കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് പ്രൗഢമായ തുടക്കം; ഐഎഫ്എഫ്‌കെ വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന; നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ച് കാണികള്‍
Mar 19, 2022, 07:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.03.2022) 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് പ്രൗഢമായ തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തുര്‍കിയില്‍ ദാഇശ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാനെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു.
അതിനിടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി മലയാളിതാരം ഭാവനയും എത്തി. ഉദ്ഘാടന ചടങ്ങിന്റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. മേഖയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അകാഡമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞ കാണികള്‍ സ്വീകരിച്ചത്.
ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്‌നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു, എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍. കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊകെ നല്‍കി സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ ആനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, അഡ്വ. വികെ പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അകാഡമി ചെയര്‍മാന്‍ രഞ്ജിത്ത്, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി റാണി ജോര്‍ജ് ഐഎഎസ്, ഐഎഫ്എഫ്‌കെ ആര്‍ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, ചലച്ചിത്ര അകാഡമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രടറി സി അജോയ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ബംഗ്ലദേശ്, സിംഗപുര്‍, ഖത്വര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ 'രഹാന'യാണ് ഉദ്ഘാടന ചിത്രം. 15 സ്‌ക്രീനുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകള്‍ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. 10000ത്തോളം പ്രതിനിധികള്‍ക്കാണ് ഇത്തവണ മേളയില്‍ പ്രവേശനം അനുവദിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്കുശേഷം ഇതാദ്യമായി തിയേറ്ററുകളില്‍ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പെടുന്ന ലോകസിനിമാ വിഭാഗം, ഇന്‍ഡ്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസികുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉള്‍പെടെ എഴു പാകേജുകളാണ് മേളയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

