ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചലച്ചിത്ര നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു
Feb 17, 2022, 08:10 IST
കോട്ടയം: (www.kvartha.com 17.02.2022) ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടന്‍ കോട്ടയം പ്രദീപ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കോട്ടയത്ത് വച്ച് വ്യാഴാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്. 60 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്.
സിനിമ പശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയില്‍ എത്തിയത്. കോട്ടയത്ത് തിരുവാതുക്കല്‍ ആണ് പ്രദീപ് ജനിച്ചത്. പഠത്തിന് ശേഷം മൂന്നാലു വര്‍ഷം സഹോദരിയുടെ മെഡികല്‍ ഷോപ് നോക്കി നടത്തി. പിന്നെ എല്‍ഐസിയില്‍ അസിസ്റ്റന്റായി ജോലി കിട്ടി. അടുത്ത വര്‍ഷം കല്യാണവും കഴിച്ചു. അതിനു ശേഷം ജൂനിയര്‍ ആര്‍ടിസ്റ്റ് ആയിട്ടാണ് 'സിനിമാ ജീവിതം' തുടങ്ങുന്നത്. സുഹൃത്ത് ആര്‍ടിസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ റഫീഖാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു.
ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ചലച്ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്.
ഭാര്യ മായ. മകന്‍ വിഷ്ണു ഫാഷന്‍ ഡിസൈനര്‍ ആണ്. മകള്‍ വൃന്ദ ബി.ടെക് കംപ്യൂടര്‍ എന്‍ജിനീയറിങ് കഴിഞ്ഞ് കെഎസ്ആര്‍ടിസി അകൗണ്ട്‌സ് സെക്ഷനില്‍ ജോലി ചെയ്യുന്നു.
കോട്ടയം പ്രദീപിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ചലച്ചിത്ര നടൻ കോട്ടയം പ്രദീപിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹം. കുടുംബത്തെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.