നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ നടന്‍ ദിലീപ് സുപ്രീം കോടതിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 05.12.2020) നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ നടന്‍ ദിലീപ് സുപ്രീം കോടതിയില്‍. തന്റെ വാദം കേള്‍ക്കാതെ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പറയരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് തടസ ഹര്‍ജി ഫയല്‍ ചെയ്തു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റരുതെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

അഭിഭാഷക രഞ്ജീത റോത്തഗിയാണ് ദിലീപിന്റെ തടസ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായേക്കും. വിചാരണ കോടതി ജഡ്ജിയെ ഇപ്പോള്‍ മാറ്റിയാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് ദിലീപുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ നിലപാട്. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതാണെന്നും അതിനാല്‍ ജഡ്ജിയെ മാറ്റിയാല്‍ ഈ പ്രക്രിയ വീണ്ടും നടത്തേണ്ടി വരുമെന്നും ദിലീപിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും.  നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ നടന്‍ ദിലീപ് സുപ്രീം കോടതിയില്‍

കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29 ന് ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് മെയ് 29 നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ കേസുമായി ബന്ധപെട്ട് ചില ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നതിനാല്‍ അന്തിമ വിചാരണ ആരംഭിക്കുന്നത് വൈകി.

ഇതിനിടെ വിചാരണ നടപടികള്‍ മെയ് 29നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഏപ്രില്‍ 30 ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് ഹൈകോടതിക്ക് കത്ത് നല്‍കി. ഈ ആവശ്യം പരിഗണിച്ച കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരി 2021 വരെ സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു.

കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയെ സമീപിച്ചതായി പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് വിചാരണക്കോടതി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

നിലവിലുള്ള ജഡ്ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാന്‍ ആവശ്യമായ കാരണങ്ങള്‍ ബോധിപ്പിക്കാനായിട്ടില്ലെന്നു പറഞ്ഞാണ് നേരത്തെ സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഇരയെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗത്തു നിന്ന് ഉണ്ടായിട്ടും കോടതി ഇടപെട്ടിട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അവഗണിച്ചെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കോടതി മാറ്റാന്‍ സര്‍ക്കാരും ഇരയും പറയുന്ന കാരണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ ഹര്‍ജി തള്ളിയത്.

നടിയെ ഇരുപതിലേറെ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. ഇത് രഹസ്യവിചാരണ എന്നതിന്റെ അന്തസത്ത തകര്‍ക്കുന്നതായി. പ്രതി ദിലീപ്, നടി മഞ്ജു വാര്യരെ മകള്‍ വഴി മൊഴി മാറ്റിപ്പറയാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കോടതിയില്‍ അറിയിച്ചിട്ടും അതു രേഖപ്പെടുത്തിയില്ല തുടങ്ങി നിരവധി ആരോപണങ്ങള്‍ വിചാരണ കോടതിക്കെതിരേ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ക്രിസ്തുമസ് അവധിക്ക് കോടതി അടയ്ക്കുന്ന ഡിസംബര്‍ 18 ന് മുമ്പ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Keywords:  Actress Attack Case: Dileep Moves Supreme Court, New Delhi, News, Cinema, Actress, Attack, Dileep, Supreme Court of India, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia