രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ക്ക് ചെവികൊടുക്കാതെ സെലിബ്രിറ്റി സ്റ്റാറ്റസില്‍ അഭിരമിക്കുകയല്ല പൃഥ്വിരാജ് ചെയ്തത്, താന്‍ സ്നേഹിക്കുന്ന ഒരു ജനതയുടെ സ്വസ്ഥത തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ മന:സമാധാനം തകര്‍ക്കുക എന്ന രാഷ്ട്രീയ ശരിയാണ് നിര്‍വഹിച്ചത്; സൈബര്‍ ആക്രമണത്തിനിരയായ താരത്തിന് പിന്തുണയുമായി ചെന്നിത്തല; സംഘ് പരിവാറിനെ പരാജയപ്പെടുത്തണമെന്ന് എഫ്ബി പോസ്റ്റ്
May 27, 2021, 19:23 IST
തിരുവനന്തപുരം: (www.kvartha.com 27.05.2021) ലക്ഷദ്വീപിലെ ബിജെപി അധിനിവേശത്തിനെതിരെ പ്രതികരിക്കുകയും അവിടുത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ ചലച്ചിത്ര നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഫെയ്‌സ് ബുകിലൂടെയാണ് ചെന്നിത്തല പൃഥ്വിരാജിനെ പിന്തുണച്ചത്.
രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ക്ക് ചെവികൊടുക്കാതെ സെലിബ്രിറ്റി സ്റ്റാറ്റസില്‍ അഭിരമിക്കുകയല്ല പൃഥ്വിരാജ് ചെയ്തത്. താന്‍ സ്നേഹിക്കുന്ന ഒരു ജനതയുടെ സ്വസ്ഥത തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ മന:സമാധാനം തകര്‍ക്കുക എന്ന രാഷ്ട്രീയ ശരിയാണ് പൃഥ്വിരാജ് നിര്‍വഹിച്ചത്. അദ്ദേഹത്തിനൊപ്പം നില്‍ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ ആവശ്യമാണെന്ന് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു.
എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം:
ലക്ഷദ്വീപ് എന്നുകേട്ടാല്‍ മനസില്‍ ആദ്യമെത്തുക അടിത്തട്ട് വരെ കാണാവുന്ന ജലസമൃദ്ധമായ കാഴ്ചകളാണ്. തെളിമയും സുതാര്യതയും അതിരുകള്‍ നിര്‍ണയിക്കുന്ന അതിമനോഹരമായ ഭൂപ്രദേശം. അവിടെ വസിക്കുന്നവരോ, ജലത്തേക്കാള്‍ തെളിമയും സുതാര്യതയും ഉള്ളവര്‍. മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തവിധം മന:സമാധാനം ഉള്ളവര്‍.
അതുകൊണ്ടുകൂടിയാണ് കാഴ്ച കൊണ്ടും അവിടുത്തെ അനുഭവം കൊണ്ടും 'ലക്ഷദ്വീപ് ജനതയുടെ ആശങ്കയ്ക്ക് ചെവികൊടുക്കണം, അവരുടെ സ്ഥലത്തിന് എന്താണ് നല്ലതെന്ന് തിരിച്ചറിയാന്‍ അവരില്‍ തന്നെ വിശ്വാസമര്‍പിക്കൂ, ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് അത്, അതിനേക്കാള്‍ നല്ല മനുഷ്യരാണ് അവിടെയുള്ളത്' എന്ന് ഭയാശങ്കയ്ക്ക് ഇടയില്ലാതെ നടന്‍ പൃഥിരാജ് പറഞ്ഞത്.
രാജ്യത്ത് എവിടെ മന:സമാധാനം ഉണ്ടോ, അത് തകര്‍ക്കാന്‍ തങ്ങളുണ്ട് എന്നാണ് സംഘപരിവാറിന്റെ മുദ്രവാക്യം തന്നെ. ലക്ഷദ്വീപില്‍ മന:സമാധാനം ഉണ്ടെങ്കില്‍ അത് തങ്ങള്‍ വച്ചുപൊറുപ്പിക്കില്ല എന്ന് അഡ്മിനിസ്ട്രേറ്ററിലൂടെ കേന്ദ്രസര്‍കാര്‍ ഓരോ നിമിഷവും പ്രഖ്യാപിക്കുകയാണ്. അഡ്മിനിസ്ട്രേറ്റര്‍ എന്നാല്‍ ആശങ്കയുടെ വാഹകന്‍ എന്ന് നമ്മള്‍ തിരിച്ചറിയുന്നു.
പുതിയ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ട് ഒരു ജനതയെ ഞെക്കിക്കൊല്ലുന്നു. ഗാന്ധിയുടെ, നെഹ്റുവിന്റെ, അംബേദ്ക്കറിന്റെ രാജ്യത്ത് ഇനിയിത് അനുവദിച്ചുകൂടാ. ബി ജെ പിയുടെ മനുഷ്യത്വ വിരുദ്ധതക്ക് എതിരെ ഓരോ ജനാധിപത്യ വിശ്വാസിയും രംഗത്തിറങ്ങേണ്ട സമയമാണിത്. ഫാസിസ്റ്റ് വിരുദ്ധപോരാട്ടം ശക്തിപ്പെടുത്തേണ്ട കാലമാണിത്. കേരളം ഒറ്റമനസായി അത് പ്രഖ്യാപിക്കുന്നു.
നമ്മുടെ മാനവസ്നേഹത്തെ കൊഞ്ഞനം കുത്തുന്ന കുറച്ചു അല്പപ്രാണികള്‍ ഈ കൊച്ചു കേരളത്തിലും ഉണ്ട്. അവരെ നമുക്ക് അവഗണന കൊണ്ട് ആട്ടിയകറ്റാം. പൃഥ്വിരാജിനെ പോലെ സംഘപരിവാറിനെതിരെ ഭയമില്ലാതെ പറയുന്നവരെ നമുക്ക് അത്രമേല്‍ ആത്മാര്‍ത്ഥമായി ചേര്‍ത്ത് നിര്‍ത്താം. ഏതൊരു മനുഷ്യസ്നേഹിയും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളാണ് പൃഥ്വിരാജ് പറഞ്ഞത്.
Keywords: Chennithala fb post to support to Prithviraj over Lakshadweep issues, Thiruvananthapuram, News, Politics, Ramesh Chennithala, Prithvi Raj, Actor, Cinema, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.