SWISS-TOWER 24/07/2023

ദിലീപിന്റെ പേരില്‍ അമ്മ പുകയുന്നു; കാത്തിരിക്കുന്നത് നേതൃമാറ്റമോ പിളര്‍പ്പോ?

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05/09/2017) നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു വേണ്ടി മലയാള സിനിമയിലെ വലിയൊരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ താര സംഘടനയായ അമ്മയില്‍ നേതൃമാറ്റത്തിനു കളമൊരുങ്ങി. അമ്മ നേതൃത്വം സ്വീകരിച്ച വീണ്ടുവിചാരമില്ലാത്ത നടപടികള്‍ ദിലീപിനെ കേസില്‍ ദോഷമായി ബാധിക്കുകയും മലയാള സിനിമക്കാകെ നാണക്കേട് വരുത്തുകയും ചെയ്തെന്നു വരുത്താനാണ് നീക്കം.

അതേസമയം, ആക്രമിക്കപ്പെട്ട നടിക്ക് ധാര്‍മിക പിന്തുണ നല്‍കുക എന്ന ഉത്തരവാദിത്തംകൂടിയാണ് തങ്ങള്‍ അമ്മയ്ക്കു വേണ്ടി നിര്‍വഹിച്ചതെന്നാണ് പ്രധാന ഭാരവാഹികളായ ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ നിലപാട്. മറുവശത്ത് ജയറാമും സിദ്ദീഖുമുള്‍പ്പെടെ നില്‍ക്കുമ്പോള്‍ പൃഥ്വിരാജും ആസിഫ് അലിയുമുള്‍പ്പെടെയുള്ള യുവ നിരയില്‍ വലിയൊരു വിഭാഗം ഇന്നസെന്റിനും മറ്റുമൊപ്പമാണ്.

ദിലീപിന്റെ പേരില്‍ അമ്മ പുകയുന്നു; കാത്തിരിക്കുന്നത് നേതൃമാറ്റമോ പിളര്‍പ്പോ?

നടിമാരിലുമുണ്ട് ചേരിതിരിവ്. മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട വിമന്‍ കളക്ടീവ് ഇന്‍ സിനിമയില്‍ ഉള്‍പ്പെട്ടവര്‍ മാത്രമാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നതെന്ന വിചിത്രമായ സ്ഥിതിയാണ്. മുതിര്‍ന്ന നടി കെപിഎസ് ലളിത ഉള്‍പ്പെടെയുള്ളവര്‍ ദിലീപിനു വേണ്ടി വാദിക്കുകയാണത്രേ. കേസില്‍ ദിലീപിനെ പെടുത്തിയതാണെന്ന വാദമാണ് ഈ പക്ഷത്തിന്റേത്. എന്നാല്‍ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ദിലീപാണെന്ന പോലീസ് ഭാഷ്യം വിശ്വസിക്കാനേ നിര്‍വാഹമുള്ളുവെന്നാണ് മറുപക്ഷം പറയുന്നത്.

ദിലീപിനെപ്പോലെയൊരു സെലിബ്രിറ്റിയെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ പോലീസ് അറസ്റ്റ് ചെയ്യുമെന്നും കോടതി പോലീസ് വാദമുഖങ്ങള്‍ സ്വീകരിച്ച് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുമെന്നും വിശ്വസിക്കാന്‍ അവര്‍ തയ്യാറല്ല. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിന്റെ പിറ്റേന്നു ചേര്‍ന്ന അമ്മ ജനറല്‍ബോഡി യോഗം ദിലീപിനെ അന്ധമായി പിന്തുണച്ചതും വാര്‍ത്താ സമ്മേളനത്തില്‍ അമ്മ ഭാരവാഹികള്‍ അപഹാസ്യരായതും പിന്നീട് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ പൊടുന്നനെ അടിയന്തര നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് ദിലീപിനെ ഒറ്റയടിക്ക് പുറത്താക്കിയതും നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന വിമര്‍ശനമാണ് സിദ്ദീഖും മറ്റും ഇപ്പോള്‍ ഉയര്‍ത്തുന്നത്. ദിലീപിനെതിരേ കോടതി വിധി വരുന്നതു വരെ സംഘടനയില്‍ നിന്നു മാറ്റി നിര്‍ത്തുന്നതു പോലുളള തീരുമാനമായിരുന്നു വേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ദിലീപിനെ പ്രാഥമികാംഗത്വത്തിലേക്ക് തിരിച്ചെടുക്കണമെന്നും കേസിന്റെ വിധിയനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നേക്കും. എന്നാല്‍ അത്തരമൊരു തീരുമാനം ദിലീപിനെ പുറത്താക്കിയ തീരുമാനമെടുത്ത ഇന്നസെന്റിനും മമ്മൂട്ടിക്കും മോഹന്‍ലാലിനും മറ്റും അപമാനകരമായതിനാല്‍ അവരത് അംഗീകരിക്കാനിടയില്ല. ഇതോടെ പിളര്‍പ്പോ നേതൃമാറ്റമോ ഉണ്ടാകുമെന്ന പ്രതീതി ശക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Case, Cinema, Dileep, Police, Arrest, Court, News, Kerala, Amma is in dilemma on Dileep issue, Leadership change is on air.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia