എനക്ക് മമ്മൂട്ടിന്റെ ഒപ്പരം അഭിനയിക്കണം

 


കൂക്കാനം റഹ് മാന്‍

(www.kvartha.com 20.02.2020) പഴയകാല ഗ്രാമീണ സ്ത്രീകള്‍ക്കും സിനിമാഭിനയം വഴങ്ങും. അവസരം ലഭ്യമല്ലാത്തതിനാല്‍ പാഴായി പോവുന്ന കലാവൈഭവമുളളവര്‍ നിരവധിയുണ്ട് നമുക്ക് ചുറ്റും. ഇതാ ഇവിടെ മോനാച്ച എന്ന ഗ്രാമത്തില്‍ എഴുപത്തിയെട്ടിലെത്തിയ തമ്പായി അമ്മ നാല് സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. തലയുയര്‍ത്തി നെഞ്ചുവിരിച്ച്  തമ്പായി അമ്മ പറയുന്നു. 'ഇനിയും അവസരം കിട്ടിയാല്‍ സിനിമാ രംഗത്ത് മുന്നോട്ടു പോവും'. ബിലാത്തിക്കുഴല്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ജിന്ന്, മടപ്പളളി യുണൈറ്റഡ് എന്നീ സിനിമകളിലാണ് തമ്പായി അമ്മ അഭിനയിച്ചത്. തമ്പായി അമ്മയ്ക്ക് സംസാരത്തിലും, നടപ്പിലും, ഊര്‍ജ്ജസ്വലതയ്ക്ക് ഒരു പഞ്ഞവുമുല്ല.

നാട്ടിപാട്ടിലൂടെയാണ് തമ്പായി അമ്മയെ നാടറിഞ്ഞത്. മനോഹരമായ ശബ്ദ മാധുര്യത്തോടെ നീട്ടിപ്പാടുന്ന നാട്ടിപ്പാട്ടുകള്‍  ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. അക്കാര്യം കേട്ടറിഞ്ഞ സിനിമാ നിര്‍മാതാക്കളാണ് തമ്പായി അമ്മയെ തേടിയെത്തിയത്. ആദ്യ സിനിമയിലെ അഭിനയ ചാതുര്യം കണ്ടറിഞ്ഞവരാണ് വീണ്ടും തമ്പായി അമ്മയെ  സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ടുപോയത്.

തന്റെ കഴിഞ്ഞകാല ജീവിതോര്‍മ്മകള്‍ അയവിറക്കുമ്പോള്‍ തമ്പായി അമ്മയ്ക്ക് നൂറ് നാക്കാണ്. അത് കേട്ടിരിക്കുമ്പോള്‍ സന്തോഷം തോന്നും. അവരുടെ തുറന്നു പറച്ചിലുകള്‍ ചുറ്റുമുളള സ്ത്രീകളില്‍ നിന്നും വിഭിന്നയാക്കുന്നു. ചെറു പ്രായത്തില്‍ തന്നെ സിനിമാ കമ്പമുളള ആളാണ് തമ്പായി അമ്മ. റേഷന്‍ വാങ്ങാന്‍ അമ്മ പറഞ്ഞയക്കും. റേഷന്‍ വാങ്ങി അടുത്ത വീട്ടില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിട്ട് നേരെ കാഞ്ഞങ്ങാട് കൈലാസ് തീയേറ്ററിലേക്ക് വെച്ചടിക്കും. അന്ന് നാല്‍പത് പൈസയായിരുന്നു തീയേറ്ററിലെ ബെഞ്ച് ടിക്കറ്റിന്. സിനിമയും കണ്ട് വീട്ടിലെത്താന്‍ വൈകിയാല്‍ അമ്മയുടെ വഴക്കു പറച്ചിലില്‍നിന്ന് രക്ഷപ്പെടാന്‍ റേഷന്‍ ഷാപ്പില്‍ തിരക്കായിരുന്നു എന്ന് കളളം പറയും.

ചെറു ചിരിയോടെ  പണ്ടത്തെ പട്ടിണിക്കാല കഥ പറയുന്നതും ശ്രദ്ധിക്കേണ്ടതു തന്നെ. 'രാവിലെ തൊട്ട് സന്ധ്യ മയങ്ങും വരെ പണി ചെയ്താല്‍ കിട്ടുന്നത് ഒരിടങ്ങഴി നെല്ലാണ്. ഞാനും, അമ്മയും പണിക്കു പോവും രണ്ടിടങ്ങഴി നെല്ല് പുഴുങ്ങി കുത്തി കഞ്ഞി വെച്ചു കുടിക്കും. എന്തൊരു കഷ്ടപാടായിരുന്നു അക്കാലം. ചെറുപ്രായം തൊട്ടേ രാവിലെ കുളുത്തു കുടിക്കും. ഇന്നും അത് തുടരുന്നു. പക്ഷേ നെല്ല് കുത്തരിയുടെ കുളുത്ത് ഇന്നില്ല. അന്ന് നെല്ല് കുത്തി കിട്ടുന്ന ചുവന്ന തവിട് വെല്ലവും കൂട്ടി അടിക്കും. അതൊക്കെയാവാം ഒരു അസുഖവുമില്ലാതെ ഇന്നും ഇങ്ങിനെ നടക്കാന്‍ എനിക്ക് പ്രാപ്തി നല്‍കുന്നത്.'

വീണ്ടും വര്‍ത്തമാനം സിനിമയിലേക്ക് തിരിച്ചു പോയി.ഇപ്പോഴും ഒരവസരം കിട്ടുമ്പോഴൊക്കെ സിനിമയ്ക്കു പോവാറുണ്ട്. സിനിമാ രംഗത്ത് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ജയന്‍ എന്നാണ് തമ്പായി അമ്മ പറയുന്നത്. സിനിമ കാണാന്‍ പോയാല്‍ അതിലെ അഭിനേതാക്കളുടെ അഭിനയം മാത്രമേ ശ്രദ്ധിക്കാറുളളൂ. പാട്ടും, കഥയും അതിലൊന്നും താല്‍പര്യമില്ല.ഇനിയൊരാഗ്രഹമുളളത് മമ്മൂട്ടിയെ ഒന്ന് നേരിട്ട് കാണണം. മമ്മൂട്ടിയൊന്നിച്ച് ഒന്നഭിനയിക്കണം. ഈ ആഗ്രഹവും തമ്പായിയമ്മയ്ക്ക് സഫലീകൃതമാകും. കാരണം ഇപ്പോഴും സിനിമാ രംഗത്ത് പിടിച്ചു നില്‍ക്കാനുളള അഭിനയ പാടവവും , ശബ്ദ ഗാംഭീര്യവും അവര്‍ക്ക് കൈമുതലായിട്ടുണ്ട്.

നാട്ടിപ്പാട്ടിന്റെ രണ്ടുവരി പാടാന്‍ പറഞ്ഞപ്പോള്‍ ഒരു വൈമുഖ്യവും കാണിക്കാതെ തമ്പായി അമ്മ നീട്ടിപാടി...
     മായില ചന്തു ഓന്‍ നമ്പിയാറ്
     ആശാരി പണിയെടുക്കും ദിക്കില്‍പോയി.
     ആടെ ഒരുത്തീലിരിക്കും ന്നേരം
     പളളമുറിയൊരു കൂച്ചല് വന്നു
     നീറുന്നും കൂടാ മണങ്ങിം കൂടാ
     നീര്‍ന്നിറ്റും ശ്വാസം കയിക്കാന്‍ കയ്യാ....
തുടങ്ങിയാല്‍ ഒരു കഥ മുഴുമിപ്പിക്കാതെ നിര്‍ത്തില്ല. പാട്ടിലെല്ലാം നാടന്‍ വാക്കുകളാണ്. അത് ശബ്ദ മാധുരിയോടെ പാടുമ്പോള്‍ ആസ്വദിച്ചിരുന്നു പോവും കേള്‍വിക്കാര്‍.

ഒന്നോര്‍ത്തിട്ടെന്നപോലെ തമ്പായിയമ്മയുടെ കാലത്തെ വിവാഹത്തെക്കുറിച്ചു സൂചിപ്പിച്ചു.' അന്ന് 'പൊടമുറി കല്ല്യാണം' എന്നാണ് വിവാഹത്തിന് പറയാറ്. വിവാഹം കഴിക്കുന്ന വ്യക്തി  പെണ്ണിന്റെ വീട്ടിലേക്ക് വാല്യക്കാരുമായി  വരും. പന്തലിലിരുന്ന പെണ്ണിന്റെ മടിയിലേക്ക് രണ്ട് മൂന്ന് പുടവകളിടും. അതില്‍ നിന്ന് ഒന്നെടുത്ത് കല്ല്യാണചെക്കന്റെ കയ്യില്‍ കൊടുക്കും ചെറുക്കന്‍ അതു മുറിച്ച് പെണ്ണിന്റെ ചുമലിലേക്കിട്ടുകൊടുക്കും.അതോടെ പുടമുറി കല്യാണം കഴിയും'.

അക്കാര്യം ഇപ്പോഴും ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് ഉടനെ മറുപടി വന്നു. 'അതൊക്കെ മറക്കാന്‍ കയ്യൊ മാഷേ'?. അറുപത് കൊല്ലം മുമ്പ് എനിക്കു തന്ന പുടവ ഞാനിന്നും സുക്ഷിച്ചിട്ടുണ്ട് ഒരു നിധി പോലെ. ഇതു പറയുമ്പോള്‍ തമ്പായിയമ്മയുടെ മുഖത്തെ തിളക്കം കാണേണ്ടതു തന്നെ.

അന്ന് ദരിദ്ര കാലമല്ലേ. സ്വര്‍ണമൊന്നുമില്ല. അമ്മയ്ക്ക് പണിയെടുത്തു കിട്ടിയ നെല്ല് മെച്ചം വെച്ച് എനിക്ക് ഒരു പവന്റെ മാല വാങ്ങിത്തന്നു. അന്ന് പവന് മുപ്പതു രൂപയായിരുന്നു വില. ഇന്നത്തെ സ്വര്‍ണ വില പറഞ്ഞ് അവര്‍ ദീര്‍ഘശ്വാസം വലിച്ചു.

വിദ്യാഭ്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തമ്പായി അമ്മ വാചാലയായി. 'സ്‌ക്കൂളിന്റെ പടിവാതില്‍ ഞാന്‍ കണ്ടിട്ടില്ല. പണ്ട് എഴുത്തുകൂടില്‍ പോയി പൂഴിയില്‍ ഹരിശ്രീ.... എഴുതി പഠിച്ച ഓര്‍മ്മയുണ്ട്. അതൊക്കെ മറന്നുപോയി.ഇപ്പോള്‍. സര്‍ക്കാര്‍ തുടങ്ങിയ സാക്ഷരതാ ക്ലാസ്സില്‍ ചേര്‍ന്ന് പഠിച്ചു. ഏഴാം ക്ലാസ്സ് തുല്യതാ പരീക്ഷയും എഴുതിയിട്ടുണ്ട്.എന്റെ വീട്ടിനടുത്തുളള മോനാച്ച രാമകൃഷ്ണനും മറ്റും എന്നെ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്.ഇപ്പോള്‍ വായിക്കാനും  എഴുതാനുമൊക്കെ നന്നായിട്ടറിയാം.'

പുതിയ തലമുറക്കാരായ  ചെറുപ്പക്കാരോട് തമ്പായിയമ്മയ്ക്ക് എന്താണ് പറയാനുളളത്.? 'പഴയതൊന്നും മറക്കരുത് പഴമക്കാര്‍ പറയുന്നത് ശ്രദ്ധിക്കണം. അവരെങ്ങിനെ ജീവിച്ചു എന്നറിയണം. പ്രായമുളളവരെ ആദരിക്കണം. അവരെ സ്‌നേഹിക്കുകയും സഹായിക്കുകയും വേണം, അധ്വാനിക്കുകയും വേണം. രോഗം പിടിപെടാതിരിക്കാന്‍ അധ്വാനം നല്ലതാണ്.'

'ഞാന്‍ പണ്ടത്തെപോലെ തന്നെ ഇന്നും ഭക്ഷണം കഴിക്കുന്നു കുളുത്തും, ചോറും, കഞ്ഞിയുമാണ് മൂന്നു നേരത്തെ ഭക്ഷണം. എനക്ക് രണ്ട് ബറ്റ് തിന്നാലേ ഉഷാറ് വരൂ....''

''പച്ചക്കറിയെല്ലാം വീട്ടുപറമ്പില്‍ ഉണ്ടാക്കും. പശുവിനെ വളര്‍ത്താറുണ്ട് പീടികയില്‍ നിന്ന് ഉപ്പും, ഉളളിം, കടുകും മാത്രമേ വാങ്ങിക്കേണ്ടി വരാറുളളൂ. നാട്ടിലുളള എല്ലാ ചെറുപ്പക്കാരു ഇങ്ങിനെ പണിചെയ്ത് ഭക്ഷണം കഴിചാല്‍ ഇന്ന് പറയുന്ന ജീവിത ശൈലീ രോഗമൊന്നും നമ്മെ അലട്ടില്ല.'

'രണ്ടുമക്കളുണ്ടെനിക്ക്.... കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ജീവനക്കാരന്‍ ദിനേശനും വീട്ടമ്മയായ നളിനിയും. അവരുടെയും കൊച്ചുമക്കളുടെയും കൂടെ ഞാന്‍ സന്തോഷകരമായി ജീവിച്ചുവരുന്നു.'

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ ചക്കക്കുരു നുറുക്കുന്നതും മറ്റും എത്ര തന്മയത്വത്തോടെ ഇരുത്തം വന്ന നടിയെപോലെ തോന്നിക്കുന്ന ഭാവവും, സംസാരവും മനോഹരമായിട്ടുണ്ട്. പ്രസ്തുത സിനിമയില്‍ ചെറിയൊരു സീനേ ഉളളൂവെങ്കിലും നൂറ് ശതമാനം ഒറിജിനാലിറ്റിയുണ്ട്.

അഭിനയിച്ച നാലു സിനിമയിലും ചെറിയ റോളിലാണെങ്കിലും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ കുറച്ചുകൂടി ദൈര്‍ഘ്യമുളള അഭിനയമായിരുന്നു. അതിലെ ടൈലറായി അഭിനയിക്കുന്ന വ്യക്തി ഒളവീശി എന്ന് തെറ്റിപ്പറയുമ്പോള്‍ ഒളിവീശി എന്ന് തിരുത്തി പറഞ്ഞുകൊടുക്കുന്നതും. തുണി ഉടുക്കാതെ വരുന്ന ആന്‍ഡ്രോയിഡിനെ കണ്ടപ്പോള്‍ ഓനി തുണി ഉടുക്കാന്‍ കൊടുക്ക് ഉളുപ്പില്ലേ എന്ന സംഭാഷണവും തമ്പായിയമ്മ കലക്കിയിട്ടുണ്ട്.

നാട്ടിപ്പാട്ടിലൂടെ ശ്രദ്ധേയമായ തമ്പായിയമ്മയെ സിനിമയിലേക്ക് ക്ഷണിച്ചത് ബിലാത്തിക്കുഴല്‍ എന്ന സിനിമയുടെ സംവിധായകന്‍ ബിജു കോഴിച്ചാലാണ്. അത് തമ്പായിയമ്മ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു. ഇനിയും തമ്പായിയമ്മ ഉശിരോടെ സിനിമാ രംഗത്ത് മുന്നേറുന്നത് നമ്മുക്ക് കാണാം.

എനക്ക് മമ്മൂട്ടിന്റെ ഒപ്പരം അഭിനയിക്കണം

Keywords:  Article, Kookanam-Rahman, Cinema, Article about Thambai Amma by Kookkanam Rahman
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia