താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് അമ്മ നിര്‍ബന്ധിക്കില്ല; പുതിയ സിനിമകളില്‍ അഭിനയിക്കുന്നത് തടയില്ല, നിര്‍മാതാക്കള്‍ക്കും ചേമ്പറിനും തിരിച്ചടി

 


തിരുവനന്തപുരം:(www.kvartha.com 15.07.2020) കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ മലയാള സിനിമയെ രക്ഷിക്കാന്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം അമ്മ പൂര്‍ണമായും അംഗീകരിച്ചില്ല. പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യവുമായി സഹകരിക്കണമെന്ന് പറഞ്ഞ് അംഗങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അതിന്റെ കോപ്പി നിര്‍മാതാക്കളുടെ സംഘടനയ്ക്കും അയയ്ച്ചിട്ടുണ്ടെന്നും ജനറല്‍സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രതിഫലം നിര്‍മാതാവും ആര്‍ട്ടിസ്റ്റും തമ്മില്‍ തീരുമാനിക്കുന്ന കാര്യമാണ്. ആര്‍ട്ടിസ്റ്റുകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അമ്മയ്ക്ക് അതില്‍ ഇടപെടാനാകില്ല. നിലവിലെ സാഹചര്യത്തില്‍ സഹകരിക്കണം എന്ന് പറയുവാന്‍ മാത്രമേ കഴിയൂ എന്നും ഇടവേളബാബു പറഞ്ഞു.

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് അമ്മ നിര്‍ബന്ധിക്കില്ല; പുതിയ സിനിമകളില്‍ അഭിനയിക്കുന്നത് തടയില്ല, നിര്‍മാതാക്കള്‍ക്കും ചേമ്പറിനും തിരിച്ചടി

പുതിയ സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്ന് ആരേയും തടയാനാകില്ലെന്നാണ് സംഘടനയുടെ തീരുമാനമെന്നും ഇടവേളബാബു പറഞ്ഞു. തൊഴിലെടുക്കുന്നത് തടയാനാകില്ല. മാസങ്ങളായി പലരും ജോലിയില്ലാതെ ഇരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ നിര്‍മാണത്തിലുള്ള 66 സിനിമകളുടെ റിലീസിന് ശേഷമേ പുതിയ സിനിമകള്‍ തിയേറ്ററുകളില്‍ എത്തിക്കാവൂ എന്ന് മറ്റ് സംഘടനകള്‍ തീരുമാനിച്ചാല്‍ അതുമായി സഹകരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു. തങ്ങളോട് ആലോചിക്കാതെ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ഏകപക്ഷീയമായി നിലപാടെടുത്തത് അമ്മ ഭാരവാഹികള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. തുടര്‍ന്ന് നിര്‍മാതാക്കള്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.

സാങ്കേതികവിദഗ്ധരുടെ ഉള്‍പ്പെടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് ഫെഫ്ക ആദ്യമേ നിലപാട് വ്യക്തമാക്കിയിരുന്നു. യുവ ആര്‍ട്ടിസ്റ്റുകളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുത്തനെ ഉയര്‍ത്തുന്നു എന്ന പരാതി നിര്‍മാതാക്കള്‍ക്കുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് തടയിടാനാണ് നിര്‍മാതാക്കളുടെ നീക്കം. പ്രിയദര്‍ശന്‍ ഒപ്പത്തിന് 60 ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങിയത്. പുതുതലമുറയിലെ പലരും ഇതിലേറെയാണ് പ്രതിഫലം കൈപ്പറ്റുന്നതെന്ന് മുതിര്‍ന്ന നിര്‍മാതാവ് സുരേഷ്‌കുമാര്‍ ചൂണ്ടിക്കാണിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്. അതേസമയം പല നിര്‍മാതാക്കളും പ്രതിഫലം പൂര്‍ണമായും കൃത്യമായും നല്‍കാറില്ലെന്ന പരാതി കാലങ്ങളായി പലരും ഉന്നയിക്കുന്നുണ്ട്.

സിനിമകളുടെ രീതിയും ഡേറ്റും ഉള്‍പ്പെടെ പലകാര്യങ്ങള്‍ പരിഗണിച്ചാണ് താരങ്ങള്‍ പ്രതിഫലം കൈപ്പറ്റുന്നത്. ദിവസവും ഒന്നരലക്ഷം രൂപ വരെ വാങ്ങിക്കുന്ന കോമഡി താരങ്ങളുണ്ട്. ചെറിയ സിനിമകള്‍ക്ക് പ്രതിഫലം കുറയ്ക്കുകയും വലിയ സിനിമകള്‍ക്കും പുതിയ നിര്‍മാതാക്കളുടെ സിനിമകള്‍ക്കും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുമുണ്ട്. മാര്‍ക്കറ്റുള്ള താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുമെന്ന് തോന്നുന്നില്ലെന്ന് ഒരു പ്രൊഡക്ഷന്‍ കോണ്‍ട്രോളര്‍ പറഞ്ഞു. രണ്ട് കോടിയില്‍ താഴെ മുതല്‍മുടക്കുള്ള സിനിമകള്‍ മതിയെന്ന നിര്‍മാതാക്കളുടെ വാദവും നിലനില്‍ക്കില്ല. മമ്മൂട്ടിയും മോഹന്‍ലാലും പ്രൃഥ്വിരാജും ഒക്കെ രണ്ട് കോടിയിലധികമാണ് പ്രതിഫലം വാങ്ങുന്നത്. അല്ലെങ്കില്‍ അവരുടെ സിനിമകള്‍ അവര്‍ തന്നെ നിര്‍മിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Keywords: AMMA, Producers Association, Mohanlal, Edavela Babu, Salary cut, Production, Mammotty, Prithviraj, Circular, Sureshkumar, AMMA does not compel artists to cut salary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia