Review | എആർഎം - അജയൻ്റെ രണ്ടാം മോഷണം; ടോവിനോ വീണ്ടും മാസ് റോളിൽ തിളങ്ങുമെന്ന് കാണിച്ച് തന്നു
● കാലത്തിന്റെ ചക്രത്തിലൂടെ സഞ്ചരിക്കുന്ന ഒരു കഥ.
● ചിത്രത്തിന്റെ ദൃശ്യങ്ങളും ആക്ഷൻ സീനുകളും പ്രേക്ഷകരെ അമ്പരപ്പിക്കും.
● ചിത്രം 4 ഭാഷകളിലായി റിലീസ് ചെയ്തിരിക്കുന്നു.
● ടോവിനോയുടെ അൻപതാം ചിത്രമാണ്.
(KVARTHA) ജിതിൻ ലാലിന്റെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായ ചിത്രം എആർഎം - അജയൻ്റെ രണ്ടാം മോഷണം തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. 3ഡി വേർഷനിലും 2 ഡി വേർഷനിലും ഈ സിനിമ കാണാനാവും. ഏതാണ്ട് 4 ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഈ സിനിമയിൽ തൻ്റെ 3 കഥാപാത്രങ്ങൾ 3 രീതിയിൽ തന്നെ ടോവിനോ ഭംഗിയായി ചെയ്ത് വച്ചിട്ടുണ്ട്. പ്രപഞ്ചത്തിൽ മൂന്ന് ഗണങ്ങളുണ്ട് എന്ന് പറഞ്ഞ് വയ്ക്കുന്ന കഥയിൽ ദേവ ഗണം, അസുര ഗണം, മനുഷ്യ ഗണം എന്നിങ്ങനെ മൂന്ന് ഗണങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജനിക്കുന്ന നായക വേഷമാണ് ടോവിനോ ചെയ്തിരിക്കുന്നത്.
കേളു, മണിയൻ, അജയൻ എന്നീ മൂന്ന് വേഷങ്ങളിലൂടെ അവതരിപ്പിക്കുന്ന മൂന്ന് കഥാപാത്രങ്ങളെയും ടോവിനോ ഗംഭീരമാക്കിയിട്ടുണ്ട്. ആദ്യ പകുതിയിൽ കഥാപാത്രത്തിൻ്റെ ഡീറ്റൈലിങ് ആണ് കൂടുതലും. വളരെ മികച്ച രീതിയിൽ എടുത്തു വച്ചിട്ടുണ്ട്. മികച്ച ആദ്യ പകുതി അതുപോലെ സെക്കന്റ് ഹാഫ്. ആദ്യത്തെത്തിനെ അപേക്ഷിച്ചു കൂടുതൽ എൻഗേജിംഗ് ആയി കണ്ടിരിക്കാൻ പറ്റും. 3 കാലഘട്ടം അവതരിപ്പിക്കുന്ന സിനിമയിൽ, സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ കണ്ടിരിക്കുന്ന മേക്കിങ്, ടോവിനോ പെർഫോമൻസ് ആണ് പോസ്റ്റിറ്റീവ്.
കളരി പയറ്റും, ആക്ഷൻ രംഗങ്ങളിലും താരം നന്നായി പണി എടുത്തിട്ടുണ്ട്. ചെറിയ ബജറ്റിൽ ഒരു ബ്രഹ്മാണ്ഡലെവൽ മേക്കിങ് നടത്തിയ സിനിമയിൽ പക്ഷേ തിരക്കഥ അതിന് ഒത്ത് സ്ട്രോങ്ങ് ആയില്ല എന്നാണ് തോന്നിയത്. മൂന്ന് മണിക്കൂർ ഉള്ള സിനിമയിൽ ലാഗ് അടിക്കാതെ നമ്മൾ കണ്ട് ഇരിക്കുമ്പോഴും എവിടേയും ഒന്ന് കയ്യടിക്കാനോ, ഗൂസ്ബംബ്സ് സീനോ നൽകാൻ സിനിമക്ക് കഴിഞ്ഞില്ല. അത് കൂടി ഉണ്ടായിരുന്നു എങ്കിൽ ഈ സിനിമ വേറെ ലെവൽ ആയേനെ. ലാലേട്ടന്റെ നരേഷനിൽ പടം തുടങ്ങി ഒരു ചിത്രകഥ ഒക്കെ വായിക്കുന്ന ടൈപ്പിൽ ആണ് പടം.
പുതുമുഖ സംവിധായകനെ പോലെ അല്ല ജിതിൻ ലാ പടം ഒരുക്കിയത് എന്ന് പ്രത്യേകം എടുത്തു പറയേണ്ടി വരും. നല്ലപോലെ ടെക്നിക്കലി കൃത്യമായ പാഠത്തോടെ ആണ് പടത്തിനെ മേക്ക് ചെയ്തിട്ടുള്ളത്. ചിയോതികാവ് എന്ന സ്ഥലത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ഒരു അമർ ചിത്രകഥ പോലെ കണ്ടിരിക്കാം. വീരനായകനായ കുഞ്ഞിക്കേളുവിന്റെ ഐതിഹാസിക കഥകളിലെ തുടര്‍ച്ച മണിയനെന്ന കള്ളനിലേക്കാണ്. മണിയന്റെ പേരക്കുട്ടി അജയനിലേക്കും കള്ളന്റെ കഥയുടെ പാരമ്പര്യം ചേര്‍ത്തുവയ്ക്കപ്പെടുന്നു.
ചിയോതിക്കാവിലെ വിളക്ക് കട്ട മണിയന്റെ തുടര്‍ച്ചകളിലുള്ളവര്‍ക്കും ആ മുറ്റത്തേയ്ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു. കുഞ്ഞിക്കേളുവിന്റെയും മണിയന്റെയും ജീവിതത്തി്നറെ തുടര്‍ച്ചകള്‍ കഥയില്‍ എങ്ങനെയാണ് അജയനിലേക്ക് ചേര്‍ക്കപ്പെടുന്നത് എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. മിന്നൽ മുരളി ആണെങ്കിലും അജയന്റെ രണ്ടാം മോഷണം ആണെങ്കിലും ഇതിലും പെർഫെക്ട് ആയി ചെയ്യാൻ ടോവിനോ അല്ലാതെ വേറെ ഓപ്ഷൻ നിലവിൽ ഇല്ല. ഒരേ സമയം ഫിസിക്കലി ഇത്രേം ഫിറ്റും അഭിനയിക്കാനുള്ള കഴിവും അജയൻ ആയും, മണിയൻ ആയും കേളു ആയും പെർഫെക്ട് ആക്കാൻ ടോവിനോയെ നന്നായി ഹെല്പ് ചെയ്തിട്ടുണ്ട്. കേളു ആയി വരുന്ന സീനിൽ എല്ലാം എന്ത് മാൻലി ആയിരുന്നു, നടത്തത്തിൽ പോലും ഒരു യോദ്ധാവ് ആണെന്ന ഗാംഭീര്യം ഉണ്ട്.
എ ആർ എം - അജയന്റെ രണ്ടാം മോഷണം, ടോവിനോടെ കരിയറിലെ ഏറ്റവും വലിയ പടം (30 കോടി) എന്ന് ഒറ്റവാക്കിൽ പറയാം. ടോവിനോ തോമസിൻ്റെ അൻപതാം ചിത്രം കൂടിയാണ് ഈ സിനിമ. ടോവിനോയെക്കൂടാതെ സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവരൊക്കെയാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. സുരഭി എന്ന നടിയുടെ പെർഫോമൻസും എടുത്ത് പറയണം. രണ്ട് നായിക കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് കൃതിയും സുരഭിയും. കൃതി - ടോവിനോ കോമ്പോയും സൂപ്പർ.
ഈ സിനിമയുടെ ഏറ്റവും വലിയ കരുത്ത് അതിന്റെ അതിമനോഹരമായ ദൃശ്യഭാഷയാണ്. പടത്തിന്റെ ഓരോ ഫ്രെയിമും കണ്ണിന് ഒരു വിരുന്നാണ്. ബിജിഎം, 3ഡി എഫക്‌ട്‌സ്, വിഷ്വൽസ് എല്ലാം അതിസുന്ദരമായി ഒരുമിച്ച് ചേർന്നപ്പോൾ ഒരു മികച്ച ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. പ്രത്യേകിച്ചും, ആക്ഷൻ സീനുകൾ എടുത്തുപറയേണ്ടതാണ്. അവ അത്രയ്ക്ക് റിയലിസ്റ്റിക് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മ്യൂസിക് മാത്രമാണ് അല്പം പോരായ്മ തോന്നിയത്. അജയന്റ രണ്ടാം മോഷണം മികച്ചൊരു സിനിമാ കാഴ്ചയാക്കുന്നത് ജോമോൻ ടി ജോണിന്റെ ദൃശ്യങ്ങളുടെ സമ്പന്നതയാലുമാണ്. രാത്രിയും ഫാന്റസിയും വെളിച്ചവുമൊക്കെ പ്രമേയത്തിനൊത്ത് ദൃശ്യ പൊലിമയായൊരുക്കുന്നുണ്ട് ജോമോൻ ടി ജോണ്‍.
ധിബു നിനാൻ തോമസിന്റെ പാട്ടുകളുടെ സംഗീതവും പശ്ചാത്തലത്തിന്റെ താളവുമൊക്കെ ഒരു വേറിട്ട സിനിമ അനുഭവമാക്കുന്നുണ്ട് അജയന്റെ രണ്ടാം മോഷണത്തെ. ഷമീര്‍ മുഹമ്മദിന്റെ കൃത്യവും ചടുലവുമാര്‍ന്ന കട്ടുകളും മിഴിവേകുന്നു. ഒരു മുത്തശ്ശിക്കഥ, അത് കാണുന്ന പ്രേക്ഷകനെ മൊത്തത്തിൽ പിടിച്ചിരുത്താൻ പടത്തിനായിട്ടുണ്ട്. ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ ഒതുക്കാവുന്നതല്ല ഇതിന്റെ സബ്ജെക്ട്. ഒരു ഗ്ലോബൽ കോൺടെന്റ് ആണ്. മാത്രവുമല്ല എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്'.
നല്ലൊരു വിഷ്വൽ ട്രീറ്റ് ആണ് സിനിമ നൽകുന്നത്. സോഷ്യൽ മീഡിയയിലെ കീറി മുറിച്ചുള്ള റിവ്യൂ കണ്ട് ഈ സിനിമ നിങ്ങൾ ഒരിക്കലും തിയേറ്ററിൽ മിസ്സ് ചെയ്യരുത്. ഫാമിലി ആയി വല്ലപ്പോഴും തിയേറ്ററിൽ ഒക്കെ പോയി പടം കാണുന്നവർക്ക് ഒക്കെ പക്കാ ട്രീറ്റ് ആണ് പടം. തീർച്ചയായും തിയേറ്ററിൽ കണ്ടിരിക്കേണ്ട പടം. 3ഡിയിൽ കാണാൻ ശ്രമിക്കുക. മൊത്തത്തിൽ കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് ആണ് പടം.