അമ്മയ്ക്കും ഫെഫ്കയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിനയന്‍; സിബി മലയിലും ബി. ഉണ്ണികൃഷ്ണനും ഇന്നസെന്റും രാജിവയ്ക്കണം, വിലക്കിനെതിരെയുള്ള വിജയം വിടപറഞ്ഞ നടന്‍ തിലകനു സമര്‍പ്പിക്കുന്നു

 


കൊച്ചി: (www.kvartha.com 25.03.2017) താരസംഘടനയായ അമ്മ, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക എന്നിവയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. താര സംഘടനയുടെയും സിനിമാ സാങ്കേതിക വിദഗ്ധരുടെയും സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെയുള്ള പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചപ്പോള്‍ എറണാകുളം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വിനയന്‍.

കോംപെറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫെഫ്കയുടെ ഭാരവാഹിത്തം സംവിധായകരായ സിബി മലയിലും ബി. ഉണ്ണികൃഷ്ണനും അമ്മ പ്രസിഡന്റ് ഇന്നസെന്റും രാജിവയ്ക്കണമെന്നാണ് വിനയന്റെ ആവശ്യം. അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ മോഹന്‍ലാല്‍ അറിയാതെ സെക്രട്ടറി ഇടവേള ബാബു തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നു കരുതുന്നില്ലെന്ന് പറഞ്ഞ വിനയന്‍ തന്നെ ഇല്ലാതാക്കാന്‍ വരെ ഫെഫ്ക ഭാരവാഹികളുടെ നേതൃത്വത്തില്‍ ശ്രമം നടന്നുവെന്നും ആരോപിച്ചു. സംഘടനയിലുള്ളവര്‍ തന്നെ ഇക്കാര്യം തന്നെ അറിയിച്ചുവെന്നും വിനയന്‍ പറഞ്ഞു.

സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, സിദ്ദിഖ്, കമല്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ ആരോപണമാണ് വിനയന്‍ ഉയര്‍ത്തിയത്. കമലും സിദ്ധിഖുമാണു തന്നെ വിലക്കുന്നതിനു പിന്നിലെ ഏറ്റവും വലിയ തലച്ചോറായി പ്രവര്‍ത്തിച്ചതെന്നും ഇവര്‍ രണ്ടുപേരും അസത്യമായ സത്യവാങ്മൂലം നല്‍കി കേസില്‍നിന്നു രക്ഷപെട്ടുവെന്നും വിനയന്‍ ആരോപിച്ചു. എന്നാല്‍ മനസാക്ഷിയുടെ മുന്നില്‍നിന്നു അവര്‍ക്കു രക്ഷപെടാനാവില്ലെന്നും വിനയന്‍ വ്യക്തമാക്കി.

വിലക്കിനെതിരെയുള്ള ഈ വിജയം വിടപറഞ്ഞ നടന്‍ തിലകനു സമര്‍പ്പിക്കുന്നു. സത്യത്തിന്റെ വിജയമാണിത്. ഒരു സാംസ്‌കാരിക നായകരും തനിക്കെതിരെയുണ്ടായ വിലക്കിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ടുവന്നിരുന്നില്ല. തനിക്കുവേണ്ടി സംസാരിച്ച സുകുമാര്‍ അഴീക്കോടിനെ മോശമായി അധിക്ഷേപിക്കുകയാണുണ്ടായത്. കൂടെയുണ്ടെന്ന് പലരും ഫോണില്‍ വിളിച്ച് പറഞ്ഞെങ്കിലും നഷ്ടപ്പെട്ട എട്ടരവര്‍ഷം തിരികെ നല്‍കാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കില്ലെന്നും വിനയന്‍ ചൂണ്ടിക്കാട്ടി.

തന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പ്രശ്‌നമാകുമെന്നു നടന്‍ ജയസൂര്യയോടു ബി. ഉണ്ണികൃഷ്ണനും മറ്റും പറഞ്ഞതായി ജയസൂര്യ ആദ്യം മൊഴി നല്‍കിയിരുന്നുവെങ്കിലും പിന്നീടു വിസ്താരത്തില്‍ മൊഴി മാറ്റിപ്പറഞ്ഞു. എന്നാല്‍ കമ്മിഷന്‍ ആദ്യത്തെ മൊഴിയാണ് സ്വീകരിച്ചത്. ക്രോസ് വിസ്താരത്തിലെ കാര്യം തള്ളികളയുകയും ചെയ്തു. നടന്‍ മധുവിനെയും സിനിമയില്‍ അഭിനയിക്കുന്നതില്‍നിന്ന് വിലക്കുകയും വാങ്ങിയ അഡ്വാന്‍സ് അദ്ദേഹത്തിന് തിരികെ നല്‍കേണ്ടി വരികയും ചെയ്തു. എന്നാല്‍ പിന്നീട് വിലക്കു മറികടന്ന് അദ്ദേഹം അഭിനയിക്കുകയായിരുന്നു. മധുവിന്റെ മൊഴിയും കമ്മിഷന്‍ പരിഗണിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന വഴിയാണു മാഫിയ ശശിയെ സംവിധായകന്‍ സിബി മലയില്‍ കാറില്‍ നിന്നിറക്കിക്കൊണ്ടു പോയത്.

'ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ സിനിമാ ലോകം. തന്നെ കാര്‍ കേറ്റിക്കൊല്ലുമെന്നു മറ്റൊരാള്‍ പറഞ്ഞതായി ഫെഫ്കയില്‍ അംഗമായ ഒരു സംവിധായകന്‍ വിധി വന്ന ശേഷം തന്നെ വിളിച്ചു പറഞ്ഞിരുന്നു. തന്നെ വിലക്കിക്കൊണ്ടു കമല്‍ ഒപ്പിട്ട കത്തു നല്‍കാമെന്നു ഫെഫ്കയിലെ തന്നെ ചില അംഗങ്ങള്‍ ഇപ്പോള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. സൂപ്പര്‍ താരങ്ങളുടെ വാടക ഗുണ്ടകളായി പ്രവര്‍ത്തിക്കുകയാണു സംവിധായകര്‍. ഇവരെയൊക്കെയാണോ കലാകാരന്‍മാര്‍ എന്നു വിളിക്കുന്നത്. എന്താണ് താന്‍ ഇവരോടു ചെയ്ത തെറ്റെന്ന് വ്യക്തമാക്കണം. നല്ല സിനിമകള്‍ സംവിധാനം ചെയ്തതാണോ, പുതിയ താരങ്ങളെ സിനിമയില്‍ അവതരിപ്പിച്ചതാണോ താന്‍ ചെയ്ത തെറ്റെന്നും വിനയന്‍ ചോദിക്കുന്നു.

ആരെയും പേടിക്കാതെ സിനിമ ചെയ്യാമെന്നു കാട്ടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും വിനയന്‍ പറഞ്ഞു. സിനിമ സെന്‍സര്‍ ചെയ്യണമെങ്കില്‍ സംഘടനയുടെ രജിസ്‌ട്രേഷന്‍ വേണമെന്ന വാദത്തിനെതിരെ ഹൈക്കോടതിയില്‍ പോയി അനുകൂല വിധി നേടി. ഇന്നു പുതിയ ഒട്ടേറെ ചെറുപ്പക്കാര്‍ ഈ വിധിയുടെ നേട്ടത്തിലാണു പുതിയ സിനിമകളുമായി എത്തുന്നത്. അതുപോലെ താരങ്ങളെയും അസോസിയേഷനുകളെയും പേടിക്കാതെ സിനിമ ചെയ്യാന്‍ കൂടുതല്‍പ്പേര്‍ വരികയും ചെയ്യുന്നു. താന്‍ സിനിമയില്‍ കൊണ്ടുവന്ന പലരും സൂപ്പര്‍ താരങ്ങളെക്കാള്‍ കയ്യടി നേടുന്നു. ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും വിനയന്‍ പറഞ്ഞു.

ഇതുവരെ സൂപ്പര്‍ താരങ്ങളും അസോസിയേഷനും പറഞ്ഞതാണു സത്യമെന്നാണു ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ സത്യം തന്റെ കൂടെയാണെന്നു തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. അപ്പീലിന് പോകുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ മൂന്നു തവണ ഹൈക്കോടതിയില്‍ പരാജയപ്പെട്ട വിഷയത്തില്‍ ഇവര്‍ എന്ത് അപ്പീല്‍ ജയിക്കാനാണ്. തങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്നവരെ ഏതു വിധേനയും ഈ രംഗത്തുനിന്നു ഉന്‍മൂലനം ചെയ്യുമെന്ന ധാര്‍ഷ്ട്യവും അഹങ്കാരവും ഇനിയെങ്കിലും അവസാനിപ്പിക്കണം. മാഫിയ ഗ്രൂപ്പുകളെപ്പോലെ പ്രവര്‍ത്തിക്കേണ്ടവരല്ല കലാകാരന്‍മാരെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

അനുകൂല വിധിക്കൊപ്പം വിനയനെതിരെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ അമ്മ , ഫെഫ്ക എന്നിവയ്ക്കും രണ്ട് അനുബന്ധ സംഘടനകള്‍ക്കും പിഴയടയ്ക്കാന്‍ ദേശീയ നഷ്ടപരിഹാര കമ്മീഷന്‍ (സിസിഐ) നിര്‍ദേശിച്ചിട്ടുണ്ട്. അമ്മ 4,00,065 രൂപയും ഫെഫ്ക 85,594 രൂപയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ 3, 86,354 രൂപയും ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് യൂണിയന്‍ 56,661 രൂപയും നല്‍കണം. ഈ സംഘടനകളുടെ ഭാരവാഹികളും പിഴയടയ്ക്കണം.

അമ്മയ്ക്കും ഫെഫ്കയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിനയന്‍; സിബി മലയിലും ബി. ഉണ്ണികൃഷ്ണനും ഇന്നസെന്റും രാജിവയ്ക്കണം, വിലക്കിനെതിരെയുള്ള വിജയം വിടപറഞ്ഞ നടന്‍ തിലകനു സമര്‍പ്പിക്കുന്നു

വിനയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 24നാണ് സിസിഐ ഉത്തരവ് പുറപ്പെടുവിച്ചത്. താനുമായി സഹകരിക്കുന്നതില്‍ നിന്ന് അഭിനേതാക്കളെയും നിര്‍മാതാക്കളെയും മറ്റുള്ളവരെയും ഈ സംഘടനകള്‍ വിലക്കിയതായി വിനയന്റെ പരാതിയില്‍ പറഞ്ഞിരുന്നു. മലയാള സിനിമാ മേഖലയിലെ തൊഴില്‍ അന്തരീക്ഷം നന്നാക്കാന്‍ ശ്രമിക്കുകയും കുറഞ്ഞ ചെലവില്‍ സിനിമ നിര്‍മിക്കുന്നതിനു വേണ്ടി സിനിമാ ഫോറം എന്ന സംഘടന രൂപീകരിക്കുകയും ചെയ്തതാണ് അമ്മയെയും ഫെഫ്കയെയും പ്രകോപിപ്പിച്ചത് എന്നും വിനയന്‍ വിശദീകരിച്ചിരുന്നു.

അമ്മ പ്രസിഡന്റും ലോക്‌സഭാംഗവുമായ ഇന്നസെന്റ് 51,478 രൂപയും മറ്റൊരു ഭാരവാഹി ഇടവേള ബാബു 19,113 രൂപയും ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ 32,026 രൂപയും കെ മോഹനന്‍ 27,737 രൂപയും പിഴയടയ്ക്കണം. ഈ സംഘടനകള്‍ വിനയന് ഏര്‍പ്പെടുത്തിയതുപോലുള്ള വിലക്ക് മലയാള സിനിമാ വ്യവസായത്തിന് ദോഷമാണ് വരുത്തിവയ്ക്കുക എന്ന് സിസിഐ നിരീക്ഷിച്ചു. 2002ലെ ഇന്ത്യന്‍ നഷ്ടപരിഹാര നിയമത്തിലെ 3(3) വകുപ്പ് പ്രകാരമാണ് സംഘടനയ്‌ക്കെതിരെ നടപടി എടുത്തത്.

Also Read:
റിയാസ് മൗലവിയുടെ കൊലപാതകം: പഴുതടച്ച അന്വേഷണവും കഠിന ശിക്ഷയും നല്‍കണം: മുനവ്വറലി ശിഹാബ് തങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  CCI slaps fine on AMMA, FEFKA for imposing 'ban' on director Vinayan, Kochi, Criticism, Press meet, Allegation, Ernakulam, Resignation, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia