Movie | ആടുജീവിതം മോശം സിനിമയോ? 'പൃഥ്വിരാജിൻ്റെ അഭിനയവും ബോറ്, ബ്ലെസിയ്ക്ക് പഴയപോലെ ആകാനാവില്ല'
May 3, 2024, 23:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ കെ ആർ ജോസഫ്
(KVARTHA) ആടുജീവിതം എന്ന സിനിമ ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ അടുത്തിടെ റിലീസ് ആയ ചിത്രം ആയിരുന്നു. വലിയൊരു വിജയം തന്നെയാണ് ഈ സിനിമയ്ക്ക് ഉണ്ടായതെന്ന് പറയാതെ തരമില്ല. പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു. സിനിമ റിലീസ് ചെയ്ത് ഇത്രയും ദിവസമായപ്പോഴും ഈ സിനിമയെ ചുറ്റിപ്പറ്റി പല ചർച്ചകളും ഇപ്പോഴും നടന്നു വരുന്നു എന്നതാണ് സത്യം. ഇത് യഥാർത്ഥത്തിൽ സംഭവിച്ച കഥയാണ്. നജീബ് എന്ന പ്രവാസിയുടെ ജീവിതത്തെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസിയുടെ സംവിധാനത്തിൽ പിറവിയെടുത്ത സിനിമയാണ് ആട് ജീവിതം.
വളരെയധികം പേരും ഈ സിനിമയെ പ്രകീർത്തിച്ച് നിരുപണം എഴുതുന്നുണ്ട്. ഭൂരിപക്ഷം പേരും കൊള്ളാവുന്ന സിനിമയെന്ന് പറഞ്ഞാണ് വാഴ്ത്തുന്നത്. നെഗറ്റീവ് നിരൂപണങ്ങൾ കണ്ടില്ലെന്നു തന്നെ പറയാം. അങ്ങനെയിരിക്കെയാണ് ആട് ജീവിതം എന്ന സിനിമയെപ്പറ്റി സോഷ്യൽ മീഡിയയിൽ വന്ന ഒരു നെഗറ്റീവ് നിരൂപണം എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. ബിജു മുഹമ്മദ് കരുനാഗപ്പള്ളി എന്നയാൾ എഴുതിയ നിരൂപണം ആകർഷകമായി എനിക്ക് തോന്നി. എല്ലാവരും തള്ളുമ്പോൾ അതിനൊപ്പം നിന്ന് തള്ളാതെ വേറിട്ട ഒരു അഭിപ്രായം പോലെ ഇതിനെ കാണാൻ പറ്റി. അതിൽ കുറച്ച് സത്യം ഉണ്ടെന്നും തോന്നി. അതിനാൽ അദേഹത്തിൻ്റെ ആട് ജീവിതം എന്ന സിനിമയെക്കുറിച്ചുള്ള വിശകലം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. അത് ഇങ്ങനെയാണ്:
'ഇതിലും നല്ലത് പ്രേക്ഷകരെ ആ കാട്ടറബിയുടെ ബസ്രയിൽ എത്തിക്കുന്നതായിരുന്നു. ആട് ജീവിതം വൈകിയാണ് കണ്ടത്. 25 ദിവസംകൊണ്ട് 150 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടിയ ആട് ജീവിതം പ്രേഷകരെ സുന്ദരമായി കബളിപ്പിക്കുകയായിരുന്നു. നോവൽ വായിച്ച പ്രേക്ഷകർക്ക് ഈ സിനിമ നൽകിയത് അറുബോറ് നിമിഷങ്ങൾ. കാഴ്ച (മമ്മൂട്ടി), തൻമാത്ര (മോഹൻലാൽ), ഭ്രമരം (മോഹൻലാൽ) പളുങ്ക് (മമ്മൂട്ടി), പ്രണയം (മോഹൻലാൽ, അനുപം ഖേർ ) തുടങ്ങിയ സുന്ദരമായ ചിത്രങ്ങൾ നൽകിയ ബ്ലസിയിൽ നിന്നും ഇങ്ങനെ ഒരു സിനിമ പ്രതീക്ഷിച്ചില്ല. ഈ സിനിമയിൽ ബ്ലസി എന്ന സംവിധായകനെ കാണാൻ കഴിഞ്ഞില്ല. പകരം പൃഥിരാജിന് വേണ്ടി കെട്ടിയിറക്കിയ ഒരു സംവിധായകനെയാണ് കണ്ടത്.
പൃഥിരാജിൻ്റെ പണം മുടക്കിയ പക്കാ കച്ചവടം. കഥാപാത്രത്തിൻ്റെ ആത്മാവ് ഉൾക്കൊള്ളാതെ കേവലം ഫാൻസി ഡ്രസ്സ്. ഇടവേളക്ക് ശേഷം പ്രേക്ഷകൻ്റെ ക്ഷമയെ പരീക്ഷിക്കുന്ന വലിച്ചിഴപ്പ്. സിനിമയിൽ വലിച്ചിഴപ്പ് കാലം കഴിഞ്ഞു എന്നത് ബ്ലസി അറിഞ്ഞില്ലെന്നുണ്ടോ? ബെന്യാമിൻ മനോഹരമായി ഹൃദയത്തിൽ തട്ടി എഴുതിയ നോവൽ ദൃശ്യവൽക്കരിച്ചപ്പോൾ ആ ഭാഷയുടെ ആഴങ്ങൾ തൊട്ടറിയാൻ ബ്ലസിക്ക് കഴിഞ്ഞിട്ടില്ല. പട്ടിണി കിടന്ന് വെയിറ്റ് കുറച്ചാൽ നല്ല നടനാകുമോ? ഏച്ചു വെച്ച് കെട്ടിയ പ്രണയ സീനുകൾ കണ്ടാൽ 20 വർഷം പിറകിലാണ് ബ്ലസി നിൽക്കുന്നത് എന്ന് പറയേണ്ടി വരും. ജനറേഷൻ ഗ്യാപ്പ്. മരുഭൂമിയിലേക്ക് ക്യാമറ തുറന്ന് വെച്ചാൽ ആട് ജീവിതമാകില്ല ആരോ പറയുന്നത് കേട്ടു.
പ്രിഥ്വിക്ക് ഓസ്ക്കാർ കൊടുക്കണമെന്ന്! കഷ്ടം ഓസ്ക്കാറിനൊക്കെ ഒരു വിലയുമില്ലേ . അങ്ങനെയൊക്കെ ഓസ്ക്കാർ കൊടുക്കണമായിരുന്നെങ്കിൽ ബ്ലസിയുടെ മറ്റ് ചിത്രങ്ങളിൽ അഭിനയിച്ച മമ്മൂട്ടി (കാഴ്ച), മോഹൻലാ (തൻമാത്ര) ലിനുമായിരുന്നു. പിന്നെ എന്തുകൊണ്ട് ഈ ചിത്രം വിജയിച്ചു? നോവലിലെ കഥാപാത്രമായ ആറാട്ട് പുഴക്കാരൻ ഷുക്കൂറിന്റെ (നോവലിൽ നജീബ്) സങ്കടങ്ങളും, നിസ്സഹായവസ്ഥകളും സിനിമയുടെ പ്രമോഷനുപയോഗിച്ചത് വഴി നേടിയ ഗുഡ് വില്ലാണ് ചിത്രത്തെ വിജയത്തിലേക്ക് എത്തിച്ചത്. 'മലയാളികൾ പണ്ടേ കരുണയും , സഹാനുഭൂതിയും ഉള്ളവരാണല്ലോ'. യഥാർത്ഥ നജീബിനോട് തോന്നിയ സ്നേഹവും , കാരുണ്യവും, പ്രീതിയും, പ്രിഥ്വി രാജും ബ്ലസിയും നന്നായി മാർക്കറ്റ് ചെയ്തു. ഇതിനായി ധാരാളം ഓൺലൈൻ ചാനലുകാരെ കൂട്ടുപിടിച്ചു. അല്ലാതെ നോവൽ വായിച്ചിട്ടുള്ള ഒരാളിന് ഈ സിനിമ നൽകുന്നത് നിരാശയാണ്.
ഇതാണ് ആ നിരൂപണം. വായിക്കുമ്പോൾ ആർക്കും ഇതിൽ കുറച്ച് സത്യമുണ്ടെന്ന് തോന്നാം. ഒരു സംരംഭം ആകുമ്പോൾ പോസിറ്റീവും നെഗറ്റീവും ആയ അഭിപ്രായങ്ങൾ ഉയരണം. എങ്കിലേ മാറ്റിപ്പിടിക്കാനും മാറി ചിന്തിക്കാനും അധികാരികളെ പ്രാപ്തരാക്കു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.