സംവിധായകന്‍ രഞ്ജിത് കേരള ചലച്ചിത്ര അകാഡെമി ചെയര്‍മാനായേക്കുമെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
Dec 24, 2021, 16:58 IST
തിരുവനന്തപുരം: (www.kvartha.com 24.12.2021) സംവിധായകന്‍ രഞ്ജിത് കേരള ചലച്ചിത്ര അകാഡെമി ചെയര്‍മാനായേക്കുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുമെന്ന് രഞ്ജിത്ത് അറിയിച്ചു. നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അകാഡെമി ചെയര്‍മാന്‍. 2016ലായിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്.
1987ല്‍ 'ഒരു മെയ് മാസ പുലരി' എന്ന സിനിമയിലൂടെയാണ് രഞ്ജിത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടര്‍ന്ന് വിറ്റ്‌നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 1993ല്‍ 'ദേവാസുരം' എന്ന സിനിമ അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറി. സിനിമയും അതിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രവും മലയാള സിനിമയിലെ ക്ലാസിക്ക് സ്ഥാനം നേടി. തുടര്‍ന്ന് ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബെത്‌ലഹേം, നരസിംഹം, വല്യേട്ടന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നു.
2001ല്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന സിനിമയിലൂടെ അദ്ദേഹം സംവിധായകന്റെ തൊപ്പിയും അണിഞ്ഞു. പിന്നീട് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഇന്ത്യന്‍ റുപ്പീ തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. നിരവധി തവണ സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നടന്‍ എന്ന നിലയിലും തന്റേതായ പ്രതിഭ തെളിയിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്.
Keywords: Director Ranjith likely to become Chairman of Kerala Chalachithra Academy, Thiruvananthapuram, News, Cinema, Director, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.