Kodiyeri | നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പരാതി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് വന്നത് സംശയകരം: കോടിയേരി
May 24, 2022, 18:16 IST
കൊച്ചി: (www.kvartha.com) നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പരാതി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു മുന്‍പു വന്നത് സംശയകരമെന്നു സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍.
അതിജീവിതയ്‌ക്കൊപ്പം അന്നു മുതല്‍ ഇന്നു വരെ ഇടതു സര്‍കാര്‍ നില്‍ക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ അതിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപക്ഷത്തിന് എതിരായ ആക്ഷേപക്ഷങ്ങള്‍ക്ക് അടിസ്ഥാനമില്ല. അങ്ങനെ ഉണ്ടെങ്കില്‍ കോടതിയില്‍ സമര്‍പിക്കട്ടെ, കോടതി തന്നെ പരിശോധിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞതിനെ പിന്തുണച്ചാണ് കോടിയേരി നിലപാടു വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസ് ഉണ്ടായപ്പോള്‍തന്നെ കാര്‍കശ്യത്തോടെയാണ് സര്‍കാര്‍ പ്രശ്‌നം കൈകാര്യം ചെയ്തത്. അതിജീവിതയ്ക്കു നീതി കിട്ടുന്നതിനായി നിശ്ചയദാര്‍ഢ്യത്തോടെ ഇടപെട്ട സര്‍കാരാണ് ഇത്. അതില്‍ വളരെ പ്രമുഖനായ വ്യക്തി ഉള്‍പെടെ അറസ്റ്റിലായി. യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ അങ്ങനെ ഒരാളെ അറസ്റ്റു ചെയ്യുമായിരുന്നോ എന്നു ചോദിച്ച അദ്ദേഹം, എല്‍ഡിഎഫ് സര്‍കാരായതിനാലാണ് അറസ്റ്റു നടന്നതെന്നും പറഞ്ഞു.
യുഡിഎഫ് എല്ലാക്കാലത്തും ഇത്തരം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എറണാകുളത്ത് പ്രതിയുമായി ബന്ധമുള്ളത് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ അതിജീവിതയെ പങ്കെടുപ്പിച്ച് മുഖ്യാതിഥിയാക്കിയ സര്‍കാരാണ് ഇത്. അവര്‍ക്കൊപ്പമാണ് സര്‍കാരെന്നു വ്യക്തമാക്കിയിട്ടുള്ളതുമാണ്. അഭിഭാഷകരെ ചോദ്യം ചെയ്യണോ വേണ്ടയോ എന്നെല്ലാം അന്വേഷണ സംഘമാണ് തീരുമാനിക്കുന്നത്.
അഭിഭാഷകര്‍ക്ക് എല്ലാ രാഷ്ട്രീയക്കാരുമായും ബന്ധം കാണും. പക്ഷേ ഇത്തരം കാര്യങ്ങള്‍ നിയമപരമായി പരിശോധിച്ച ശേഷമാണ് ചെയ്യുക. അതിജീവിതയ്ക്ക് അനുകൂലമായ തീരുമാനങ്ങളാണ് സര്‍കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. പ്രത്യേക വിചാരണ കോടതിയെ നിശ്ചയിക്കാനുള്ള ഇടപെടല്‍ സര്‍കാരിന്റെ ഭാഗത്തു നിന്നുണ്ടായി. ഇത് ഹൈകോടതി അംഗീകരിക്കുകയായിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് ഉയര്‍ന്നു വന്നതെന്നും കോടിയേരി പറഞ്ഞു.
ആ കേസാണ് നടിയെ ആക്രമിച്ച കേസിന്റെ ഗതി തന്നെ മാറ്റി മറിച്ചത്. അല്ലെങ്കില്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ട സമയം കഴിഞ്ഞു. ആ കേസില്‍ ഇപ്പോള്‍ അന്വേഷണം തുടരുകയാണ്. ഈ കേസില്‍ സര്‍കാര്‍ പൂര്‍ണമായും പാര്‍ടിയും അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പരസ്യമായി പ്രഖ്യാപിക്കുന്നു.
അതിജീവിതയ്ക്കു വേണ്ട എല്ലാ സംരക്ഷണവും സര്‍കാരും പാര്‍ടിയും നല്‍കും. ഇല്ലെന്ന തരത്തിലുള്ള ഒരു ആരോപണവും ഏല്‍ക്കാന്‍ പോകുന്നില്ല. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ഉയര്‍ന്ന ആരോപണം വസ്തുതകള്‍ അറിയുന്നവര്‍ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.
Keywords: Actress assault case: Kodiyeri questions timing of survivor's plea against Kerala government, Kochi, News, Kodiyeri Balakrishnan, Criticism, Actress, Complaint, Kerala, Politics, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.