ജയലളിത ഓര്‍മ്മയായിട്ട് ഒരാണ്ട് തികയുന്നു; അമ്മയുടെ അഭാവം തങ്ങള്‍ക്ക് ദുരിതമെന്ന് തമിഴ് മക്കള്‍

 


ചെന്നൈ: (www.kvartha.com 05.12.2017) മുന്‍ തമിഴ് നാട് മുഖ്യമന്ത്രി ജെ ജയലളിത ഓര്‍മ്മയായിട്ട് ഒരാണ്ട് തികയുന്നു. പനിയും നിര്‍ജലീകരണവും ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ 75 ദിവസത്തെ ചികിത്സയ്ക്കിടെയാണ് ജയയെ മരണം കവര്‍ന്നെടുത്തത്. ജയയുടെ ആശുപത്രിവാസവും മരണവും ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ജയലളിതയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളാണു നടക്കുന്നത്. ചെന്നൈ മറൈന്‍ ഡ്രൈവിലെ സ്മാരകത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കും.

ജയലളിതയുടെ വിയോഗത്തോടെ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. അതിന്റെ അലയൊലികള്‍ ഇപ്പോഴും തുടരുന്നു. അതിനിടെ തോഴി ശശികലയും അവരെ പിന്തുണയ്ക്കുന്നവരും ചേര്‍ന്ന് ആശുപത്രിയില്‍ വെച്ച് ജയയെ കൊന്നതാണെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ സത്യം ഇതുവരെയും പുറമറ നീക്കി പുറത്തുവന്നിട്ടില്ല.

 ജയലളിത ഓര്‍മ്മയായിട്ട് ഒരാണ്ട് തികയുന്നു; അമ്മയുടെ അഭാവം തങ്ങള്‍ക്ക് ദുരിതമെന്ന് തമിഴ് മക്കള്‍

ജനമനസില്‍ ചിരപ്രതിഷ്ഠ നേടിയിരുന്ന അണ്ണാ ഡിഎംകെയില്‍ ജയയുടെ മരണത്തോടെ നേതാക്കളുടെ കാലുമാറ്റവും കുതികാല്‍വെട്ടലുമാണ് ഇപ്പോള്‍ നടക്കുന്നത്. തമിഴ് മക്കള്‍ക്ക് അഭയവും തണലുമായിരുന്നു 'അമ്മ'. ഉയിരിനും ഉയിരായി തമിഴ്ജനതയെ മക്കളെപ്പോലെ അവര്‍ തിരിച്ചു സ്‌നേഹിച്ചു. തമിഴ് ജനതയെയും രാഷ്ട്രീയത്തെയും അനാഥമാക്കി പുരട്ചി തലൈവി ജെ.ജയലളിത മാഞ്ഞുപോയപ്പോള്‍ തമിഴ് നാട്ടില്‍ അത് താങ്ങാനാവാതെ നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. നിരവധി അക്രമവും നടന്നിരുന്നു.

മരിക്കുന്നതിനു കുറച്ചു മാസങ്ങള്‍ക്കു മുന്‍പു നടത്തിയ പ്രസംഗത്തില്‍പോലും ജനത്തെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ വാക്ചാതുര്യം ജയലളിതയില്‍ പ്രകടമായിരുന്നു. 2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയ്ക്കാണ് ജയയുടെ മരണം സ്ഥിരീകരിച്ചത്. അണ്ണാ ഡിഎംകെയെയും സര്‍ക്കാരിനെയും ഏകാധിപത്യ സ്വഭാവത്തോടെ നയിച്ചിട്ടും ജയലളിതയെക്കുറിച്ചുള്ള അപദാനങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.

അതിനിടെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ കര്‍ണാടക അഗ്രഹാര ജയിലില്‍ കിടക്കേണ്ടിയും വന്നിരുന്നു. ജയിലില്‍ കിടന്ന അവസരത്തില്‍ വിശ്വസ്തനായ ഒ പനീര്‍ സെല്‍വത്തെ ജയലളിത താല്‍ക്കാലിക മുഖ്യമന്ത്രിയാക്കിയിരുന്നു. ജയലളിതയെ ജയിലിലാക്കിയപ്പോള്‍ തമിവ് നാട്ടില്‍ വലിയ പ്രക്ഷോഭങ്ങളാണ് നടന്നത്. ജയില്‍ മോചിതയായ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജയലളിത തികഞ്ഞ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

അണ്ണാ ഡിഎംകെയിലെ ചേരിതിരിവുകളും പൊട്ടിത്തെറികളും ദ്രാവിഡ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴി തുറന്നത്. തോഴിയായിരുന്ന വി.കെ.ശശികല ആദ്യം പാര്‍ട്ടിയുടെ തലപ്പത്തേക്കും പിന്നീട് ജയിലിലേക്കും എത്തി. വിശ്വസ്തരായിരുന്ന ഒ.പനീര്‍സെല്‍വവും എടപ്പാടി പളനിസാമിയും തെറ്റിപ്പിരിഞ്ഞു, പിന്നീട് ഒന്നിച്ചു. അകറ്റിനിര്‍ത്തിയിരുന്ന ടി.ടി.വി.ദിനകരന്‍ പാര്‍ട്ടി പിടിക്കാന്‍ കച്ചമുറുക്കുന്നു. മക്കള്‍വാദവുമായും ചിലരെത്തി. രജനീകാന്ത്, കമല്‍ഹാസന്‍ എന്നീ സൂപ്പര്‍താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. നടന്‍ വിശാല്‍ ആര്‍കെ നഗറില്‍ മത്സരിക്കുന്നു.

അധികാരത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങളും പരിഹാസങ്ങളും വര്‍ധിച്ചു കഴിഞ്ഞു. കൂടംകുളം ആണവ വിരുദ്ധ സമരമായിരുന്നു ജയലളിതയുടെ ഭരണകാലത്തു നടന്ന ശ്രദ്ധേയമായ സമരം. എന്നാല്‍ പുരട്ചി തലൈവിയില്ലാത്ത തമിഴ്‌നാട്ടിലിപ്പോള്‍ സമരങ്ങളില്ലാത്ത ദിനങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. കേന്ദ്ര സര്‍ക്കാരും ബിജെപിയും ആണ് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നിയന്ത്രിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇരുപത് വര്‍ഷത്തിനു ശേഷം പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ വസതിയായ വേദനിലയത്തില്‍ റെയ്ഡ് നടന്നത് നോക്കിനില്‍ക്കേണ്ടി വന്നു.

ഏകാധിപത്യ സ്വഭാവമുള്ള ഭരണാധികാരിയില്‍നിന്നു ജനകീയ മുഖ്യമന്ത്രിയായി ജയലളിത പരിണമിച്ചത് വമ്പന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചായിരുന്നു. 18 ക്ഷേമപദ്ധതികളാണ് പ്രധാനമായും അവര്‍ നടപ്പാക്കിയത്. പെണ്‍ഭ്രൂണഹത്യകള്‍ വ്യാപകമായ 1990- 91 കാലത്ത് ശിശുത്തൊട്ടിലുകള്‍ സ്ഥാപിച്ച് പെണ്‍കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. 2011ല്‍ 'താലിക്ക് തങ്കം തിട്ടം' എന്നപേരില്‍ യുവതികള്‍ക്ക് വിവാഹത്തിന് നാലു ഗ്രാം സ്വര്‍ണവും 50,000 രൂപയും നല്‍കി.

ഒരു രൂപയ്ക്ക് ഇഡലിയും അഞ്ചു രൂപയ്ക്ക് സാമ്പാറും ചോറും മൂന്നു രൂപയ്ക്ക് തൈര് സാദവും നല്‍കുന്ന 'അമ്മ ഉണവകം' ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. 'അമ്മ കുടിനീര്‍' പത്തു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം നല്‍കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് 20 ലിറ്റര്‍ കുടിവെള്ളം പ്രതിദിനം കിട്ടുന്നു. പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിരവധി ആശ്വാസ പദ്ധതികളും ജയലളിത നടപ്പിലാക്കിയിരുന്നു. എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യധാന്യം, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്.. തുടങ്ങി എണ്ണമറ്റ പദ്ധതികളാണ് അമ്മയുടെ കാലത്ത് തമിഴ് നാട്ടില്‍ നടപ്പിലാക്കിയത്. അതുകൊണ്ടുതന്നെ ജീവിതത്തെ നിത്യവും സ്പര്‍ശിക്കുന്ന അമ്മയെ തമിഴ് മക്കള്‍ക്ക് ഒരിക്കലും മറക്കാനാകില്ല.

Also Read:

ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി വോള്‍വോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിനിയടക്കം 3 പേര്‍ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Jayalalithaa death anniversary: Tamil Nadu marks a year of political uncertainty, Chennai, Chief Minister, Hospital, Treatment, Politics, News, Allegation, Jail, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia