സത്യന് പിന്നാലെ വയലാറിന്റെ ജീവിതവും അഭ്രപാളികളിലേക്ക്; സിനിമയാക്കുന്നത് പ്രമോദ് പയ്യന്നൂര്‍

 


തിരുവനന്തപുരം: (www.kvartha.com 16.08.2020) നടന്‍ സത്യന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്നാലെ കവിയും ഗാനരചയിതാവുമായ വയലാറിന്റെ ജീവിതകഥയും വെള്ളിത്തിരയിലേക്ക്. നടക-സിനിമാ സംവിധായകന്‍ പ്രമോദ് പയ്യന്നൂരാണ് അനശ്വര കവിയുടെ ജീവിതം പറയുന്നത്. ബഷീറിന്റെ ബാല്യകാല സഖിയുടെ ചലച്ചിത്ര ആവിഷ്‌ക്കാരം അതേ പേരില്‍ ഒരുക്കിയതും പ്രമോദ് പയ്യന്നൂരാണ്. ബാല്യകാല സഖിയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. എന്നാല്‍ വയലാറായി ബിഗ് സ്‌ക്രീനില്‍ ആര് വരുമെന്നുള്ളത് സംവിധായകന്‍ തല്‍ക്കാലം സസ്പെന്‍സായി നിര്‍ത്തുന്നു. 

വയലാറിന്റെ കാവ്യജീവിതവും സിനിമാ ജീവിതവും സ്വകാര്യ ജീവിതവും ചേര്‍ന്ന സിനിമയ്ക്ക് തിരനാടകം രചിക്കുന്നതും സംവിധായകന്‍ തന്നെ. വയലാറിനെക്കുറിച്ച് ദൃശ്യമാധ്യമരംഗത്ത് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകള്‍ പ്രമോദ് ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചലച്ചിത്ര ആവിഷ്‌ക്കാരം നടത്താന്‍ തീരുമാനിച്ചത്. 

സത്യന് പിന്നാലെ വയലാറിന്റെ ജീവിതവും അഭ്രപാളികളിലേക്ക്; സിനിമയാക്കുന്നത് പ്രമോദ് പയ്യന്നൂര്‍

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു... എന്ന തത്വചിന്താ ഗാനവും സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍... എന്ന വിരഹഗാനവും ദേവീ... ശ്രീദേവീ... തേടിവരുന്നു... എന്ന പ്രണയഗാനവും അടക്കം മലയാളിയുടെ മനസ്സില്‍ ഇന്നും തത്തിക്കളിക്കുന്ന 1500ലധികം പാട്ടുകളാണ് വയലാറിന്റെ തൂലികയില്‍ പിറന്നത്. അതുകൊണ്ടാണ് അദ്ദേഹം അനശ്വരനാകുന്നതും. 150 ലേറെ നാടക ഗാനങ്ങള്‍, നൂറിലേറെ കവിതകള്‍ എന്നിവയും വയലാര്‍ മലയാള ഭാഷയ്ക്ക് നല്‍കി. വയലാര്‍-ദേവരാജന്‍ കൂ്ടുകെട്ടില്‍ ജനിച്ച ഗാനങ്ങള്‍ മലയാളം ഉള്ളിടത്തോളം കാലം നിലനില്‍ക്കും. കാവ്യജീവിതത്തിനെ പോലെ തന്നെ ത്രസിപ്പിക്കുന്ന വ്യക്തിത്വമായിരുന്നു വയലാര്‍. സമൂഹത്തിന്റെ ആകുലതകളില്‍ ആ മനസ്സ് എന്നും വേദനിച്ചിരുന്നു. അതുകൊണ്ടാണ്, സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും-എന്നദ്ദേഹം എഴുതിയത്.

രാഘവപ്പറമ്പിലെ വയലാര്‍ സ്മൃതി കുടീരത്തിന് മുന്നില്‍ വെച്ച് വയലാറിന്റെ പ്രിയ പത്നി ഭാരതി രാമവര്‍മ്മയും മകന്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും സംവിധായകന്‍ പ്രമോദ് പയ്യന്നൂരും ചേര്‍ന്നാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജനപ്രിയ ചലച്ചിത്രമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. വയലാര്‍ ജീവിതം, മലയാള സിനിമയുടെ സുവര്‍ണകാലം, പുന്നപ്രവയലാര്‍ സമരം എന്നിങ്ങനെ വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. സ്‌ക്രീനിലും സാങ്കേതിക രംഗങ്ങളിലുമായി പ്രഗത്ഭരുടെ നീണ്ട നിരതന്നെ ചിത്രത്തിനു പിന്നിലുണ്ട്. 

ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ അരുണ്‍ എം.സി.യും സലില്‍ രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍. രതീഷ് സുകുമാരനും, കെ. ബിനുകുമാറുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ താമസിയാതെ പുറത്തു വിടും. നിര്‍മാതാവ് വിജയ് ബാബുവാണ് സത്യന്റെ ജീവിതം വെളളിത്തിരയിലെത്തിക്കുന്നത്. ജയസൂര്യയാണ് സത്യനായി അഭിനയിക്കുന്നത്. നവാഗതനായ രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ആര്‍ അനിലാണ് തിരക്കഥ രചിക്കുന്നത്. രണ്ട് ചിത്രങ്ങളും അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്.

Keywords:  Director Pramod makes a movie about the life of Poet Vayalar Ramavarma, Mollywood, Mammotty, Screenplay, Vijybabu, Actor Sathyan, Poet, Vayalar Ramavarma, Jayasoorya, Pramod Payyannur, Vayalar Sarath
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia