Kunchacko Boban | 'ന്നാ താന്‍ കേസ് കൊട്' സിനിമയിലെ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി നടന്‍ കുഞ്ചാകോ ബോബന്‍; വിമര്‍ശനങ്ങള്‍ കാര്യങ്ങള്‍ ശരിയായി മനസിലാക്കാതെ

 


കൊച്ചി: (www.kvartha.com) കുഞ്ചാകോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമ തിയേറ്ററുകളില്‍ റിലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ചയാകുകയാണ് സിനിമയുടേതായി വന്ന പത്രപരസ്യം. 

'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് പരസ്യവാചകം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച കൊഴുക്കുകയാണ്.

Kunchacko Boban | 'ന്നാ താന്‍ കേസ് കൊട്' സിനിമയിലെ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി നടന്‍ കുഞ്ചാകോ ബോബന്‍; വിമര്‍ശനങ്ങള്‍ കാര്യങ്ങള്‍ ശരിയായി മനസിലാക്കാതെ

കേരളത്തിലെ റോഡുകളിലെ കുഴികളെക്കുറിച്ച് വലിയ തോതില്‍ വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം ചര്‍ചയായി മാറുന്നത്. ഇതോടെ റിലീസിനെത്തിയ ചിത്രം കനത്ത സൈബര്‍ അറ്റാകാണ് നേരിടുന്നത്. സിനിമയുടെ പ്രമേയവുമായി ബന്ധമുള്ളതുകൊണ്ടാണ് ഈ വാചകം ചേര്‍ത്തിരിക്കുന്നതെന്ന വിശദീകരണങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ചേര്‍ത്തുവച്ച് ചിത്രം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമാവുമായി ചിലര്‍ രംഗത്ത് വന്നിരിക്കുകയാണ്.

ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് പോസ്റ്ററില്‍ ഈ വാചകം ചേര്‍ത്തിരിക്കുന്നത്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ആന്റണി സ്റ്റീഫനാണ്. കുഞ്ചാകോ ബോബന്‍ തന്റെ ഫേസ്ബുക് പേജില്‍ ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനു താഴെയും സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും ട്രോളുകളുമാണ് വരുന്നത്.

ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പരസ്യവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എത്തിയിരിക്കയാണ് ചിത്രത്തിലെ നായകന്‍ കുഞ്ചാകോ.

കേരളത്തിലെ സര്‍കാരിനെതിരെയായിരുന്നില്ല സിനിമയുടെ പരസ്യമെന്നാണ് താരം പറയുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നതെന്നും മാറി മാറി വരുന്ന രാഷ്ട്രീയക്കാര്‍ക്ക് സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും കുഞ്ചാകോ ബോബന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് അറിയില്ല. ഇതിലെ നല്ലത് എന്താണെന്ന് കണ്ട് മനസ്സിലാക്കുക.

'ഞാന്‍ ആസ്വദിച്ച പരസ്യമാണത്. സിനിമ കണ്ട് കഴിയുമ്പോള്‍ ആ പരസ്യം മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് കുറച്ച് കൂടി വ്യക്തമാകും. ആളുകള്‍ക്കും അത് റിലേറ്റ് ചെയ്യുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ കണ്ട് എനിക്കും മനസ്സിലായത്. ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം. കുഴിയൊരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കും എന്ന് നര്‍മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.

നമ്മള്‍ എത്ര മര്യാദയ്ക്ക് ഓടിച്ചാലും കുഴിയില്‍ വീണാല്‍, കൂടെ ഇരിക്കുന്നവര്‍ പറയും മര്യാദയ്ക്ക് ഓടിക്കാന്‍. അല്ലാതെ ഇത്രയും ദൂരം നന്നായി ഓടിച്ചതിനെക്കുറിച്ച് അവര്‍ പറയില്ല. ചിത്രത്തിന്റെ കഥ വര്‍ഷങ്ങള്‍ക്കു മുമ്പേ സംഭവിച്ചതാണ്. അല്ലാതെ ഇന്നത്തെ സാഹചര്യം കൊണ്ട് മനഃപൂര്‍വം സംഭവിച്ചതല്ല. സ്വാഭാവികമായി സംഭവിച്ച കാര്യങ്ങളാണ്. ഈ സിനിമയുടെ മൂലകഥ തന്നെ തമിഴ്‌നാട്ടില്‍ നടന്ന സംഭവമാണ്. അതും തമിഴ്‌നാട്ടിലെ കുഴി കൊണ്ടുണ്ടാകുന്ന പ്രശ്‌നം.

ഇനി തമിഴ്‌നാട് സര്‍കാരിനെതിരെയാണ് ഈ സിനിമയെന്ന് പറയുമോ? ഞാനെന്നും നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളാണ്. വിവാദങ്ങളുടെ ആവശ്യമില്ലെന്നാണ് എനിക്ക് പറയാനുള്ളതെന്നും ചാകോച്ചന്‍ വ്യക്തമാക്കി.

Keywords: Actor Kunchacko Boban response for Nna Thaan case Kodu movie controversy, Kochi, Cinema, Cine Actor, Kunjacko Boban, Theater, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia