പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമ ഒടിടിക്ക് നല്‍കിയതെന്ന് ദുല്‍ഖര്‍; താരത്തിനെതിരെയുള്ള വിലക്ക് പിന്‍വലിച്ച് തിയേറ്റര്‍ ഉടമകളുടെ സംയുക്ത സംഘടന
Mar 31, 2022, 17:57 IST
കൊച്ചി: (www.kvartha.com 31.03.2022) ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കംപനിക്ക് എതിരെ ഏര്‍പെടുത്തിയ വിലക്ക് കേരളത്തിലെ തിയേറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് പിന്‍വലിച്ചു. തന്റെ പടം ഒടിടി റിലീസ് ചെയ്തതിനുള്ള വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ദുല്‍ഖറിനെതിരെയുള്ള വിലക്ക് പിന്‍വലിച്ചത്.
പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമ 'സല്യൂട്' ഒടിടിക്ക് നല്‍കിയതെന്നായിരുന്നു ദുല്‍ഖര്‍ അറിയിച്ചത്. തന്റെ തുടര്‍ന്നുള്ള ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് തന്നെ ആകും എന്ന് ദുല്‍ഖറിന്റെ നിര്‍മാണ കംപനി അറിയിച്ചു. വിശദീകരണം തൃപ്തികരമെന്ന് ഫിയോക് വിലയിരുത്തി. തുടര്‍ന്നാണ് വിലക്ക് നീക്കിയത്.
ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് 'സല്യൂട്' സിനിമ ഒടിടിക്ക് നല്‍കിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സല്യൂട് തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയില്‍ എത്തുന്നതെന്നും സംഘടന വിലക്ക് ഏര്‍പെടുത്തിയപ്പോള്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസാണ് 'സല്യൂട്' നിര്‍മിച്ചത്
ദുല്‍ഖറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രിലര്‍ ചിത്രമാണ് 'സല്യൂട്'. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്.
വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.