ചലച്ചിത്ര സീരിയല്‍ ഹൃസ്വ ചിത്ര നിര്‍മ്മാണത്തിന്റെ പേരില്‍ സംസ്ഥാനത്ത് വന്‍ തട്ടിപ്പ് സജീവം, വീഴുന്നത് അഭിനയ മോഹവുമായി നടക്കുന്നവര്‍

 


ആലപ്പുഴ: (www.kvartha.com 02.07.2018) ചലച്ചിത്ര നിര്‍മ്മാണം തുടങ്ങി സീരിയല്‍, ഷോര്‍ട്ട് ഫിലിം അടക്കം ദൃശ്യ വിനോദ മാധ്യമങ്ങളില്‍ അരങ്ങിലും അണിയറയിലും അവസരം നല്‍കാമെന്നു കാട്ടി വിദ്യാര്‍ത്ഥികള്‍ -യുവാക്കള്‍ തുടങ്ങി മുതിര്‍ന്നവരെ വരെ പറ്റിക്കുന്ന സംഘം സംസ്ഥാനത്ത് സജീവം. പത്രങ്ങളിലും നവമാധ്യമങ്ങളിലുമടക്കം ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തിയിരുന്ന സംഘം ഇപ്പോള്‍ പോസ്റ്റര്‍ പ്രചരണത്തിലൂടെ വരെയും ഇരകളെ വലയിലാക്കുവാന്‍ തന്ത്രം മെനയുന്നു.

സാമ്പത്തികമായി ഉന്നതിയിലുള്ളവരെ ദൃശ്യമാധ്യമങ്ങളില്‍ പണം മുടക്കിയാല്‍ ലഭിക്കുന്ന അനന്തമായ സാധ്യതകളുടെ മോഹവലയത്തില്‍പ്പെടുത്തിയാണ് പലപ്പോഴും കെണിയില്‍ വീഴ്ത്തുന്നതെങ്കില്‍ അത്യാ വശ്യം സൗന്ദര്യവും കലാബോധവും അഭിനയ ശേഷിയുമുള്ള വിവിധ തരക്കാരായ ആളുകളെ ഓഡിഷന്റെയും മറ്റും പേരില്‍ ചെറു തുകകള്‍ കൈപ്പറ്റിയാണ് വഞ്ചിക്കുന്നത്. ഇതിനായി ദൃശ്യവിനോദ രംഗത്തെപ്പറ്റി സമാന്യം ജ്ഞാനമുള്ള ഒന്നോ രണ്ടോ സിനിമയുടെയോ സീരിയലുകളുടെയോ മറ്റോ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അണിയറ പ്രവര്‍ത്തകരെ മുന്‍നിര്‍ത്തിയാണ് ചതിക്കുഴി ഒരുക്കുന്നത്.

ചലച്ചിത്ര സീരിയല്‍ ഹൃസ്വ ചിത്ര നിര്‍മ്മാണത്തിന്റെ പേരില്‍ സംസ്ഥാനത്ത് വന്‍ തട്ടിപ്പ് സജീവം, വീഴുന്നത് അഭിനയ മോഹവുമായി നടക്കുന്നവര്‍

പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചാണ് തട്ടിപ്പിന്റെ ഉറവിടം. ചലച്ചിത്ര നിര്‍മ്മാണത്തിന്റെ പേരില്‍ ദിവസങ്ങളോളം മുന്തിയ ഹോട്ടലുകളില്‍ മുറിയെടുത്ത് തിരക്കഥാ ചര്‍ച്ചയും മറ്റ് അനുബന്ധകാര്യങ്ങളും തീരുമാനിച്ചു കഴിയുമ്പോഴേക്കും തന്നെ പല പുത്തന്‍ നിര്‍മ്മാതാക്കളുടെയും പോക്കറ്റ് കാലിയായിരിക്കും. എന്നാല്‍ പുറത്തിറങ്ങാന്‍ പോകുന്ന പുത്തന്‍ പടത്തിന്റെ പ്രാഥമിക വാര്‍ത്തകള്‍ ഇതിനകം വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കും.

ഇതിനു ശേഷമാണ് പലപ്പോഴും നിര്‍മ്മാതാവ് പോലുമറിയാതെ അഭിനയ താത്പര്യമുള്ളവരെ വലയിലാക്കുന്നത്. ആധുനിക തട്ടിപ്പില്‍ ചിത്രത്തിന്റെ പൂജ പോലും പ്രമുഖരെ അണിനിരത്തി ആര്‍ഭാടപൂര്‍വ്വം നടത്തിയിരിക്കും. ചില തട്ടിപ്പു സംഘങ്ങള്‍ ഒന്നു രണ്ടു ദിവസത്തെ ചിത്രീകരണവും സംഘടിപ്പിക്കാറുണ്ട്. ഇത്തരം'റാക്കറ്റു'കളുടെ കെണിയില്‍പ്പെട്ട് നിരവധി ആളുകള്‍ക്കാണ് പണം നഷ്ടമാകുന്നത്.

അടുത്തിടെ ഒരു ഇടത്തരം പ്രവാസി വ്യവസായിയെ കുടുക്കിയ സംഘം പുത്തന്‍ പടത്തിന്റെ പൂജ പോലും വിദേശത്ത് നടത്തി. സീരിയല്‍ ഷോര്‍ട്ട് ഫിലിം രംഗത്തും സമാന രീതിയിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. ദൃശ്യവിനോദ രംഗത്ത് പുത്തന്‍ സംരംഭവുമായി എത്തുന്നവര്‍ക്ക് വേണ്ട ദിശാബോധം നല്‍കുവാന്‍ ബന്ധപ്പെട്ട സാംസ്‌കാരിക വകുപ്പിനു കഴിയുന്നില്ല. ദൃശ്യ വിനോദ രംഗത്തെ തട്ടിപ്പു സംഘങ്ങളുടെ പിടിയില്‍ നിന്നും മോചിപ്പിക്കുവാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Keywords: Film shooting cheating gang increased in Kerala, Alappuzha, News, Cheating, Cinema, Hotel, Poster, Media, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia