നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 22.01.2022) നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിന് കൂടിയാണ് സര്‍കാര്‍ കൂടുതല്‍ സമയം തേടുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ് മൂലത്തില്‍ ദിലീപ് പറയുന്നു.

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍കാര്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് ദിലീപ് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ മാത്രമാണ് ഇനി അവശേഷിക്കുന്നത്. അദ്ദേഹം വിചാരണ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സര്‍കാരിന്റെ അപേക്ഷയെന്നും ദിലീപ് ആരോപിക്കുന്നു.
വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍കാര്‍ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈകോടതി ആ ആവശ്യം നിരാകരിച്ചിരുന്നു.

വിചാരണ കോടതി ജഡ്ജിയാണ് സമയം നീട്ടി നല്‍കണം എന്ന് ആവശ്യപ്പെടേണ്ടത്. എന്നാല്‍ വിചാരണ കോടതി ജഡ്ജി അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ടാണ് നേരത്തെ പറയാത്തത് എന്നതിന് കൃത്യമായ വിശദീകരണം ഇല്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദിലീപിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരായേക്കും.

Keywords: Dileep in supreme court against extending trials on actress abduction case, New Delhi, News, Actress, Attack, Dileep, Cine Actor, Cinema, Supreme Court of India, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia