീസുകാരെ തെറ്റിദ്ധരിപ്പിക്കാനുള്ള കെണിയായിരുന്നു.

തുടര്‍ന്ന് രഞ്ജിത്തിന്റെ ചെന്നെയിലെ കൂട്ടുകാരിയെ തപ്പി പോലീസുകാര്‍ അങ്ങോട്ടു പുറപ്പെട്ടപ്പോള്‍ പോലീസിന്റെ കെണി മനസിലാക്കിയ രഞ്ജിത്തും കൂട്ടുകാരിയും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് തിരിച്ചിരുന്നു. ഇതോടെ സ്‌ക്വാഡ് അംഗങ്ങള്‍ കോന്നിയിലേക്ക് തിരിച്ചു. രഞ്ജിത്തിന്റെ കൂട്ടുകാരിയുടെ വീട് കണ്ടുപിടിച്ചു. പിന്നീട് അവരുടെ കാറിന് പിന്നാലെ സഞ്ചരിച്ച പോലീസ് ടീം കോന്നി അങ്ങാടിയില്‍ കാത്തിരുന്ന മറ്റൊരു കാറിലേക്ക് യുവതി മാറിക്കയറുന്നത് കണ്ടു. ആ കാറില്‍ യുവതിയെ കാത്തിരുന്നത് കാക്ക രഞ്ജിത്തായിരുന്നു.

ഇരുവരേയും പിടിക്കാനുള്ള മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനിടെ മൊബൈല്‍ ഫോണ്‍ തന്നെയാണ് പോലീസിനെ തുണച്ചത്. രാമനാട്ടുകര അതിര്‍ത്തി കടന്നയുടനെ ഇവരുടെ കാര്‍ പോലീസ് വളഞ്ഞു. എന്നാല്‍ അന്ന് തന്നെ പിടികൂടിയ സി.ഐ രാജുവിനോട് രഞ്ജിത്ത് പറഞ്ഞത് ഇതാണ്. ' അഞ്ചു സംസ്ഥാനങ്ങളിലെ പോലീസ് തിരഞ്ഞിട്ട് പിടിക്കാന്‍ കഴിയാത്തയാളാണ് ഞാന്‍. നിങ്ങളുടെ സമയം. എന്റെ സമയക്കേടും.'

അന്ന് മോഷണം പോയത് 52 സ്വര്‍ണമാലകളായിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി അവയെല്ലാം പണയം വെക്കുകയും ചെയ്തു. ഓരോ സ്ഥലത്തെയും സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയുമൊക്കെ ഉപയോഗപ്പെടുത്തിയായിരുന്നു മോഷ്ടിച്ച സ്വര്‍ണം പണയം വെച്ചത്. ആഴ്ചകള്‍ നീണ്ട തെളിവെടുപ്പിന് ശേഷമാണ് പോലീസ് സ്വര്‍ണമാലകള്‍ കണ്ടെത്തിയത്.

'ഞാന്‍ ജനിച്ച ജീവിത സാഹചര്യമാണ് എന്നെ ഇങ്ങനെ ആക്കിത്തീര്‍ത്തതെന്നാണ് രഞ്ജിത്ത് പറയുന്നത്. തന്റെ അമ്മ ഗര്‍ഭിണി ആയപ്പോഴാണ് അച്ഛനും അമ്മയും വേര്‍പിരിഞ്ഞത്. പിന്നീട് അച്ചാര്‍ കമ്പനിയിലൊക്കെ ജോലി ചെയ്താണ് അമ്മ തന്നെ വളര്‍ത്തിയത്. രാവിലെ പോയാല്‍ വൈകുന്നേരമാണ് അമ്മ വരുന്നത്. കൂട്ടുകെട്ടുകള്‍ മോശം സാഹചര്യത്തിലേക്ക് മാറിയപ്പോള്‍ വഴക്കു പറയാനും ഉപദേശിക്കാനുമൊന്നും ആരുമുണ്ടായിരുന്നില്ല.' ഇതാണ് താന്‍ വഴി തെറ്റാനുള്ള കാരണമെന്നാണ് പിടികിട്ടാപ്പുള്ളിയെന്ന് പോലീസ് വിശേഷിപ്പിച്ച കാക്ക രഞ്ജിത്തിന് പറയാനുള്ളത്.

മറ്റുള്ള വീട്ടിലെ കുട്ടികള്‍ പണമുള്ളവരാണെന്നതും ചലച്ചിത്രങ്ങളിലെ നായകന്‍മാര്‍ സ്പിരിറ്റ് കടത്തുന്നതുമൊക്കെ രഞ്ജിത്തിന്റെ മനസ്സില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ' മോഹന്‍ലാല്‍ മുംബൈയിലൊക്കെ കറങ്ങി നടക്കുന്നതും പണമുണ്ടാക്കുന്നതുമൊക്കെ കണ്ടപ്പോള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നതിന്റെ ത്രില്‍ ആയിരുന്നു മനസില്‍. അതുകൊണ്ടുതന്നെ ആദ്യമായി സ്പിരിറ്റ് കടത്താന്‍ പോയപ്പോള്‍ അത് കുറ്റകൃത്യമായി തനിക്കു തോന്നിയില്ല' എന്നും രഞ്ജിത്ത് പറയുന്നു.

താന്‍ ഉള്‍പ്പെട്ട അന്‍പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തന്നെ പിടിച്ചെന്ന് പോലീസ് പറയുന്നത് തെറ്റാണെന്നാണ് രഞ്ജിത്തിന്റെ വാദം. ' ഞാന്‍ അറിഞ്ഞുകൊണ്ട് തല വെച്ചു കൊടുത്തതാണ് എല്ലായ്‌പ്പോഴും. അല്ലാതെ എന്നെയാരും പിടിച്ചുകൊണ്ടുപോയി ജയിലില്‍ അടച്ചതല്ല. പോലീസുകാര്‍ക്ക് വേണ്ടത് കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിനെ പിടിച്ചുവെന്ന പബ്ലിസിറ്റിയാണ്. ചെയ്യാത്ത കുറ്റം എന്റെ തലയില്‍ വെച്ചു കെട്ടിയിട്ടുമുണ്ട്.

ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സിന്റെ ഉടമയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കാന്‍ ശ്രമിച്ചുവെന്നത് കെട്ടിച്ചമച്ച കുറ്റമാണ്. അതിന്റെ പേരില്‍ 90 ദിവസമാണ് ജയിലില്‍ കിടക്കേണ്ടി വന്നത്' എന്നും രഞ്ജിത്ത് പറയുന്നു. ആലപ്പുഴയില്‍ വണ്ടിയില്‍ ഡ്രൈവറായി പോകുന്ന കാലത്താണ് രഞ്ജിത്ത്് സ്പിരിറ്റ് കടത്തുന്നയാളെ പരിചയപ്പെടുന്നത്. അയാളുടെ കൂടെക്കൂടിയപ്പോള്‍ ആദ്യത്തെ ഓപ്പറേഷനില്‍ 10,000 രൂപ കിട്ടി. പിന്നീട് അയാളുമായി എന്തോ പ്രശ്‌നമുണ്ടായപ്പോള്‍ ആ വണ്ടി തല്ലിപ്പൊളിക്കുകയും ചെയ്തു.

ഇതിനിടയില്‍ മാനസാന്തരം വന്ന രഞ്ജിത്ത് ബംഗളൂരുവില്‍ ബേക്കറിയും റെഡിമെയ്ഡ് ഷോപ്പുമായി ജീവിതം തുടങ്ങി. കഴിഞ്ഞ നാല് വര്‍ഷമായി കേസിലൊന്നും ഉള്‍പ്പെടാതെ നല്ല ജീവിതം നയിക്കുകയായിരുന്നു രഞ്ജിത്ത്. മാനസാന്തരം വരാനുണ്ടായ കാരണത്തെപ്പറ്റി രഞ്ജിത്ത് പറയുന്നത് ഇങ്ങനെയാണ്;

' കോയമ്പത്തൂരില്‍ മോഷണക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലായപ്പോള്‍ അവിടത്തെ റെയില്‍വെ പോലീസിലെ വനിതാ സി.ഐ എന്നോട് താന്‍ വഴിപിഴച്ചുപോകാനുള്ള കാരണങ്ങളെ കുറിച്ചും വീട്ടിലെ സാഹചര്യത്തെക്കുറിച്ചുമൊക്കെ ചോദിച്ചു. ഇനി കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്നും നല്ല മനുഷ്യനാകണമെന്നും വാക്കുതരണമെന്നും അവര്‍ പറഞ്ഞു. അന്ന് അവര്‍ക്ക് കൊടുത്ത വാക്ക് കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ പാലിക്കുകയാണ്'.

പോലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇനിയും കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാണ് അവര്‍ തരുന്നതെന്നാണ് രഞ്ജിത്ത് പറയുന്നത്. വേറെ ആരെങ്കിലും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അവരെക്കുറിച്ച് വിവരം തരണമെന്ന് പറഞ്ഞാണ് തന്നെ പുറത്തിറക്കി വിടാറുള്ളതെന്നും രഞ്ജിത്ത് വ്യക്തമാക്കി.

മാനസാന്തരം വന്നെങ്കിലും തനിക്ക് നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ബൈക്ക് കേസില്‍ പ്രതിയെ തപ്പി നടന്നാല്‍ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലായ കാക്ക രഞ്ജിത്തിന്റെ തലയില്‍ വെച്ചു കെട്ടും. എല്ലാ കേസിലും തന്നെ വെറുതെ വിട്ടതാണെന്ന് കാക്ക രഞ്ജിത്ത് പറയുന്നു. രഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍ പോലെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള അറസ്റ്റാണോ ഇതും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Also Read:
ഭര്‍തൃമതിയെ 3 വര്‍ഷക്കാലം പീഡിപ്പിച്ച യുവാവ് പിടിയില്‍; പീഡിപ്പിച്ചത് മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച്, വീഡിയോ പകര്‍ത്തി ബന്ധുക്കള്‍ക്ക് കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kakka Ranjith reveals his life, Kozhikode, Gold, Cinema, Mohanlal, Police, Airport, Pathanamthitta, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia