സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ മലയാള സിനിമയിലും തുറന്നു പറച്ചിലുമായി താരങ്ങള്‍; വിവേചനത്തെക്കുറിച്ച് പ്രതികരിച്ച നടന്‍ നീരജ് മാധവിനെതിരെ ഫെഫ്ക

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 18.06.2020) സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ച് പ്രതികരിച്ച നടന്‍ നീരജ് മാധവിനെതിരെ ഫെഫ്ക. മലയാളസിനിമയില്‍ മുളയിലെ നുള്ളുന്നവരുണ്ടെന്ന പരാമര്‍ശം ആരൊക്കെ ഉദ്ദേശിച്ചാണെന്ന് നീരജ് വ്യക്തമാക്കണം. അങ്ങനെ ഉള്ളവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കും. നീരജിന്റെ ഫേസ്ബുക് പോസ്റ്റില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടെന്നും വ്യക്തമാക്കിയ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'ക്ക് കത്ത് നല്‍കി.

സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ മലയാള സിനിമയിലും തുറന്നു പറച്ചിലുമായി താരങ്ങള്‍; വിവേചനത്തെക്കുറിച്ച് പ്രതികരിച്ച നടന്‍ നീരജ് മാധവിനെതിരെ ഫെഫ്ക

യുവനടന്‍ നീരജ് മാധവ് ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെയാണ് മലയാളിസിനിമയിലും താരങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അടക്കം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം അനുഭവം നീരജിനോ അദ്ദേഹവുമായി ബന്ധമുള്ളവര്‍ക്കോ ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു കമലിന്റെ പ്രതികരണം.

സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ മലയാള സിനിമയിലും തുറന്നു പറച്ചിലുമായി താരങ്ങള്‍; വിവേചനത്തെക്കുറിച്ച് പ്രതികരിച്ച നടന്‍ നീരജ് മാധവിനെതിരെ ഫെഫ്ക

നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട്', ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്, ''അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം.'' അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനില്‍ക്കുന്ന ഒരു ഹൈറാര്‍ക്കി സമ്പ്രദായമുണ്ട്. സീനിയര്‍ നടന്മാര്‍ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവ്. ചായ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്‍പ്പിക്കുമ്പോഴാണ് പ്രശ്‌നം. കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നാല്‍ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാല്‍ അഹങ്കാരം, സ്‌ക്രിപ്റ്റില്‍ അഭിപ്രായം പറഞ്ഞാല്‍ ഇടപെടല്‍. നമ്മള്‍ കാഷ്യുല്‍ ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാന്‍ പറ്റാത്ത രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. എക്‌സ്ട്രീമിലി ജഡ്ജ്‌മെന്റ് ആയിട്ടുള്ള ഒരു പറ്റം കൂട്ടര്‍.

വളര്‍ന്നുവരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിന്‍ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണ്, എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടില്‍ പോവുക. എന്നാല്‍ നിങ്ങളെ അടുത്ത പടത്തില്‍ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയില്‍ അല്‍പം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല 'സിനിമക്കാരുടെയും' ഗുഡ് ബുക്ക്‌സില്‍ ഞാന്‍ കേറിപറ്റിയിട്ടില്ല. അല്‍പം റഡിമാന്‍ഡിംഗ് ആയതിന്റെ പേരില്‍ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാന്‍ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്‌നവുമാണ് എന്നിരിക്കെ, സിനിമയില്‍ മുന്നേറാന്‍ നമ്മള്‍ക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാന്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു ഷോ ബിസിനസ് കൂടിയാണ്, അപ്പോള്‍ കൂടുതല്‍ ശമ്പളം മേടിക്കുന്നവര്‍ ആണ് താരങ്ങള്‍. നായികയുടെ ഹെയര്‍ ഡ്രെസ്സറിന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ അധ്വാനമുണ്ട്. എന്നാല്‍ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാല്‍ സിനിമയില്‍ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിര്‍ണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാന്‍ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കില്‍ പിന്നെ സേഫ് ആണ്.

ആദ്യകാലത്തെ കോമഡി വേഷങ്ങളില്‍ നിന്ന് ചുവട് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. സാറ്റലൈറ്റ് വാല്യു മുതല്‍ സിനിമയ്ക്കു നല്ല തീയറ്ററുകള്‍ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത് പടം തീയറ്ററില്‍ എത്തിച്ചാല്‍ നിങ്ങളില്‍ എത്ര പേര് ആദ്യവാരം പോയിക്കാണും? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം എബൗ ആവറേജ് ആയാലും പോരാ, എക്‌സെപ്ഷണല്‍ ആണേല്‍ ഞങ്ങള്‍ വിജയിപ്പിക്ക്കാം. അല്ലേല്‍ വിമര്‍ശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകള്‍ പോലും ഇക്കൂട്ടര്‍ വിജയിപ്പിക്കുന്നില്ലേ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തില്‍ എന്താണ് ഇത്ര കാര്‍ക്കശ്യം? ആരോട് പറയാന്‍.

ഇത്രയൊക്കെ എഴുതാന്‍ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച സുശാന്ത് സിങ് രജാപുത് എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റോണത് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. ബോളിവുഡില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത സുശാന്തിന്റെ ഇന്‍ഡസ്ട്രിയിലെ ചെറുത്ത് നില്‍പ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇന്‍ഡസ്ട്രയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണെങ്കില്‍ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും. ഫാമിലി മാന്‍നു വേണ്ടി(അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം )മുംബൈയില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകന്‍ നിതെഷ് തിവാരി ചിച്ചോരെ യില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്, സ്‌ക്രീന്‍ ടെസ്റ്റും മേയ്ക്ക് അപ്പ് ചര്‍ച്ചയും എല്ലാം കഴിഞ്ഞു ജോയിന്‍ ചെയ്യാന്‍ ഇരിക്കെയാണ് ഡേറ്റ് ക്ലാഷ് മൂലം അത് കൈവിട്ടു പോയത്, അതില്‍ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയില്‍ അഭിനയിച്ചിരുന്നേല്‍ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചേനെ, സിനിമയില്‍ ഗോഡ് ഫാദര്‍ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്‌നവും ഒരുപാട് റിലേറ്റ് ചെയ്യാന്‍ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയേനെ.

ഇനിയും നീട്ടി വലിക്കുന്നില്ല, എന്നെങ്കിലും പറയണമെന്ന് വിചാരിച്ച ചില കാര്യങ്ങള്‍ ആണ്, ഇപ്പോള്‍ പങ്ക് വെക്കണമെന്ന് തോന്നി. സിനിമയെ സ്വപ്‌നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവര്‍ നേരിടാന്‍ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാന്‍ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാല്‍, ഇന്‍ എ ഫെയര്‍ റേസ് എവരിവണ്‍ ഡേസേര്‍വ്‌സ് ആന്‍ ഈക്വല്‍ സ്റ്റാര്‍ട്ട്. സംവരണം വേണ്ട, തുല്യ അവസരങ്ങള്‍ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്‌നവും ഉള്ളവര്‍ നിലനില്‍ക്കും എന്ന വിശ്വാസമുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പോവാനുണ്ട്, കൂടെയുണ്ടാവുമെന്ന് കരുതുന്നു.

 Keywords:  News, Kerala, Kochi, Cinema, Cine Actor, Actor, Entertainment, Death, Fefka Against Actor Neeraj Madhav on his Facebook Post
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script