SWISS-TOWER 24/07/2023

17മണിക്കൂര്‍ പിന്നിട്ടു; കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പര്‍താരം വിജയ്യെ ചോദ്യംചെയ്യുന്നത് തുടരുന്നു; കണക്കുകളില്‍ വൈരുധ്യമെന്ന് ആദായനികുതി വകുപ്പ്: രാഷ്ട്രീയ പകപോക്കലെന്ന് ആരാധകര്‍; സംയമനം പാലിക്കാന്‍ നിര്‍ദേശം

 


ചെന്നൈ: (www.kvartha.com 06.02.2020) ബുധനാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പര്‍താരം വിജയ്യെ ചോദ്യംചെയ്യുന്നത് തുടരുന്നു. ചെന്നൈയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് 17 മണിക്കൂര്‍ പിന്നിട്ടു. ദീപാവലിക്കു റിലീസ് ചെയ്ത 'ബിഗില്‍' എന്ന സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ചോദ്യം ചെയ്യല്‍.

നിര്‍മാതാക്കളുടെ കണക്കും വിജയ്‌യുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുധ്യമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.

17മണിക്കൂര്‍ പിന്നിട്ടു; കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പര്‍താരം വിജയ്യെ ചോദ്യംചെയ്യുന്നത് തുടരുന്നു; കണക്കുകളില്‍ വൈരുധ്യമെന്ന് ആദായനികുതി വകുപ്പ്: രാഷ്ട്രീയ പകപോക്കലെന്ന് ആരാധകര്‍; സംയമനം പാലിക്കാന്‍ നിര്‍ദേശം

തമിഴ് വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ എ ജി എസ് സിനിമാസ് ആണ് ബിഗിലിന്റെ നിര്‍മാതാക്കള്‍. 180 കോടി രൂപ മുതല്‍മുടക്കുള്ള ചിത്രത്തിലെ അഭിനയത്തിന് വിജയ് കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചും ചിത്രത്തിന്റെ ലാഭവിഹിതം വിജയ്ക്കു ലഭിച്ചോ എന്നതിനെക്കുറിച്ചും ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.

വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നെയ്വേലിയിലെ ചിത്രീകരണ സ്ഥലത്തുനിന്നു വിജയ് സ്വന്തം വാഹനത്തില്‍ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ചെന്നൈ ഇസിആര്‍ പനയൂരിലെ വീട്ടിലെത്തുകയായിരുന്നു.

മര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ തുടങ്ങി സര്‍ക്കാരുകള്‍ക്കെതിരായ രാഷ്ട്രീയം പറയുന്ന സിനിമകള്‍ വഴി സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ രൂക്ഷമായ ആക്രമണം നേരിടുന്ന നടനാണ് വിജയ്. ബിഗിലില്‍ കൈപറ്റിയ പ്രതിഫലക്കണക്കുകളില്‍ സംശയമുണ്ടെന്ന് ആരോപിച്ചാണു ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയോടെ നടനെ കസ്റ്റഡിയിലെടുത്തത്.

'ബിഗില്‍' സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ഓഫീസുകളില്‍ പുലര്‍ച്ചെ മുതല്‍ നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചായിരുന്നു നടപടി. കണക്കില്‍പെടാത്ത 25 കോടി രൂപയും രേഖകളും പിടിച്ചെന്നാണു പുറത്തുവരുന്ന വിവരം.

താരത്തിന് നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിനു പകരം കടലൂര്‍ നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ പരിസരത്തെ സെറ്റില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിളിച്ചുകൊണ്ടുപോകുകയായിരുന്നു. നിര്‍മാതാവ് കല്‍പാത്തി അഘോരത്തിന്റെ വസതി, ഓഫീസ്, നഗരത്തിനകത്തും പുറത്തുമുള്ള തിയറ്ററുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

അതേസമയം നടനെതിരെ കേസില്ലെന്നും നിര്‍മാതാക്കളുമായി ബന്ധപ്പെട്ടവരെയാണു ചോദ്യം ചെയ്യുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പുറത്തിറങ്ങിയ വിജയ് സിനിമകളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഏറെയുണ്ടായിരുന്നതിനാല്‍ രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം ആരാധകര്‍ ഉന്നയിക്കുന്നു.

അതേസമയം, ഇതുസംബന്ധിച്ച് പ്രതിഷേധിക്കുന്ന ആരാധകര്‍ സംയമനം പാലിക്കണമെന്നു വിജയ് ഫാന്‍സ് അസോസിയേഷന്‍ വ്യക്തമാക്കി. ആദായനികുതി വകുപ്പ് വിജയ്‌യെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണു നിര്‍ദേശവുമായി ഫാന്‍സ് അസോസിയേഷന്‍ രംഗത്തുവന്നത്. ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലുമായി നിരവധി പേരാണു താരത്തിനു പിന്തുണയുമായെത്തിയത്.

പല സിനിമകളുടെയും റിലീസ് കോടതി കയറുകയും ചില സംഭാഷണങ്ങള്‍ നീക്കുകയും ചെയ്തിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി, തമിഴ്‌നാട്ടിലെ സൗജന്യ പദ്ധതികള്‍, ഫ് ളെക്‌സ് തലയില്‍ വീണു യുവതി മരിച്ച സംഭവം ഉള്‍പ്പെടെയുള്ളവ സിനിമകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഇതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും രംഗത്തെത്തിയിരുന്നു. രണ്ടുവര്‍ഷം മുന്‍പും ആദായ നികുതി വകുപ്പ് വിജയ്‌യുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ 'പുലി' സിനിമയുടെ കണക്കുകളില്‍ ക്രമക്കേടുണ്ട് എന്നാരോപിച്ചായിരുന്നു അത്. എന്നാല്‍ പിന്നീട് താരത്തിന് ആദായനികുതി വകുപ്പ് ക്ലീന്‍ചിറ്റ് നല്‍കി.

എ ജി എസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ചെന്നൈയില്‍ വിവിധ സ്ഥലങ്ങളിലായുള്ള ഇരുപത് ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച റെയ്ഡും നടത്തി. ചലച്ചിത്ര നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന മധുരയിലെ അന്‍പു ചെഴിയനെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് വിവരം.

Keywords:  Actor Vijay Questioned By Income Tax Department Over Tax Evasion Case, Chennai, News, Cinema, Custody, Actor, Trending, Social Network, Vehicles, Allegation, Corruption, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia