Family Drama | ഇഴ: കലാഭവൻ നവാസും ഭാര്യ രഹനയും അഭിനയം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന സിനിമ


● സിറാജ് റെസയുടെ സംവിധാന മികവ് പ്രശംസനീയമാണ്.
● പുതുമുഖ താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നു.
● വർഷങ്ങൾക്ക് ശേഷം രഹന സിനിമയിലേക്ക് തിരിച്ചെത്തുന്നു.
● കുടുംബ ബന്ധങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്ത ‘ഇഴ' എന്ന സിനിമ തീയേറുകളിൽ റിലീസ് ആയിരിക്കുകയാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും സിറാജ് റെസ തന്നെ ആണ്. കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.
കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. തൊണ്ണൂറുകളിൽ മലയാളികളെ ചെറുതല്ലാത്ത വിധം ചിരിപ്പിച്ച നവാസ് കലാഭവൻ എന്ന നടന്റെ അടക്കമുള്ള അഭിനയമാണ് എടുത്ത് പറയേണ്ടുന്നത്. ഒപ്പം മികച്ച സപ്പോർട്ടുമായി ഏറെക്കാലത്തെ ഇടവേളക്ക് ശേഷം നായികയായി കലാഭവൻ നവാസിന്റെ ഭാര്യ രഹനയുമുണ്ട് തന്മയത്വത്തോടെയുള്ള പ്രകടനവുമായി. സംവിധായകന്റെ തന്നെ ഈണത്തിലും രചനയിലും മനോഹരമായ, കേൾക്കാൻ ഇമ്പമുള്ള മികച്ച ഗാനങ്ങളും ഉണ്ട് ഈ ചിത്രത്തിൽ. ഒട്ടേറെ നല്ല കലാകാരന്മാരും മികച്ച പെർഫോമൻസ് കാഴ്ച വെച്ചിരിക്കുന്നു.
സിറാജ് റെസയുടെ കയ്യടക്കമുള്ള സംവിധാനവും ഷമീർ ജിബ്രന്റെ ചായാഗ്രഹണവും ശ്യാം ലാലിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും നല്ല സന്ദേശവും അനുഭവവും നൽകുന്ന പുത്തൻ ആശയം. സിനിമയേക്കാൾ എത്രയോ ഉയരങ്ങളിലേക്ക് എത്തിയ സിനിമ. മലയാള സിനിമകളിൽ അന്യമായി കൊണ്ടിരിക്കുന്ന കഥകളും കഥാപാത്രങ്ങളും വെള്ളിത്തിരയിൽ നിന്നും കാഴ്ചക്കാരിലേക്ക് ഇറങ്ങിവരുന്ന നിരവധി സന്ദർഭങ്ങൾ. ചിലപ്പോൾ കണ്ണ് നനയിച്ചും അവർ വീണ്ടും വെള്ളിത്തിരയിലേക്ക് കയറിപ്പോകുന്നു. വളരെ ശക്തമായ സന്ദേശം നൽകുന്നതിൽ ഇഴ പൂർണ വിജയമാണ്.
ഡയറക്ഷനും ക്യാമറയും അഭിനേതാക്കളും അണിയറ പ്രവർത്തകരും ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. നവാസ് കലാഭവൻ ഭാര്യ രഹ്‌ന, ഇവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത്. ഇവരുടെ കുടുംബവും അതിനെ ചുറ്റിപ്പറ്റിയുള്ള സാധാരക്കാരുടെ കഥ പറയുന്ന സിനിമ. എന്നാൽ ഏറെ ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങൾ ശ്രദ്ധയിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് ഇതിന്റെ അണിയറപ്രവർത്തകർ. സത്യത്തിൽ ഈ സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങൾ അഭിനയ മികവുകൊണ്ട് ഞെട്ടിച്ചു കളഞ്ഞു.
ഇന്ന് സമൂഹത്തിൽ കണ്ടുവരുന്ന അന്ധവിശ്വാസം, അത്പോലെ ഭർതൃവീട്ടിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, നിവൃത്തികേടുകൊണ്ട് ഓരോ കെണിയിൽപോയി പെടുന്ന നായകൻ, സൗഹൃദം, അതുപോലെ അമ്മ മകൾക്ക് നൽകുന്ന ഉപദേശം, ഒരു നിമിഷം കൊണ്ട് ജീവിതം കൈവിട്ടുപോകുന്ന യുവാക്കളുടെ അനാവശ്യ ആഘോഷങ്ങൾ.. അങ്ങനെ ഒത്തിരി നന്മകൾ നിറഞ്ഞ ഒരു സിനിമയാണ് ‘ഇഴ’. സിനിമയുടെ സംവിധായകൻ സിറാജ് റെസ, ക്യാമറാമാൻ ഷമീർ ജിബ്രാൻ, മ്യൂസിക് ആൻഡ് സിംഗേഴ്സ് എല്ലാവരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുന്നു.
തീർച്ചയായും തിയേറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമയാണ്. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ ആണ്. ക്യാമറ നിർവഹണം ഷമീർ ജിബ്രാൻ. എഡിറ്റിംഗ് ബിൻഷാദ്. ബി ജി എം ശ്യാം ലാൽ. അസോസിയേറ്റ് ക്യാമറ എസ് ഉണ്ണികൃഷ്ണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ബബീർ പോക്കർ. സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ ആർ ക്രിയേഷൻസ്. കോ പ്രൊഡ്യൂസേഴ്സ് ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും, സംഗീതം നിർവഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്.
പ്രൊഡക്ഷൻ കൺട്രോളർ ഫായിസ് മുബീൻ, സൗണ്ട് മിക്സിങ്ങ് ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ വൈശാഖ് സോഭൻ, മേക്കപ്പ് നിമ്മി സുനിൽ, കാസ്റ്റിങ് ഡയറക്ടർ അസിം കോട്ടൂർ, സ്റ്റിൽസ് സുമേഷ്, ആർട്ട് ജസ്റ്റിൻ, കോസ്റ്റ്യൂം ഡിസൈൻ രഹനാസ് ഡിസൈൻ, ടൈറ്റിൽ ഡിസൈൻ മുഹമ്മദ് സല തുടങ്ങിയവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ. 'ഇഴ' ഇനി ചർച്ചചെയ്യപ്പെടാൻ പോകുന്നത് കാലഘട്ടത്തിന്റെ, അതിജീവനത്തിന്റെ, വ്യത്യസ്തതയുടെ, സഹോദര്യത്തിന്റെ എല്ലാം കഥ പറയുന്ന ഒരു അമൂല്യ കലാ സൃഷ്ടി എന്ന നിലയിലായിരിക്കും.
തികച്ചും കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ചിത്രം എല്ലാവരും കാണേണ്ടത് തന്നെയാണ്. സിനിമയിലെ പല മുഹൂർത്തങ്ങളും പലർക്കും തൊട്ടറിയാൻ സാധിക്കും എന്നുറപ്പാണ്. സമൂഹത്തിലും കുടുംബങ്ങളിലും നടക്കുന്ന പല വിഷയങ്ങളും സിനിമ എടുത്തു പറയുന്നുണ്ട്. ഇത്തരം നല്ല ചെറിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയാൽ അത് സങ്കടമാണ്. തീർച്ചയായും ഈ സിനിമ തീയേറ്ററിൽ പോയി തന്നെ കാണാൻ ശ്രദ്ധിക്കുക, ഈ സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.
ഈ സിനിമയുടെ എല്ലാ നല്ല സവിശേഷതകളും അനുഭവങ്ങളും മറ്റ് ആളുകളുമായും പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
'Izha' directed by Siraj Rez, features Kalabhavan Navaz and his wife Rahna in leading roles, delivering powerful performances. The film highlights crucial social issues with an impactful message, making it a must-watch family movie.
#IzhaMovie, #KalabhavanNavaz, #MalayalamCinema, #SocialIssues, #FamilyDrama, #MustWatchMovie