2026ലെ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് എത്തുമോ? നടന്റെയും ഉപദേഷ്ടാവായി പ്രശാന്ത് കിഷോറിന്റെയും ചിത്രങ്ങള്‍ ഉള്‍പെടുത്തി മധുരൈ നഗരത്തില്‍ വ്യാപക പോസ്റ്റര്‍, യാഥാര്‍ഥ്യമെന്ത്
Mar 25, 2022, 08:13 IST
ചെന്നൈ: (www.kvartha.com 25.03.2022) രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നടന്‍ വിജയുമായി രഹസ്യമായി ചര്‍ച നടത്തി എന്നൊരു വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ പ്രചരിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച നടത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവരുടെ വിജയങ്ങള്‍ക്ക് പിന്നിലെല്ലാം പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അദ്ദേഹം വിജയുമായി ചര്‍ച നടത്തി എന്ന വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്. എന്നാല്‍, വിജയുമായി ബന്ധമുള്ളവര്‍ വാര്‍ത്ത നിഷേധിച്ചു.
എന്നാലിപ്പോള്‍ വിജയുടെയും പ്രശാന്ത് കിഷോറിന്റെയും ചിത്രങ്ങള്‍ ഉള്‍പെടുത്തി തമിഴ്നാട്ടില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മധുരൈയിലാണ് പോസ്റ്ററുകള്‍. 2026ല്‍ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് എത്തുമെന്നും ഉപദേഷ്ടാവായി പ്രശാന്ത് കിഷോര്‍ ഉണ്ടാകുമെന്നും പോസ്റ്ററില്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, ഇരുവരുടെയും ചിത്രങ്ങളും പോസ്റ്ററില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങണം എന്ന് ആഗ്രഹിക്കുന്ന ആരോ ഒപ്പിച്ച പണിയാണ് ഈ പോസ്റ്ററെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. യാഥാര്‍ഥ്യവുമായി ഈ പോസ്റ്ററിന് ബന്ധമുണ്ടോ എന്ന കാര്യം അവ്യക്തമാണെങ്കിലും വിജയ് രാഷ്ട്രീയത്തിലിറങ്ങണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ തമിഴ്‌നാട്ടിലുണ്ട് എന്നതാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ 10 വര്‍ഷം തമിഴ്‌നാട് ഭരിച്ച ജയലളിതയുടെ അണ്ണാഡിഎംകെ ഇക്കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങി. എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ വലിയ വിജയം നേടുകയും ചെയ്തു. ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തി തമിഴ്‌നാട്ടില്‍ നിറയുകയാണ് സ്റ്റാലിന്‍. അതിനിടെയാണ് വിജയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പ്രചാരണം.
സിനിമാ രംഗത്ത് നിന്ന് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എത്തുകയും തിളങ്ങുകയും ചെയ്തവര്‍ ഏറെയാണ്. എംജിആര്‍, ജയലളിത, വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങി നിരവധി പേരാണ് സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തിയത്. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം തന്നെ പിന്നീട് പിന്‍മാറി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.