പെണ്ണിന്റെ കണ്ണീര്‍ യാത്ര; 'ധനയാത്ര' തിയറ്ററുകളിലേക്ക്

 


(www.kvartha.com 05.05.2016) പെണ്ണായി പിറന്നതു കൊണ്ടുമാത്രം ഇരകളായിത്തീരുകയും ചതിയിലകപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ജീവിക്കാനായി പല പല വേഷങ്ങള്‍ കെട്ടേണ്ടിവന്ന ഒരു പെണ്ണിന്റെ കഥ പറയുകയാണ് 'ധനയാത്ര' എന്ന സിനിമയിലൂടെ..  എന്തുമായിത്തീരാവുന്ന ഇന്നത്തെ സാഹചര്യങ്ങളില്‍ പെണ്ണ് എങ്ങനെയൊക്കെ ആകാന്‍ പാടില്ല എന്നും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നു.

തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മാറ്റിവച്ച് കുടുംബത്തിനുവേണ്ടി ജീവിക്കുന്ന തികച്ചും സാധാരണക്കാരിയായ വിജിലക്ക് പ്രത്യേകഘട്ടത്തില്‍ ഇന്നേവരെ കണ്ടിട്ടുംകേട്ടിട്ടുമില്ലാത്ത വഴികളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നു.  ഓരോരോ ഘട്ടങ്ങളിലായി ദേവരാജ് എന്ന ബിസിനസ്സ്മാനും ഷംലകുര്യന്‍ എന്ന ഫാഷന്‍മോഡലും വിജിലയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ആ ജീവിതം വീണ്ടും ഗതിമാറി.  കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച വിജിലക്ക് പിന്നീടങ്ങോട്ട് മറ്റു പലര്‍ക്കും വേണ്ടി പുതിയ വേഷങ്ങള്‍ കെട്ടേണ്ടി വരുന്നു.

ആത്മ സംഘര്‍ഷങ്ങളേയും പ്രതിസന്ധികളേയും മറികടക്കാനായി വിജില ഒറ്റക്കു നിന്നു പൊരുതുമ്പോള്‍ പുതിയ കാലത്തിന്റെ ചില സമസ്യകള്‍ ഇവിടെ പൂരിപ്പിക്കപ്പെടുന്നു.  ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പെണ്ണിന്റെ മനസ്സിലൂടെയുള്ള യാത്രയാണ്.  പെണ്ണും പണവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ജയിക്കുന്നതാരായിരിക്കും?  ഈ ചോദ്യത്തിനുള്ള ഉത്തരമാണ് 'ധനയാത്ര'.

വിജിലയെന്ന ശക്തമായ കഥാപാത്രത്തെ ശ്വേതാമേനോന്‍ അവതരിപ്പിക്കുന്നു.  ദേവരാജായി റീയാസ്ഖാനും, ഷംല കുര്യനായി കന്നടതാരം സന്ദീപയും എത്തുന്നു.  ശ്രീമൂകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ബെന്നി തൊടുപുഴ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ചന്ദ്രന്‍ രാമന്തളി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.  ഛായാഗ്രഹണം - വേണു ഗോപാല്‍.

ഗാനങ്ങള്‍ - വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ജിനേഷ്‌കുമാര്‍ എരമം, സംഗീതം - രാജാമണി, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, പശ്ചാത്തല സംഗീതം - ബിജിപാല്‍, എഡിറ്റിംഗ് - രഞ്ജന്‍എബ്രഹാം, മെയ്ക്കപ്പ് - അനില്‍ നേമം, ആര്‍ട്ട് - രാംകുമാര്‍, കോസ്റ്റ്യൂംസ് - അസ്സീസ് പാലക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എ.കെ.ശ്രീജയന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - കമല്‍ പയ്യന്നൂര്‍, സ്റ്റില്‍സ് - അനസ് പടന്നയില്‍.
ആനന്ദ്, സുനില്‍ സുഗദ, ഇടവേള ബാബു, മാമുക്കോയ, ഇന്ദ്രന്‍സ്, അനില്‍ മുരളി, കോട്ടയം നസീര്‍, ധര്‍മ്മജന്‍, ബിജുക്കുട്ടന്‍,. കലാഭവന്‍ പ്രചോദ്, ഭഗത് മാനുവല്‍, പയ്യന്നൂര്‍ മുരളി, കവിയൂര്‍ പൊന്നമ്മ, ബീന ആന്റണി, സോജ, സംഗീതാരാജേന്ദ്രന്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട് 'ധനയാത്ര'യില്‍.

കണ്ണീരുകൊണ്ടും ഉള്‍ക്കരുത്തുകൊണ്ടും ജീവിതസമരം നടത്തുന്ന വിജില സമകാല സമൂഹത്തിന്റെ പ്രതിനിധിയാണ്.  ഓരോരുത്തരും അവരവരുടെ ശരികളിലൂടെ സഞ്ചരിക്കുമ്പോള്‍ മറ്റുള്ളവരെ അതെങ്ങനെ ബാധിക്കുമെന്ന് ഈ ചിത്രം കാണിച്ചുതരുന്നു.  സംഘര്‍ഷങ്ങളും സസ്‌പെന്‍സും നിറഞ്ഞ ഈ കുടുംബചിത്രം എല്ലാതരം പ്രേഷകരേയും ആകര്‍ഷിക്കുന്ന വിധത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.  മെയ് 13 ന്
'ധനയാത്ര' തിയറ്ററുകളിലെത്തും.

Keywords:  Family, Business Man, Clash, Actress, Director, Music Director, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia