ഫോണ്‍ കൈമാറ്റ വിഷയത്തില്‍ നടന്‍ ദിലീപിന് തിരിച്ചടി; തിങ്കളാഴ്ച 10 മണിക്ക് മുമ്പായി ഫോണുകള്‍ രജിസ്ട്രാര്‍ ജെനറലിന് മുന്നില്‍ ഹാജരാക്കണം; തെളിവുകള്‍ നല്‍കാത്തത് ഗൂഢാലോചനയുടെ ഭാഗമെന്നും കോടതി
Jan 29, 2022, 13:14 IST
കൊച്ചി: (www.kvartha.com 29.01.2022) നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസിലെ ഫോണ്‍ കൈമാറ്റ വിഷയത്തില്‍ നടന്‍ ദിലീപിന് തിരിച്ചടി. തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി ഫോണുകള്‍ ഹൈകോടതി രജിസ്ട്രാര്‍ ജെനറലിന് മുന്നില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തെളിവുകള്‍ നല്‍കാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടതി പറഞ്ഞു.
കേസ് ശനിയാഴ്ച പരിഗണിച്ചപ്പോള്‍ ദിലീപിന്റെ വാദങ്ങളെ കോടതി പൂര്‍ണമായി തള്ളുകയായിരുന്നു . ദിലീപ് ഫോണുകള്‍ സ്വന്തം നിലയില്‍ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് ഹൈകോടതി ആവര്‍ത്തിച്ചു.
ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി കോടതിയെ അറിയിച്ചിരുന്നു. ആര്‍ക്കാണ് ഇത്തരത്തില്‍ പരിശോധനക്ക് അയക്കാന്‍ അവകാശമെന്ന് കോടതി തിരിച്ചു ചോദിച്ചു. കേന്ദ്ര അംഗീകൃത ഏജന്‍സികള്‍ക്കാണ് അതിനുള്ള അവകാശം. അല്ലാത്ത പരിശോധനാ ഫലത്തിന്റെ തെളിവ് നിയമപ്രകാരം ഇതിന് സാധുതയില്ലെന്നും കോടതി ആമുഖമായി പറഞ്ഞു. സ്വന്തം നിലയില്‍ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്നും കോടതി ആവര്‍ത്തിച്ചു.
പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് വേട്ടയാടുന്നു. 2017 മുതലുള്ള സന്ദേശങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്. ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്നുമാണ് ദിലീപിന്റെ വാദം. കോടതി ദയവ് കാണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഇത് ദയയുടെ കാര്യമല്ലെന്നാണ് കോടതിയുടെ മറുപടി.
2017 ല്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പിച്ചതാണ്. ഇപ്പോള്‍ ദിലീപിനെ കുടുക്കാനുള്ള തന്ത്രങ്ങളാണ് ക്രൈംബ്രാഞ്ച് ചെയ്യുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപിനെതിരായ അന്വേഷണമായി മാറ്റുകയാണ്. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ വിശ്വാസമില്ല. അത് പൊലീസിന്റെ തന്നെ നിയന്ത്രണത്തിലുള്ളതാണ്. ദിലീപിന്റെ സ്വകാര്യതയോ മറ്റ് കാര്യങ്ങളോ അന്വേഷണ സംഘം പരിഗണിക്കുന്നില്ലെന്നുമാണ് ദിലീപ് കോടതിയില്‍ വ്യക്തമാക്കുന്നത്.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. 2017 ഡിസംബറില്‍ എം ജി റോഡിലെ ഫ്ളാറ്റില്‍ വെച്ചും 2018 മെയ് മാസത്തില്‍ പൊലീസ് ക്ലബില്‍ വെച്ചും 2019 ല്‍ സുഹൃത്ത് ശരത്തും സിനിമ നിര്‍മാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
Keywords: Conspiracy Case: Dileep sends his phone to Hyderabad lab for forensic test, Kochi, News, Dileep, Cinema, Cine Actor, High Court of Kerala, Mobile Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.