'എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്കിത് ചെയ്യണമായിരുന്നു, അതു ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം?'; 2 കോടിയുടെ ഫേസ്‌ക്രീം പരസ്യം നിരസിച്ചതിനെ കുറിച്ച് സായ് പല്ലവി
Dec 12, 2020, 15:51 IST
ചെന്നൈ: (www.kvartha.com 12.12.2020) പ്രേമം എന്ന മലയാള സിനിമയിലൂടെ ആരാധകരെ കൈയിലെടുത്ത് സിനിമാലോകത്ത് ചുവടുറപ്പിച്ച നടിയാണ് സായ് പല്ലവി. ഇതിനിടെ 2 കോടി രൂപയുടെ ഫേസ്‌ക്രീം പരസ്യം താരം നിരസിച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ബോളിവുഡ് ഹംഗാമ എന്ന ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്.
പ്രേമം സിനിമ തന്ന ആത്മവിശ്വാസം ആണിതെന്നും ഒരുകാലത്ത് താനും ഫേസ്‌ക്രീമുകള്‍ ഉപയോഗിച്ചിരുന്നെന്നും പറയുകയാണ് സായ് പല്ലവി. പ്രേമത്തിന് മുന്‍പ് മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകള്‍ താനും പരീക്ഷിച്ചിട്ടുണ്ട്. വീടിന് പുറത്തു പോകാന്‍ പോലും മടിയായിരുന്നു. താന്‍ വീട്ടില്‍ തന്നെ ഇരിക്കുമായിരുന്നെന്നും സായ് പറയുന്നു.
എന്റെ വിചാരം ആളുകള്‍ എന്റെ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കുക.. എന്റെ കണ്ണില്‍ നോക്കി സംസാരിക്കില്ല. അങ്ങനെ ഗുരുതരമായ പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ പ്രേമത്തിനു ശേഷം ആളുകള്‍ എന്നെ മുഖക്കുരുവുള്ള മുഖത്തോടെ സ്വീകരിച്ചു. അവര്‍ക്ക് എന്നെ കൂടുതല്‍ ഇഷ്ടമായി. കൗമാരപ്രായത്തിലുള്ള കുട്ടികളെ ആ കഥാപാത്രം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അത് എന്നെ കൂടുതല്‍ കരുത്തയാക്കി.
'അവര്‍ക്കൊപ്പം നില്‍ക്കണമെന്ന് എനിക്ക് തോന്നി. മറ്റാര്‍ക്കും വേണ്ടിയല്ല... എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്കിത് ചെയ്യണമായിരുന്നു. അതു ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം? അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു' സായ് പറയുന്നു.
എന്റെ വീട്ടില്‍ പോലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നേക്കാളും ഡാര്‍ക്ക് ആണ് എന്റെ അനുജത്തി. അവള്‍ ചില പച്ചക്കറി കഴിക്കാതിരിക്കുമ്പോള്‍ അമ്മ പറയും, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കില്‍ ഇതെല്ലാം കഴിക്കണമെന്ന്. ഇഷ്ടമല്ലെങ്കിലും അവള്‍ അതെല്ലാം കഴിക്കും. ഇതെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്. നിറത്തിന്റെ പേരില്‍ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട് എന്നും സായ് പറഞ്ഞു.
Keywords: News, National, India, Actress, Cinema, Entertainment, Actress Sai Pallavi Confirms She Rejected Fairness Ad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.