'എനിക്കും ഇങ്ങനെ ചെയ്യാന്‍ പറ്റ്വല്ലപ്പാ'

 


കൂക്കാനം റഹ് മാന്‍

(www.kvartha.com 27.03.2018) തലവാചകം കണ്ടിട്ട് പൊല്ലാപ്പാവേണ്ട. ഇത് കണ്ണൂര്‍ ഭാഷയാണ്. പറഞ്ഞതാരാണെന്നറിയോ? ഈ വര്‍ഷം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സ്‌നേഹയാണ്. 'ഈട' സിനിമയിലെ നായികനടി നിമിഷ സജയനുവേണ്ടിയാണ് സ്‌നേഹ ശബ്ദം നല്‍കിയത്. സ്‌നേഹയെ നാടകരംഗത്ത് വളര്‍ത്തിക്കൊണ്ടുവന്ന പ്രദീപ് മണ്ടൂര്‍ മാഷ് പറഞ്ഞിട്ടാണ് ഓഡീഷന് സ്‌നേഹ ചെന്നത്. 'ഒരുപാട് ആള്‍ക്കാര്‍ ഉണ്ടായിരുന്നു. പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ഓഡീഷന്‍ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ സെലക്ഷന്‍ എനിക്കാണെന്നറിഞ്ഞു. സന്തോഷമായി, ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായി എനിക്ക്'.

കലാരംഗത്തേക്ക് എത്തിപ്പെടാനുളള അനുഭവം സ്‌നേഹ അയവിറക്കിയതിങ്ങനെ; 'കൂക്കാനം ഗവ. യു.പി. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകരായ അച്ഛന്റെയും അമ്മയുടെയും കൂടെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന യുവജനോത്സവം കാണാന്‍ ചെന്നു. കലാമത്സര പരിപാടികളൊക്കെ ആസ്വദിക്കുകയായിരുന്നു ഞാന്‍. പരിപാടിയിലെ മോണോആക്ട് മത്സരം കണ്ടു. ചേട്ടന്മാരും ചേച്ചിമാരും അവതരിപ്പിക്കുന്ന മോണോആക്ട് മത്സരം കണ്ടപ്പോഴാണ് തോന്നിയത് എനിക്കും ഇങ്ങനെ ചെയ്യാന്‍ പറ്റ്വല്ലപ്പാ എന്ന്. വീട്ടിലെത്തിയ ഉടനെ മോണോആക്ട് കളി പൊടിപൊടിക്കാന്‍ തുടങ്ങി...' 'വീട്ടിലെ ശല്യം സഹിക്കാതായപ്പോള്‍ രക്ഷിതാക്കള്‍ എന്നെ നീലേശ്വരം ശശികുമാര്‍ സാറിന്റെ ശിക്ഷണത്തില്‍ പ്രസ്തുത കലയില്‍ അഭ്യസിക്കാന്‍ പറഞ്ഞയച്ചു. ഹൈസ്‌ക്കൂള്‍ പഠനകാലം മുതല്‍ മോണോആക്ടില്‍ ജില്ലാതലത്തില്‍ സമ്മാനം നേടാന്‍ തുടങ്ങി. യൂണിവേര്‍സിറ്റി കലോത്സവത്തിലും അത് തുടര്‍ന്നു. മോണോആക്ടില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞു എന്ന് ജഡ്ജ്‌മെന്റ് നടത്തിയവര്‍ അഭിപ്രായപ്പെട്ടു.

'എനിക്കും ഇങ്ങനെ ചെയ്യാന്‍ പറ്റ്വല്ലപ്പാ'

ആ കാലഘട്ടത്തില്‍ത്തന്നെ മൈമിംഗിലും, ഓട്ടന്‍തുളളലിലും ഒന്നാം സ്ഥാനക്കാരിയായി'. ഇത്തരം മേഖലകളിലൊക്കെ തകര്‍പ്പന്‍ വിജയം നേടാന്‍ കഴിഞ്ഞുവെങ്കിലും സ്‌നേഹ ഫോക്കസ് ചെയ്തത് നാടകത്തിലാണ്. ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 'ആവേ മരിയ' എന്ന ഏകപാത്രനാടകത്തിലൂടെ സ്‌നേഹ കാണികളുടെ ഇഷ്ട കലാകാരിയായി മാറുകയായിരുന്നു. കെ.ആര്‍. മീരയെഴുതിയ പ്രസ്തുത കഥ ഏകപാത്രനാടകമായി സംവിധാനം ചെയ്തത് പ്രതീപ് മണ്ടൂര്‍ ആണ്. പയ്യന്നൂര്‍ കോളജില്‍ പി.ജി.ക്ക് പഠിക്കുമ്പോള്‍ യൂണിവേര്‍സിറ്റി കലോത്സവത്തില്‍ മികച്ച നടിയായി സ്‌നേഹയെ തിരഞ്ഞെടുത്തിരുന്നു. 'അവര്‍' എന്ന പ്രസ്തുത നാടകം മികച്ച നാടകമായും തിരഞ്ഞെടുത്തു.

'ആദ്യാനുഭവമാണ് ഡബ്ബിംഗ്. കണ്ണൂര്‍ ഭാഷ കണ്ണൂര്‍ക്കാരിയായിരുന്നതിനാല്‍ പ്രശ്‌നമായിരുന്നില്ല. നാലു ദിവസമെടുത്തു ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍. നല്ല ടെന്‍ഷനുണ്ടായി. നന്നായിരുന്നോ പോരായിരുന്നോ എന്നൊരു സംശയം. സിനിമ റിലീസായതിനുശേഷം അത് കണ്ടു. സന്തോഷമായി. എനിക്ക് ഇങ്ങനെയൊക്കെ ആവുമെന്ന് സിനിമ കണ്ടപ്പോള്‍ തോന്നി. അഭിമാനമുണ്ടായി. പലരും വിളിച്ചുപറഞ്ഞപ്പോള്‍ അടക്കാന്‍ വയ്യാത്ത സന്തോഷം തോന്നി. പക്ഷേ ഇങ്ങനെയൊരവാര്‍ഡ് കിട്ടുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. അവാര്‍ഡ് ഉണ്ടെന്നറിഞ്ഞപ്പോള്‍ അഭിനന്ദനപ്രവാഹമായിരുന്നു'. കരിവെളളൂര്‍കാര്‍ ശരിക്കും ആഹ്ലാദിച്ചു, ഒരു ചലച്ചിത്ര അവാര്‍ഡ് കരിവെളളൂരിലെത്തിയെന്നറിഞ്ഞപ്പോള്‍. കൂട്ടത്തില്‍ കരിവെളളൂരിന്റെ മരുമകളായ സിതാരയ്ക്ക് മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്‌ക്കാരം ഈ വര്‍ഷവും ലഭിച്ചു. 'ഈട' സിനിമയിലെ നായികാ കഥാപാത്രമായ ഐശ്വര്യ(നിമിഷ സജയന്‍)പറഞ്ഞ തനി കണ്ണൂര്‍ ഭാഷ സിനിമ കണ്ടവരാരും മറക്കില്ല. മുംബൈക്കാരിയായ നടി നിമിഷയ്ക്കുവേണ്ടി അസലായി കണ്ണൂര്‍ ഭാഷ പറഞ്ഞത് സ്‌നേഹയാണ്. കഥാപാത്രത്തിന്റെ ആത്മാവ് മുഴുവന്‍ പകര്‍ത്തിവെച്ച ആ സംസാരത്തിന് അര്‍ഹമായ അംഗീകാരം ലഭിച്ചതില്‍ നാട്ടുകാരൊക്കെ അഭിമാനിക്കുകയും സന്തോഷിക്കുകയുമാണ്.

'എനിക്കും ഇങ്ങനെ ചെയ്യാന്‍ പറ്റ്വല്ലപ്പാ'

ഇനിയും ഈ കലാകാരിക്ക് ഒരുപാട് ഉയരെ പറക്കാന്‍ കഴിയട്ടെ എന്ന് നാട്ടുകാരെല്ലാം ആഗ്രഹിക്കുന്നു. അല്‍്പം വ്യക്തിപരമായ കാര്യങ്ങളും സ്‌നേഹയില്‍ നിന്ന് ചോദിച്ചറിഞ്ഞു. വിവാഹിതയാണ്. പരസ്പരം അറിഞ്ഞും, ആശയങ്ങളും അഭിലാഷങ്ങളും പങ്ക് വെച്ചും കുടുംബങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു വിവാഹം. ജീവിതം സേഫ് ആക്കുകയാണ് വിവാഹിതരാവുന്നവര്‍ ചെയ്യേണ്ടത്. പറ്റിയ ആളാണോ? തന്റെ പ്രൊഫഷണലിന് അനുകൂല നിലപാട് എടുക്കുന്ന വ്യക്തിയാണോ എന്നെല്ലാം പൂര്‍ണ്ണമായും തിരിച്ചറിയണം. അതെല്ലാം ഉള്‍ക്കൊണ്ടാണ് നവീണ്‍ കുമാറിനെ ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹിച്ചത്. ആഗ്രഹം സഫലീകരിച്ചിരിക്കുന്നു എന്ന കൃതാര്‍ത്ഥത എനിക്കുണ്ട്. സ്‌നേഹം ജീവിതത്തിലുടനീളം നിലനില്‍ക്കുമെന്ന വിശ്വാസവും ഞങ്ങള്‍ക്കിരുവര്‍ക്കുമുണ്ട്. സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാര നിര്‍ദേശങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ സ്‌നേഹയോട് ഇക്കാലത്തെ ന്യൂജെന്‍ പെണ്‍കുട്ടികളുടെ മനോഭാവത്തെക്കുറിച്ച് അന്വേഷിച്ചു. ചിന്തനീയമായ ചില വസ്തുതകളാണ് സ്‌നേഹ പങ്കിട്ടത്. 'പെണ്‍കുട്ടികള്‍ യുക്തിപൂര്‍വ്വം ചിന്തിക്കുന്നില്ല. ഇന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ പെണ്‍കുട്ടികള്‍ക്ക് ചില ലിമിറ്റേഷന്‍സ് ഉണ്ടെന്ന കാര്യം അംഗീകരിച്ചേ പറ്റൂ. ഓവര്‍ സ്മാര്‍ട്ട്‌നസ്സ് കാണിക്കുമ്പോഴാണ് അക്കിടി പറ്റുന്നത്. ആണ്‍പിള്ളേരെപ്പോലെ കളള് കുടിക്കാം, പുക വലിക്കാം, ഏത് സമയത്തും സ്വതന്ത്രമായി യാത്ര ചെയ്യാം എന്നുളള ബോധം പെണ്‍മനസ്സുകളില്‍ എത്തിപ്പെടുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുളളത്'.

മൊബൈല്‍ഫോണ്‍ ഒരു വില്ലന്‍ തന്നെയാണ്. അതിലേക്കെത്തുന്ന ഇന്‍ഫര്‍മേഷനുകള്‍ രക്ഷിതാക്കളുമായി ഷെയര്‍ ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവുന്നില്ല. വരുന്ന എല്ലാക്കാര്യങ്ങളും തുറന്ന മനസ്സോടെ പങ്ക് വെക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവണം. ഇന്നത്തെ ഭക്ഷണരീതിയിലൂടെ സംജാതമാകുന്ന ഊര്‍ജ്ജവും തിളപ്പിലുമാവാം അപ്പുറമിപ്പുറമാലോചിക്കാതെയുളള ഒളിച്ചോട്ടം തുടങ്ങിയ സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്. മാതാപിതാക്കള്‍ മക്കളോട് കാണിക്കുന്ന അമിതവാത്സല്യവും, അമിതവിശ്വാസവും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്. വീണ്ടും സ്‌നേഹയുടെ ഭാവിപരിപാടിയെക്കുറിച്ചന്വേഷിച്ചു. ഡബ്ബിംഗില്‍ വീണ്ടും കൂടുതല്‍ അവസരങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്നും, നാടകത്തോടാണ് കമ്പമെന്നും, സിനിമയില്‍ അവസരം കിട്ടിയാല്‍ ഇരുകൈയ്യുംനീട്ടി സ്വീകരിക്കുമെന്നും സ്‌നേഹ പറയുന്നു.

അവാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് വിവിധ പ്രോജക്ടുകളില്‍നിന്ന് ക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നു. കരിവെളളൂരിലെയും പരിസര പ്രദേശങ്ങളിലെയും ക്ലബ്ബുകളും, സ്ഥാപനങ്ങളും അനുമോദനച്ചടങ്ങുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അധ്യാപക ദമ്പതികളായ പത്മനാഭന്‍ മാഷിന്റെയും ജയന്തി ടീച്ചറുടെയും മൂത്തമകളായ സ്‌നേഹയ്ക്ക് അവരുടെ പാത തുടരാനും കൊതിയുണ്ട്. അതുകൊണ്ടാണ് ഫിസിക്‌സില്‍ പി.ജി. എടുത്ത സ്‌നേഹ ബി.എഡിന് പഠിച്ചുകൊണ്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookanam-Rahman, Award, Cinema, Sneha, Dubbing artist, Article about award winner Sneha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia