Criticism | വിനയനെ ഒതുക്കിയത് മമ്മൂട്ടിയും മോഹൻലാലും ദിലീപുമാണോ? സംവിധായകനോട് സിനിമാ പ്രേമിക്ക് പറയാനുള്ളത് 

 
Vinayan's Criticism of Superstars

Photo Credit: Facebook / Vinayan Tg

ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിനയൻ സൂപ്പർതാരങ്ങൾക്കെതിരേ ശക്തമായ വിമർശനം നടത്തിയിട്ടുണ്ട് 

ഡോണൽ മൂവാറ്റുപുഴ

(KVARTHA) ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഇതുവരെ ശബ്ദിക്കാതെ കിടന്ന പലരും ഗർജിച്ചുകൊണ്ട് രംഗത്തുവരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പലരും സൂപ്പർതാരങ്ങളെ പഴിചാരി ശ്രദ്ധനേടാൻ കിണഞ്ഞു പരിശ്രമിക്കുന്നതും ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ദിലീപിനെയുമെല്ലാം പരമാവധി ഇടിച്ചു താഴ്ത്തി ഇവർ മുന്നേറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. 

താൻ എന്തോ വലിയ സംഭവമാണെന്ന മട്ടിൽ, താൻ അന്ന് പറഞ്ഞത് കേട്ടിരുന്നുവെങ്കിൽ സൂപ്പർതാരങ്ങൾക്കൊന്നും ഇങ്ങനെയൊരു ഗതി വരില്ലായിരുന്നു എന്ന തരത്തിലാണ് ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത്രയൊക്കെ ഇവർ പറയുന്നുണ്ടെങ്കിലും മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കെതിരെയും മോഹൻലാലിനെതിരെയും ആരും ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ലെന്നതാണ് സത്യം. 

ഇവരെ വലിയ രീതിയിൽ ആക്രമിക്കുന്നതിൽ പ്രധാനി പഴയകാല മുൻനിര സംവിധായകൻ വിനയൻ ആണെന്ന് ആക്ഷേപമുണ്ട്. സൂപ്പർതാരങ്ങൾ പാരവെച്ചതുകൊണ്ടാണ് തനിക്ക് സിനിമ ഇല്ലാതെ പോയതെന്ന് അദ്ദേഹം പറയുന്നു. സൂപ്പർ താരങ്ങളുടെ നിലപാടുകളെ തുറന്നു പറഞ്ഞതുകൊണ്ട് ഇവർ എല്ലാം ചേർന്ന പവർഗ്രൂപ്പ് തനിക്ക് സിനിമ നിഷേധിക്കുകയാണെന്നൊക്കെയാണ് വിനയൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് ശരിയാണോ? ഈ അവസരത്തിൽ ഒരു മലയാള സിനിമാ പ്രേമിയെഴുതിയ ഒരു പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കുറിപ്പിൽ പറയുന്നത്: ഡയറക്ടർ വിനയൻ, ഇദ്ദേഹം മുൻപ് പല പ്രാവശ്യം പറഞ്ഞിരുന്നു എന്നെ ഒതുക്കിയത് ദിലീപ് ആണെന്ന്. ഇപ്പോൾ പറയുന്നു മലയാള സിനിമയിലെ 15 അംഗ ഗ്രൂപ്പ് ആണ് എന്ന്. യക്ഷിയും ഞാനും, ഡ്രാക്കുള, ആകാശ ഗംഗ 2, ബ്ലാക്ക് ക്യാറ്റ്, രഘുവിന്റെ റസിയ പോലെയുള്ള കൂതറ പടങ്ങൾ എടുത്തു വച്ചിട്ട് പണ്ട് വാസന്തിയും ലക്ഷ്മിയും എടുത്തത് ഞാനാണ്, കരുമാടിക്കുട്ടൻ എടുത്തത് ഞാനാണ് എന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ. 2005 ൽ ഇറങ്ങിയ അത്ഭുതദ്വീപ് ആണ് അവസാന ഹിറ്റ്‌. 2005 ൽ തന്നെ ഇറങ്ങിയ ബോയ്ഫ്രണ്ട് ആണ് ഒരു വിധം കണ്ടിരിക്കാൻ പറ്റിയ അവസാനത്തെ പടം.

വിനയന്റെ പല പടങ്ങളും ഹിറ്റ്‌ ആയിരുന്നു. അതിന്റെ ഇടയ്ക്കു എന്നെ പോലെ ഉള്ള സിനിമ പ്രേമികൾ പോലും കെട്ടിട്ടില്ലാത്ത ബ്ലേഡ് പടങ്ങളും വന്നു പോയിട്ടുണ്ട്. 2022ൽ പത്തൊൻപതാം നൂറ്റാണ്ട് നല്ലപോലെ ഓടി. പക്ഷെ അത് വിജയിച്ചു കഴിഞ്ഞപ്പോൾ അതിലെ നായകൻ സിജു വിൽസൺ വരെ പറഞ്ഞു, ആദ്യം അഭിനയിക്കാൻ വിളിച്ചപ്പോൾ പേടി ആയിരുന്നു എന്ന്. പണ്ടത്തെ പെരുമ പറഞ്ഞിരിക്കാതെ നല്ല സിനിമകൾ ഉണ്ടാക്കിയെങ്കിൽ ജനങ്ങളും നടന്മാരും തോളത്തു പൊക്കി കൊണ്ട് നടന്നേനെ. സ്വന്തമായി പുറത്തായതാണ്. ആരും പുറത്താക്കിയതല്ല. അത് മനസിലാക്കുക. ഇതേ പോലെ ആണ് രാജസേനൻ. പണ്ട് ഹിറ്റുകൾ ചെയ്തു. അടുത്തിടക്ക് കണ്ടിരിക്കാൻ പോലും പറ്റാത്ത വെറുപ്പിക്കൽ പടങ്ങൾ. 

കൂലി എഴുത്താണ് എന്ന് പറഞ്ഞു. പവർ ടീംന്റെ ആളാണ് എന്ന് പറയുന്നു. ദിലീപിന്റെ ആളാണ് എന്ന് പറയുന്നു. ഒരു മണ്ണാങ്കട്ടിയും അല്ല. ഞാൻ ഒരു സാധാരണ സിനിമ പ്രേമി ആണ്. ആരുടേയും ഫാനും അല്ല. നിങ്ങൾ ഇവിടെ പറയുന്ന വിനയൻ അദ്ദേഹത്തിന്റെ സിനിമയുടെ ലിസ്റ്റ് നോക്കിയിട്ട് തന്നെ ആണോ? അത്ഭുതദ്വീപ് കഴിഞ്ഞു പുള്ളി എടുത്ത പടം അതിശയൻ ആയിരുന്നു. അതിൽ കാവ്യാ, ജഗദീഷ്, ജാക്കി ഷെറോഫ് പോലെയുള്ള വലിയ ഒരു താര നിര ഉണ്ടായിരുന്നു. പക്ഷെ പടം നന്നായില്ല. അത് കഴിഞ്ഞു എടുത്ത പടം സുരേഷ് ഗോപിയെ വച്ചു. ബ്ലാക്ക് ക്യാറ്റ് ആ പടം കണ്ടവർ ഇവിടെ വന്നു നെഗറ്റീവ് കമന്റ്‌ ഇടില്ല. 

അടുത്ത പടം ഇന്ദ്രജിത്, ജയസൂര്യ, മണിക്കുട്ടൻ പേര് ഹരീന്ദ്രൻ നിഷ്കളങ്കൻ. ആ പടം പൊട്ടിയപ്പോൾ വിനയൻ ഓപ്പൺ ആയിട്ട് പറഞ്ഞു, മമ്മൂട്ടിയും മോഹൻലാലും ഫാൻസിനെ വച്ചു കൂവി തോൽപിച്ച പടം ആണെന്ന്. ഈ പടങ്ങളൊക്കെ യൂട്യൂബിൽ ഉണ്ട്, പോയി കണ്ടു നോക്ക്. ഇവിടെ കിടന്നു കൂവുന്ന വിനയൻ ഫാൻസ് എത്ര പേര് ആ പടം കണ്ടിട്ടുണ്ട്. അടുപ്പിച്ചു കുറെ പടങ്ങൾ വെറും കൂതറ ആയിട്ട് വന്നാൽ പിന്നെ വലിയ താരങ്ങൾ ഡേറ്റ് കൊടുക്കില്ല. ഞാൻ ഈ എല്ലാ പടവും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട ആളാണ്'. 

ഇതാണ് ആ പോസ്റ്റ്. ചിന്തിച്ചാൽ വിനയൻ എന്ന സംവിധായകനെ നശിപ്പിച്ചത് അദേഹത്തിൻ്റെ സമീപകാല സിനിമകൾ തന്നെയാകും എന്ന് മനസ്സിലാകുമെന്നാണ് പലരും പറയുന്നത്. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പുതുതായി കടന്നു വരുന്ന പുതുസംവിധായകരുടെ സിനിമകൾ പോലും ഇപ്പോൾ വിജയിച്ചു വരുന്ന കാലമാണ്. ഒരു പക്ഷേ, അതിൽ സൂപ്പർ സ്റ്റാറുകൾ പോലും ഉണ്ടാകുന്നില്ല എന്നതാണ് സത്യം. 

അവർക്ക് തുടർച്ചയായി സിനിമകൾ എടുക്കാനും വിജയിപ്പിക്കാനും കഴിയുന്നുണ്ട്. നമ്മുടെ പരാജയം മറ്റൊരാളുടെ തലയിൽ കെട്ടിവെച്ച് നിർവൃതി അടഞ്ഞിട്ട് കാര്യമില്ല. കാലോചിതമായി നല്ല സിനിമകൾ എടുക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ വിനയൻ എന്നല്ല ആരും തൂത്തെറിയപ്പെടും. അതിന് വെറുതെ ഇരിക്കുന്ന സൂപ്പർതാരങ്ങളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യമുണ്ടോ?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia