അമരാവതി വീണ്ടും ഉണര്‍ന്നു, മണ്ണില്‍ അലിഞ്ഞ മലയാളത്തിന്റെ കലാകാരന്‍ ലോഹിയുടെ ഓര്‍മകളിലേക്ക്

 


പാലക്കാട്: (www.kvartha.com 29.06.2017) അമരാവതി വീണ്ടും ഉണര്‍ന്നു. നമ്മള്‍ നെഞ്ചോട് ചേര്‍ത്ത മലയാളത്തിന്റെ മണമുളള കഥകളും കഥാപാത്രങ്ങളും സമ്മാനിച്ച പ്രിയ കലാകാരന്‍ ലോഹിതദാസിന്റെ ഓര്‍മകളില്‍. ലോഹി മണ്‍മറഞ്ഞിട്ട് എട്ടുവര്‍ഷം തികഞ്ഞു. അദ്ദേഹം ഏറെ കൊതിയോടെ വാങ്ങിച്ച ഒറ്റപ്പാലം അകലൂരിലെ ''അമരാവതി'' വീട്ടില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ജീവന്‍ തുടിക്കുംപോലെ.

2009 ജൂണ്‍ 28നാണ് മലയാളി ഏറെ സ്‌നേഹിച്ച ലോഹിതദാസ് കഥകളുടെ ലോകത്തു നിന്ന് യാത്രയായത്. ലോഹിയില്ലാത്തൊരു എട്ടുവര്‍ഷക്കാലം മലയാളസിനിമയ്ക്ക് സമ്മാനിച്ചത് ശൂന്യതയാണ്. കാമ്പുളള കഥകളും പച്ചയായ കഥാപാത്രങ്ങളും മലയാളത്തിന്റെ വെളളിത്തിരയില്‍ തെളിയാതെയായിരിക്കുന്നു.

 അമരാവതി വീണ്ടും ഉണര്‍ന്നു, മണ്ണില്‍ അലിഞ്ഞ മലയാളത്തിന്റെ കലാകാരന്‍ ലോഹിയുടെ ഓര്‍മകളിലേക്ക്

ലോഹിയുടെ വിയോഗം മലയാള സിനിമയേക്കാള്‍ ഏറെ നഷ്ടമുണ്ടാക്കിയത് ലോഹിയുടെ കുടുംബത്തിനുതന്നെയാണ്. പത്‌നി സിന്ധുവും മക്കളായ ഹരികൃഷ്ണനും, വിജയ്ശങ്കറും ലോഹിതദാസിന്റെ കനമുളള ഓര്‍മ്മകള്‍ക്കുമുന്നില്‍ വിതുമ്പുകയാണ്. ഒരു ഓര്‍മ്മദിവസത്തില്‍ ഒരിക്കല്‍കൂടി അവര്‍ ആ സ്‌നേഹനിധിയായ കുടുംബനാഥനെ സ്മരിച്ചു. ''അമരാവതിയില്‍ നിറയുന്ന ഓര്‍മ്മകള്‍ക്കുമുന്നില്‍ ഒരുപിടി കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ചു.

പ്രിയ കഥാകാരന്റെ വേര്‍പാടിന് എട്ട് വര്‍ഷം തികയുന്ന ബുധനാഴ്ച ''അമരാവതി''യില്‍ ആരാധകരും, സുഹ്യത്തുക്കളും, കുടുംബാംഗങ്ങളും ഒത്തുകൂടി സമാധി സ്ഥലത്ത് ഒരു പിടി ഓര്‍മ്മ പൂക്കള്‍ വിതറി. ലോഹിയുടെ വിയോഗം ഇന്നും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത അമരാവതിയുടെ പ്രകൃതിയേയും, ജീവജാലങ്ങളേയും സാക്ഷിയാക്കി ആ മഹാപ്രതിഭയുടെ നിറമുള്ള ഓര്‍മ്മകള്‍ ഒത്തുകൂടിയവര്‍ വേദനയോടെ പങ്കിട്ടു. ലോഹിതദാസിന്റെ പത്‌നി സിന്ധു, മക്കളായ ഹരികൃഷ്ണന്‍, വിജയ് ശങ്കര്‍ എന്നിവര്‍ ലോഹിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി ആദരാഞ്ജലി അര്‍പ്പിച്ചു. പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും ഇതോടനുബന്ധിച്ച് നടന്നു.

2009 ജൂണ്‍ 28 നായിരുന്നു ആ മഹാപ്രതിഭയുടെ വിയോഗം. അമരാവതിയുടെ വീട്ടുമുറ്റത്താണ് ലോഹിയെ അടക്കം ചെയ്തത്. അമരാവതിയുടെ പൂമുഖത്തിരുന്ന് നോക്കിയാല്‍ ലോഹിയുടെ സമാധി സ്ഥലം കാണാം. നിളാതീരത്തെ പ്രണയിച്ച ലോഹി ആധാരം എന്ന സിനിമയുടെ കഥാബീജവുമായാണ് നിളാതീരത്ത് എത്തുന്നത്.ആ കഥാകാരനെ നിള സ്‌നേഹത്തോടെ സ്വീകരിച്ചു. കഥകള്‍ വാരിക്കോരി നല്‍കി അവള്‍ ആ ചെറിയ മനുഷ്യനെ വലിയ മനുഷ്യനാക്കി. മഹാനായ കഥാകാരനാക്കി. സംവിധായകനാക്കി.

കിരീടവും, വാത്സല്യവും, അരയന്നങ്ങളുടെ വീടും, വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്നിങ്ങനെ സ്‌നേഹ ബന്ധങ്ങളുടെ കഥകള്‍ നല്‍കി. ഒടുവില്‍ സിനിമാ ലോകത്തെ കിരീടവും ചെങ്കോലും തിരിച്ചേല്‍പ്പിച്ച് ലോഹി യാത്രയായി. നിളയെന്ന പ്രണയിനിയുടെ തീരത്ത് ആറടി മണ്ണില്‍ ആ കഥാകാരന്‍ നിത്യനിദ്രയിലാണ്.

Also Read:

എറണാകുളത്തുനിന്ന് മോഷ്ടിച്ചുകടത്തിയ കാര്‍ അപകടത്തില്‍പെട്ടു; പ്രതി മുങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Eight years on, Lohithadas still in Malayali memory, palakkad, News, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia