സേതുരാമയ്യര്‍ക്കൊപ്പം വിക്രമും; 'സിബിഐ 5'ല്‍ ശക്തമായ കഥാപാത്രമായി ജഗതി ശ്രീകുമാര്‍ തിരികെയെത്തുന്നു; മകന് രാജ്കുമാറും ചിത്രത്തിന്റെ ഭാഗമാകുന്നു
Feb 28, 2022, 15:35 IST
കൊച്ചി: (www.kvartha.com 28.02.2022) 'സിബിഐ 5'ല്‍ സേതുരാമയ്യര്‍ക്കൊപ്പം ശക്തമായ കഥാപാത്രമായി ജഗതി ശ്രീകുമാര്‍ തിരികെയെത്തുന്നു. സിബിഐ സീരീസിലെ അഞ്ചാം പതിപ്പായ 'സിബിഐ 5 ദ ബ്രെയിനി'ല്‍ വിക്രമായാണ് ജഗതി ശ്രീകുമാര്‍ എത്തുന്നത്. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നത്.
സേതുരാമയ്യരായി വിസ്മയിപ്പിക്കാന് വീണ്ടും മമ്മൂട്ടിയെത്തുമ്പോള്‍ സഹപ്രവര്ത്തകന് ചാക്കോ എന്ന കഥാപാത്രമായി മുകേഷും എത്തുന്നു. കൂടാതെ രണ്‍ജി പണിക്കര്‍, സൗബിന് ഷാഹിര്‍, ആശ ശരത്ത്, സായ് കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജഗതിയുടെ മകന് രാജ്കുമാറും ചിത്രത്തിന്റെ ഭാഗമായി ഉണ്ട്.
സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 34 വര്‍ഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സ്വിച് ഓണ്‍ കര്‍മം നവംബര്‍ 29 ന് നിര്‍വഹിച്ചിരുന്നു. ഇതിന് മുന്‍പേ ഇറങ്ങിയ നാല് ചിത്രങ്ങളും വന്‍ വിജയമായിരുന്നു. ഈ അഞ്ചാം വരവിലും എസ് എന്‍ സ്വാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തിന്റെ പേരും മോഷന്‍ പോസ്റ്ററും ഫെബ്രുവരി 26 ന് പുറത്ത് വിട്ടിരുന്നു. സൈന മൂവീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രത്തില്‍ സിബിഐ ഉദ്യോഗസ്ഥനായി രമേശ് പിഷാരടിയും എത്തുന്നുണ്ട്. ഇത് ജഗതിക്ക് പകരമാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ സംശയമാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തീര്‍ത്തിരിക്കുന്നത്.
ലോക സിനിമ ചരിത്രത്തില്‍ തന്നെ ഒരേ നായകന്, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന് എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടം ചിത്രം നേടുമെന്ന് സംവിധായകന് കെ മധു പറഞ്ഞിരുന്നു. മുന്‍പ് നാല് തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.