ക്രിസ്തുമസിന് പ്രേക്ഷകര്‍ക്ക് കൈ നിറയെ സിനിമകള്‍; മഞ്ജുവാര്യരുടെ 'പ്രതി പൂവന്‍കോഴി'യും മമ്മൂട്ടിയുടെ 'മാമാങ്ക'വും അടക്കം അഞ്ച് സിനിമകള്‍ മുന്‍നിരയില്‍

 


കൊച്ചി: (www.kvartha.com 23.12.2019) 2019 അവസാനിക്കുമ്പോള്‍ ചെറുതും വലുതുമായ നിരവധി സിനിമകളാണ് വന്നുപോയത്. വര്‍ഷാവസാനം മലയാള സിനിമയെ മൂടി നിന്നത് വിവാദങ്ങളായിരുന്നു. ഒരു യുവ നടന്റെ പെരുമാറ്റ ദൂഷ്യവും അയാള്‍ മൂലം നിന്ന് പോയ സിനിമകളും സിനിമയെ വിഴുങ്ങുന്ന കഞ്ചാവ് ശീലങ്ങളുമെല്ലാം പുതിയ വിവാദങ്ങള്‍ക്കും യുവ നടനെ സിനിമയില്‍ നിന്ന് വിലക്കുന്നതിലേക്കും നീണ്ടു.

രണ്ടാമത്തെ പ്രധാന വിവാദം ചരിത്രം പറഞ്ഞ മാമാങ്കവുമായി ബന്ധപ്പെട്ടതാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് സിനിമ റിലീസിനെത്തിയപ്പോള്‍ ചിത്രത്തിന് കടുത്ത ഡി ഗ്രേഡിങ്ങും നേരിടേണ്ടി വന്നു.

ക്രിസ്തുമസിന് പ്രേക്ഷകര്‍ക്ക് കൈ നിറയെ സിനിമകള്‍; മഞ്ജുവാര്യരുടെ 'പ്രതി പൂവന്‍കോഴി'യും മമ്മൂട്ടിയുടെ 'മാമാങ്ക'വും അടക്കം അഞ്ച് സിനിമകള്‍ മുന്‍നിരയില്‍

ക്രിസ്മസിന് കാണാനുള്ള ചിത്രങ്ങളില്‍ മുന്‍പില്‍ ഇവയെല്ലാമാണ്:
1. മാമാങ്കം

വള്ളുവനാട്ടിലെ ചാവേറുകളുടെ കുടിപ്പകയുടെ ചരിത്രം പറഞ്ഞ മലയാളത്തിലെ ബിഗ്ബജറ്റ് സിനിമയാണ് മാമാങ്കം. മലയാളി ഒരിക്കലെങ്കിലും നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ചരിത്ര സിനിമ. ചരിത്രം ചരിത്രമായി പറഞ്ഞ സിനിമയിലൂടെ ഒരു പുത്തന്‍ താരോദയം തന്നെ ഉണ്ടായി. ചാവേര്‍ ചന്തുണ്ണിയായി വേഷമിട്ട പതിനൊന്നുകാരന്‍ അച്യുതന്‍. അച്ചുതനിലൂടെ, വിവിധ വേഷങ്ങള്‍ അനായാസമായി കൈകാര്യം ചെയ്ത് കയ്യടി നേടിയ മമ്മൂട്ടിയിലൂടെ, ഏറ്റവും മികച്ച ആര്‍ട്ട് വര്‍ക്കിലൂടെയും വെള്ളം ചേര്‍ക്കാതെ പറഞ്ഞുപോയ ഒരു നാടിന്റെ കഥയിലൂടെയും കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത മാമാങ്കം ഡിഗ്രേഡിംഗ് കടമ്പകള്‍ കടന്ന് നൂറുകോടി നേട്ടം കൊയ്തിരിക്കുന്നു.

2. ഡ്രൈവിംഗ് ലൈസന്‍സ്

സൂപ്പര്‍ താരത്തിന്റെയും ആരാധകന്റെയും കഥ പറയുന്ന ഡ്രൈവിംഗ് ലൈസന്‍സില്‍ പ്രിത്വിരാജും സുരാജുമാണ് ലീഡ് റോളില്‍ എത്തുന്നത്. സച്ചിയുടെ എഴുത്തില്‍ ലാല്‍ജൂനിയര്‍ സംവിധാനം ചെയ്ത സിനിമ പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല. സുരാജിന്റെ അഭിനയത്തിലെ അപാര റേഞ്ച് കണക്കിലെടുത്ത് ആ കഥാപാത്രത്തെ കുറച്ചു കൂടി മുകളില്‍ നിര്‍ത്താമായിരുന്നു എന്ന് കാഴ്ചക്കാരനെ മോഹിപ്പിക്കും വിധത്തിലാണ് അയാളുടെ പ്രകടനം. ഒരു ഫീല്‍ ഗുഡ് മൂവി എന്നാ രീതിയില്‍ വരുന്ന സിനിമ പിന്നീടങ്ങോട്ട് ത്രില്ലര്‍, സ്പൂഫ് സ്വഭാവങ്ങളിലൂടെ മുന്നേറുന്നു. ആദ്യ പകുതിയിലെ ലാഗ് പോരായ്മയാനെങ്കിലും സുരേഷ് കൃഷ്ണയുടെ അഭിനയവും പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

3. പ്രതി പൂവന്‍കോഴി
റോഷന്‍ ആണ്ട്രൂസിന്റെ സംവിധാനത്തില്‍ മഞ്ചു വാര്യര്‍ നായികയായെത്തിയ ചിത്രമാണ് പ്രതി പൂവന്‍കോഴി. ഉണ്ണി ആറിന്റെതാണ് കഥ. കഥ മികച്ചതാണെങ്കിലും നല്ലൊരു സിനിമാനുഭവം പങ്കു വയ്ക്കുന്നതില്‍ കാര്യമായി വിജയിച്ചിട്ടില്ല ഈ ചിത്രമെന്ന് പറയാം. ഒരിക്കലുമൊരു ഫെസ്റ്റിവല്‍ വെക്കേഷന്‍ ചിത്രമല്ല പ്രതി പൂവന്‍കോഴി എങ്കിലും സമൂഹത്തിലെ സ്ത്രീകള്‍ നേരിടുന്ന ചില പ്രധാന വിഷയങ്ങളെ ആത്മാര്‍ഥമായി അവതരിപ്പിക്കാനുള്ള വലിയൊരു ശ്രമം നടത്തിയിട്ടുണ്ട് ഈ ചിത്രം.

4. വലിയപെരുന്നാള്‍

നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗം പുതിയ ഗെറ്റപ്പില്‍ എത്തുന്ന ചിത്രമാണ് വലിയ പെരുന്നാള്‍. ഡാന്‍സറായ ഒരു ഗാംഗ് ലീഡറായാണ് ഷെയ്ന്‍ വേഷമിട്ടിരിക്കുന്നത്. പല ഉപ കഥകളിലൂടെ പോകുന്ന സിനിമയുടെ ആദ്യ പകുതി അല്‍പ്പം കണ്ഫ്യൂസിംഗ് ആണ്. യൂത്തിന്റെ സിനിമയായി എത്തിയ വലിയ പെരുന്നാളിന് ദോഷമാവുന്നത് ദൈര്ഖ്യമാണ്. മൂന്ന് മണിക്കൂറും എട്ടു മിനിറ്റുമുള്ള സിനിമ പലയിടത്തും വലിച്ചു നീട്ടല്‍ അനുഭവപ്പെടുത്തുന്നു.

5. തൃശൂര്‍ പൂരം
നവാഗത സംവിധായകന്‍ രാജേഷ് മോഹനന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായെത്തിയ മാസ് മസാല ചിത്രമാണ് തൃശൂര്‍ പൂരം. സംഗീത സംവിധായകനായ രതീഷ് വേഗ ആദ്യമായി തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് തൃശൂര്‍ പൂരം. കണ്ട് ശീലിച്ച ആക്ഷന്‍ മാസ് രംഗങ്ങളില്‍ നിന്ന് മാറ്റമൊന്നുമില്ലാതെ കാര്യമായ പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രം കാഴ്ചക്കാരെ രസിപ്പിക്കുമോ എന്നത് കണ്ട് തന്നെ അറിയണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Cinema, Entertainment, Manju Warrier, Mammootty, December 2019 Malayalam Movies Released 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia